തല മാറട്ടെ ! തലമാറ്റിവയ്ക്കല്‍ വിജയകരമായി പരീക്ഷിച്ചെന്ന് ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍; ആദ്യ പരീക്ഷണം മൃതദേഹത്തില്‍

 

വിവാദ കഥാപാത്രമായ ഇറ്റാലിയന്‍ ന്യൂറോ സര്‍ജന്‍ സെര്‍ജിയോ കനാവെറോ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന അവകാശവാദവുമായി രംഗത്ത്. ചൈനയില്‍ രണ്ടു മൃതദേഹങ്ങളുടെ തലകള്‍ മാറ്റിവച്ചെന്നാണ് പറയുന്നത്. തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

ഒരു ജഡത്തില്‍നിന്നു തല എടുത്ത് മറ്റൊരു ജഡത്തില്‍ തുന്നിച്ചേര്‍ത്തു. നട്ടെല്ല്, സുഷുമ്‌നാകാണ്ഡം, സിരകള്‍, ഞരന്പുകള്‍ എന്നിവയെല്ലാം കൂട്ടിപ്പിടിപ്പിച്ചു എന്നാണു പറയുന്നത്. 18 മണിക്കൂര്‍ എടുത്തുവത്രേ പ്രക്രിയ. ഇനി ജീവനുള്ളവരില്‍ ഈ ശസ്ത്രക്രിയ നടത്തും. കഴുത്തിനു കീഴോട്ടു തളര്‍ന്നുപോയ ആളിലാകും ആദ്യപരീക്ഷണം.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അനുവാദം ലഭിക്കാത്തതുകൊണ്ടാണ് ചൈനയില്‍ പോയതെന്ന് കനാവെറോ പറഞ്ഞു. ജീവനുള്ളവരിലെ ശസ്ത്രക്രിയയും ചൈനയിലാണു നടത്തുക. ശസ്ത്രക്രിയ നടന്നതിനെപ്പറ്റിയുള്ള പ്രബന്ധം താമസിയാതെ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

യഥാര്‍ഥത്തില്‍ ശിരസല്ല സുഷുമ്‌നാകാണ്ഡമാണ് കൂട്ടിപ്പിടിപ്പിക്കുന്നത് എന്നു കനാവെറോ വിശദീകരിച്ചു. പോളി എത്തിലീന്‍ ഗ്ലൈക്കോള്‍ (പിഇജി) ഉപയോഗിച്ചാണ് സുഷുമ്‌നാകാണ്ഡത്തിലെ തന്തുക്കള്‍ ഒട്ടിച്ചുചേര്‍ക്കുന്നത്. കോശങ്ങളെ ഒന്നിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു രാസവസ്തുവാണ് പിഇജി.

കനാവെറോ നേരത്തേ നായകളിലും എലികളിലും ഇതു നടത്തിയെന്ന് അവകാശപ്പെട്ട് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ശാസ്ത്രലോകം ഈ അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. എലിയിലെ പരീക്ഷണത്തെപ്പറ്റിയുള്ള പ്രബന്ധം പ്രസിദ്ധീകരിച്ച മാസിക വിശ്വാസയോഗ്യതയില്ലാത്തതാണെന്നു പറയപ്പെടുന്നു. രണ്ടു തലയുള്ള എലിയെ ഉണ്ടാക്കിയെന്നാണ് ആ പ്രബന്ധത്തില്‍ അവകാശപ്പെട്ടത്.

Related posts