പാറ്റ്ന: ബിഹാറില്‍ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സ്കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് രണ്ട് അധ്യാപികമാര്‍. പാറ്റ്നയിലാണു സംഭവം.
പ്രധാനാധ്യാപിക കാന്തികുമാരിയെ അനിതാകുമാരിയും മറ്റൊരു അധ്യാപികയും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സ്കൂള്‍ മുറിയിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
വാക്കുതര്‍ക്കത്തിനു പിന്നാലെ കാന്തികുമാരി ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കിറങ്ങി. പിന്നാലെവന്ന അനിതാകുമാരി ഇവരെ ചെരിപ്പുകൊണ്ട് അടിച്ചു.
തൊട്ടുപിന്നാലെയെത്തിയ മറ്റൊരു അധ്യാപികയും സംഘടനത്തില്‍ പങ്കുചേര്‍ന്നതോടെ സംഭവം കൂട്ടത്തല്ലായി മാറി. കാന്തികുമാരിയെ ഇവര്‍ നിലത്തു മറിച്ചിട്ടു ചെരിപ്പിന് അടിക്കുകയും ശരീരത്തില്‍ ഇടിക്കുകയും ചെയ്തു. ഈ സമയം വിദ്യാര്‍ഥികള്‍ സമീപമുണ്ടായിരുന്നു.
ഈ അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മില്‍ വഴക്കു നിലനിന്നിരുന്നതായി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ നരേഷ് പറഞ്ഞു. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.