തലവേദന ഒരു പ്രശ്നമാകുന്നവരിൽ പകുതിയിൽ കൂടുതൽ പേരിലും തലവേദനയ്ക്ക് കാരണമാകുന്നത് മാനസിക സംഘർഷമാണ്. ഇങ്ങനെയുള്ളവരിൽ ഒരു മരുന്നും ഫലപ്രദമായി കാണാറില്ല.
കുറച്ചെങ്കിലും പ്രയോജനം ലഭിക്കുന്നതായി കാണാറുള്ളത് പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ ചെറിയ മാത്രയിൽ കൊടുക്കുന്ന അവസരങ്ങളിൽ മാത്രമാണ്. ഇങ്ങനെയുള്ള മരുന്നുകൾ തലവേദനയുടെ അടിസ്ഥാന കാരണങ്ങൾക്ക് പ്രതിവിധി ആകുന്നില്ല. അവയെല്ലാം തൽക്കാലശാന്തിക്കു മാത്രം സഹായിക്കുന്നവയാണ്.
വേദനകളുടെ ലിസ്റ്റ്!
മാനസിക സംഘർഷം കാരണം നീണ്ട കാലമായി തലവേദന അനുഭവിക്കുന്നവരിൽ ചികിത്സയുടെ ഒപ്പം മന:ശാസ്ത്ര സമീപനം കൂടി സ്വീകരിക്കുകയാണ് എങ്കിൽ തലവേദനയിൽ നിന്നുള്ള മോചനം എളുപ്പം സാധ്യമാകുന്നതായിരിക്കും.
താഴെ പറയുന്ന കാര്യങ്ങൾ ശീലിക്കുന്നവരിൽചിലപ്പോൾ തലവേദന കുറയാവുന്നതാണ്.
• പതിവായി ചെയ്തുവരുന്ന അധ്വാനം അൽപം കുറയ്ക്കുക
• വിശ്രമിക്കാനായി കുറച്ച് സമയം ദിവസവും കണ്ടെത്തുക
• ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും പെർഫെക്ട് ആയി തന്നെ ചെയ്ത് തീർക്കണം എന്ന പിടിവാശി ഉണ്ടെങ്കിൽ അത് നല്ലതല്ല എന്ന് അറിയുക.
മാനസിക സംഘർഷംമൂലം നീണ്ട കാലമായി തലവേദനയുമായി നടക്കുന്നവർ, പതിവായി അവർ കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ ഓരോന്നായി ഒരു പട്ടികയായി എഴുതി വെയ്ക്കുക. ഏത് കാര്യം ചെയ്യുമ്പോഴാണു തലവേദന ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ അതു സഹായിക്കും.
തലവേദനയ്ക്കു മുന്നേ
മൈഗ്രേൻ തലവേദന അനുഭവിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ പറയുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സംഖ്യ ഇരട്ടിയാണ് എന്നാണ്. മൈഗ്രേൻ അനുഭവിക്കുന്ന കുറെ പേർക്ക് തലവേദന വരുന്നതിന് മുൻപായി കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാകുന്നതാണ്.
മൈഗ്രേൻ അതിന്റെ മൂർധന്യാവസ്ഥയിൽ ആകുമ്പോൾ രോഗികളിൽ മനംപുരട്ടലും ഛർദ്ദിയും ഉണ്ടാകുന്നതാണ്. മൈഗ്രേൻ തലവേദനയുടെ കാരണമായി പലരും പല കാര്യങ്ങളും പറയാറുണ്ട്.
വികാരങ്ങൾ അടിച്ചമർത്തുന്പോൾ
വ്യക്തിത്വ പ്രശ്നങ്ങളും വ്യക്തികൾ അനുഭവിക്കുന്ന മാനസിക സംഘർഷവൂം മൈഗ്രേൻ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് എന്നാണ് കൂടുതൽ പേരും കരുതുന്നത്. വലിയ വലിയ മോഹങ്ങൾ, പരുക്കൻ സ്വഭാവം, സഹിഷ്ണുത കുറവായിരിക്കുക, ശത്രുതാ മനോഭാവം, വികാരങ്ങൾ അടിച്ചമർത്തി വെയ്ക്കുക എന്നി സ്വഭാവങ്ങൾ ഉള്ളവരിൽ മൈഗ്രേൻ തലവേദന കാണാനുള്ള സാധ്യത കൂടുതൽ ആയിരിക്കും എന്ന് പറയാറുണ്ട്.
മൈഗ്രേൻ തലവേദന അനുഭവിക്കുന്നവരിൽ കൂടുതൽ പേരിലും അൻപത് വയസ്സ് ആകുന്നതോടെ പ്രശ്നം തനിയെ മാറാറുണ്ട്.
അലർജി
അലർജി മൂലം ഉണ്ടാകുന്ന തലവേദനകൾ ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ കഴിയാതെ വരാറുണ്ട്. ചില പ്രത്യേക കാലാവസ്ഥയിലോ നീണ്ടുനിൽക്കുന്ന മൂക്കടപ്പ്, ചർമ്മരോഗങ്ങൾ, വിട്ടുമാറാത്ത ജലദോഷം എന്നിവ ഉള്ളവരിലോ തലവേദന ഉണ്ടാകുമ്പോൾ അലർജി കാരണമാണോ എന്ന് സംശയിക്കാവുന്നതാണ്.
കണ്ണുകളിൽ
കണ്ണുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഫലമായും കുറേ പേരിൽ തലവേദന ഉണ്ടാകാറുണ്ട്. ശരിയായ കാഴ്ച ലഭിക്കുന്നതിന് യോജിച്ച കണ്ണട ഉപയോഗിക്കുകയും കണ്ണുകൾക്ക് ഡോക്ടർ പറഞ്ഞ് തരുന്ന വ്യായാമങ്ങൾ ശീലിക്കുകയും ചെയ്താൽ ഇങ്ങനെയുള്ള തലവേദന മാറുന്നതാണ്.
തലവേദന അനുഭവിക്കുന്നത് ഏത് പ്രായക്കാരായാലും ശരിയായ രീതിയിലുള്ള രോഗനിർണയവും രോഗശമനത്തിന് സഹായിക്കുന്ന ചികിത്സയും ഇപ്പോൾ നിലവിലുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393