സ്വന്തം ലേഖകൻ
കോഴിക്കോട്: സർക്കാർ സ്കുളിനെ സ്വന്തം വീടാക്കി കൊണ്ടുനടക്കുകയാണ് ഈ അധ്യാപകൻ. വിദ്യാർഥികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ഇദ്ദേഹം അധ്യാപകർക്കിടയിലെ സ്വർണത്തിളക്കമാകുകയാണ്.സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പൽ എന്ന് പറയുന്പോൾ പലരുടെയും മനസിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ രൂപമാണ്. ഭയങ്കര കണിശക്കാരനായ, കുട്ടികൾക്കെല്ലാം പേടിയുള്ള ഒരു മാഷ്. എന്നാൽ ഇങ്ങനെയുള്ള മാഷുമാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് നാദാപുരത്തിനടുത്തെ എരമല ഓർക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസ് സ്കൂളിലെ പ്രിൻസിപ്പൽ രഞ്ജിത്ത്. കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടയാൾ.
കണ്ണൂർ ജില്ലയിലെ എരുവട്ടി സ്വദേശിയായ മാഷിന്റെ കുടുംബവും വാസസ്ഥലവുമെല്ലാം താൻ ജോലി ചെയ്യുന്ന സ്കൂൾ തന്നെയാണ്. സ്കൂളിലെ ലൈബ്രറിയുടെ ഒരു മൂലയിൽ തറയിലാണ് ഉറക്കം. ഇരുപത്തിഎട്ട് വർഷത്തെ ശീലത്തിലൂടെ പുരാതനകാലത്തെ ഗുരുകുല സന്പ്രദായത്തിന്റെ മഹിമയെ മാഷ് നമുക്ക് കാണിച്ച് തരുന്നു. മാറ്റങ്ങൾ കൊണ്ടുവരണമെന്ന പറയുകയല്ല ചെയ്തുകാണിക്കുകയാണ് ഈ അധ്യാപകൻ. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം എടുത്ത മാഷ് ജോലി ആരംഭിക്കുന്നത് ഒരു എൽപി സ്കൂൾ അധ്യാപകനായിട്ടാണ്. ഏതൊരു സ്കൂളിൽ എത്തിയാലും ആ സ്കൂളിനെ കുറിച്ചൊരു പഠനം തയാറാക്കുകയാണ് മാഷിന്റെ രീതി. അതിനുശേഷം വിദ്യാർഥികൾക്കിടയിലേക്ക് ഇറങ്ങിചെല്ലും. അവരിലൊരാളായി.
ഓർക്കാട്ടേരി സ്കുളിൽ മാഷ് രണ്ടാംതവണ സേവനം ആരംഭിച്ചിട്ട് രണ്ട് മാസം തികയുന്നതേ ഉള്ളൂ. എന്നാൽ ഈ കാലയളലിൽ തന്നെ വലിയ മാറ്റങ്ങൾ ആ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചുകൊണ്ടുമുള്ള പഠനരീതിയാണ് മാഷിന്റെത്. നിലവിൽ 43 വൃക്ഷങ്ങൾ സ്കൂൾ പരിസരത്തുണ്ട്. ഇവയിൽ പലതും 2003 ൽ ഈ സ്കൂളിൽ പഠിപ്പിച്ചപ്പോൾ മാഷിന്റെ നേതൃത്വത്തിൽ നട്ടതാണ്.
സ്കൂളിൽ മാത്രമല്ല വീട്ടിലും ഉണ്ട് കൃഷി. കൃഷി മാത്രമല്ല. വിദേശ ആശയമായ ടാലന്റ് ലാബും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പഠന വിഷയങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്. പരീക്ഷകളേക്കാൾ പരീക്ഷണങ്ങളാണ് പ്രധാനം എന്ന് മാഷ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അധ്യാപക ദന്പതിമാരായ ആർ.കെ.ഗോവിന്ദൻ മാഷിന്റെയും ജാനകി അമ്മയുടേയും മകനായ ഇദ്ദേഹത്തിന് അധ്യാപകരുടെ പ്രിയപ്പെട്ട ശിഷ്യനാകാൻ കഴിഞ്ഞിരുന്നില്ല.
പുസ്തകങ്ങൾ മാത്രമല്ല ചൂലും മാഷിന് പഠന വസ്തുവാണ്.ഓരോ ദിവസവും ആരംഭിക്കുന്നത് ഇത് ഉപയോഗിച്ചു പരിസരം വൃത്തിയാക്കികൊണ്ടാണ്. ഇതിനായി രണ്ട് വലിയ ചൂലുകളും മാഷ് വാങ്ങി വച്ചിട്ടുണ്ട്. പ്രവർത്തനത്തിലൂടെയാണ് അധ്യാപകർ കുട്ടികൾക്ക് മാതൃകയാകേണ്ടത് എന്നതാണ് മാഷിന്റെ പോളിസി. അധ്യാപകർ എങ്ങനെ പെരുമാറുന്നോ അതാണ് കുട്ടികൾ തിരിച്ച് നൽകുന്നത്.
മാഷ് കുട്ടികളെ ഒരിക്കൽ പോലും ശാസിച്ചിട്ടില്ല.അതിനെ നല്ലൊരു പഠനരീതിയായും ഇദ്ദേഹം കാണുന്നില്ല. അധ്യാപകർ തല്ലി പഠിപ്പിച്ചതുകൊണ്ടാണ് വിദ്യാർഥികൾ നന്നായത് എന്ന പലരുടെയും വാദം അവരുടെ തെറ്റിദ്ധാരണയാണ്. എന്നാൽ പഴകിപതിഞ്ഞ ആ ചിന്തയെ മാറ്റാൻ സാധിക്കില്ല.കുട്ടികളെ മാറ്റിയെടുക്കാം എന്നാൽ മുതിർന്നവരെ മാറ്റിയെടുക്കാൻ സാധിക്കില്ലെന്നും’ മാഷ് പറയുന്നു.
നിലവിലുള്ള വിദ്യാഭാസ സംന്പ്രദായത്തെക്കുറിച്ച് മാഷിന് വലിയ മതിപ്പില്ല.ഇന്നത്തെ വിദ്യാഭ്യാസം കുട്ടികളുടെ ഓർമയെ മാത്രമാണ് പരിപോഷിപ്പിക്കുന്നത്. ഒന്നാം റാങ്കും എ പ്ലസിലും ഒതുങ്ങിപ്പോവുകയാണ് പലരും… അദ്ദേഹം പരിതപിക്കുന്നു.
മലയോര മേഖലകളിലാണ് മാഷിന്റെ പ്രവർത്തനങ്ങളിൽ കൂടുതലും. പിന്നോക്കം നിൽക്കുന്നവിദ്യാർഥികളെയും അതിലൂടെ അവരുടെ കുടംബത്തെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം. കോഴിക്കോട്ടെ പന്നൂർ ഹയർസെക്കൻഡറി സ്കൂളിലും മാഷ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.