മൈഗ്രേൻ ചികിത്സയിലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു രണ്ടാമത്തെ ഘടകം.
പ്രകൃതിവഴി
മൈഗ്രേൻ തടയാനായി പ്രകൃതിപരമായ സവിശേഷചികിത്സാ രീതികളുണ്ട്.
1. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.
2. നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും.
മസാജ്
3. സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും.
മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്.
ആവി
4. ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്.
5. ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ തടവുന്നത് തലവേദന കുറയ്ക്കാൻ ഉപയുക്തമാകും.
6. ചില തലവേദനകൾ കുറയ്ക്കാൻ ശിരോവസ്തിയാണു ചികിത്സ.
ഇഞ്ചിനീര്
7. ഇഞ്ചിനീര് മൈഗ്രേൻ കുറയ്ക്കാൻ ഏറെ പ്രയോനപ്പെടും.
8. കഴുത്തിലെയും തോളിലെയും പേശികൾ അയയ്ക്കാനുതകുന്ന വിവിധ വ്യായാമ മുറകൾ പരിശീലിക്കുക.
9. ഗ്രീൻ ടീ കുടിക്കുക.
കൃത്യനിഷ്ഠ
10. കൃത്യമായ ജീവിതശൈലി സ്വായത്തമാക്കുക, ദിനചര്യകൾ നടത്തുന്ന കാര്യത്തിലും, ഭക്ഷണ ശീലത്തിലും, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തിലും കൃത്യനിഷ്ഠയുണ്ടായിരിക്കുക.
സ്വയംചികിത്സ വേണ്ട
അടുത്തത് ഒൗഷധസേവയാണ്. സ്വയം ചികിത്സകനായി വേദനസംഹാരികളിൽ അഭയം തേടാതെ വിദഗ്ധരെ സമീപിച്ചു കൃത്യമായ മരുന്നുകൾ കഴിക്കുക.
മൈഗ്രേൻ പിടിയിലൊതുക്കാനും ഭാവിയിൽ വരുന്നതു തടയുവാനുള്ള നിരവധി മരുന്നുകൾ വിപണിയിൽ സുലഭമാണ്. അവ ഓരോരുത്തരുടെ ആരോഗ്യനിലവാരമനുസരിച്ച് ഡോക്ടർ നിർദേശിക്കുന്നമാതിരി കൃത്യതയോടെ സേവിക്കുക മാത്രമാണ് രോഗി ചെയ്യേണ്ടതും.
ഡോക്ടറുടെ അനുവാദം കൂടാതെ…
ഡോക്ടറുടെ അനുവാദം കൂടാതെ ഒരിക്കലും പ്രൊഫിലാക്റ്റിക് മരുന്നുകൾ നിർത്തരുത്. മാസത്തിൽ മൂന്നോ നാലോ തവണ മൈഗ്രേൻ വരുന്ന പ്രകൃതമാണെങ്കിൽ വരാതിരിക്കാനുള്ള പ്രോഫിലാക്റ്റിക് മരുന്നുകൾ കഴിക്കണം. ബീറ്റാബ്ലോക്കേഴ്സ്, വാൽ പ്രൊയേറ്റ്, ടോപിറാമേറ്റ്, അമിട്രിപ്റ്റിലിൻ, ഫ്ളൂനാറിസിൽ എന്നീ മരുന്നുകൾ മൈഗ്രേൻ തടയും.
തലവേദന കലശലാകുന്ന അവസരത്തിൽ പാരസെറ്റമോൾ, ആസ്പിരിൻ, ട്രിപ്റ്റാൻസ്, എർഗോട്ടമിൻ തുടങ്ങി നിരവധി മരുന്നുകൾ ഇപ്പോൾ സുലഭമാണ്. ഓരോരുത്തർക്കും ചേർന്ന മരുന്നുകൾ ഡോക്ടർ തെരഞ്ഞെടുത്തു നിർദേശിക്കുന്നു.