അനുദിന ജീവിത ചര്യകളിൽ മുഴുവനും താളപ്പിഴകൾ വരുത്താൻ കാരണമായി മാറുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തലവേദന.
ആർക്കെങ്കിലും എപ്പോഴെങ്കിലും തലവേദന അനുഭവിക്കേണ്ടി വന്നിട്ടില്ല എങ്കിൽ അവർ വലിയ ഭാഗ്യവാന്മാർ ആണ്.
തല പൊട്ടി പിളരുന്നത് പോലെയോ തലയിലേയ്ക്ക് തുളച്ച് കയറുന്നത് പോലെയോ തലയ്ക്ക് ശക്തമായി ഇടിക്കുന്നത് പോലെയോ എന്നെല്ലാം ആണ് തലവേദനയെ കുറിച്ച് പലരും പറയാറുള്ളത്.
ലേപനങ്ങളിൽ തീരാതെ…
കൂടുതൽ പേരും മാസത്തിൽ കുറഞ്ഞത് ഒരിക്കൽ എങ്കിലും തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഗുളികകൾ കഴിയ്ക്കുകയോ ലേപനങ്ങൾ പുരട്ടുകയോ ചെയ്യാറുണ്ട് എന്നാണ് പറയുന്നത്.
തലവേദന ഒരു പ്രശ്നമായി തീരുന്ന പലരും ഡോക്ടർമാരെ കാണാറുണ്ട്. ഇങ്ങനെ ഡോക്ടർമാരെ കാണാൻ എത്തുന്ന തലവേദനക്കാരുടെ എണ്ണം കൂടി വരികയുമാണ്.
കുഴപ്പിക്കുന്ന ‘തലവേദന’!
രോഗങ്ങളുടെയും ചികിത്സയുടേയും കാര്യത്തിൽ ഏറ്റവും കൂടുതൽ ആശയക്കുഴപ്പവും ഉത്കണ്ഠയും അശാസ്ത്രീയമായ ചികിത്സയും ഇത്രയും നിലവിലുള്ള വേറെ ഒരു രോഗവും ഉണ്ടാകും എന്ന് തോന്നുന്നില്ല.
സർവസാധാരണമായി ഒരുപാട് പേരിൽ കാണുന്ന തലവേദനയുടെ കാരണങ്ങൾ പലതാണ്.
ഈ വിഷയത്തിൽ കുറേയേറെ പുതിയ അറിവുകളുണ്ട്. പ്രതിവിധികളും പുതിയവ കുറേയേറെയുണ്ട്.
തലച്ചോറിന്റെ വേദനയല്ല
തലവേദന എന്ന് പറയുന്നത് തലച്ചോറിന്റെ വേദനയല്ല. വേദന അനുഭവപ്പെടുന്നത് തലച്ചോറിനെ പൊതിഞ്ഞ് സൂക്ഷിക്കുന്ന തലച്ചോറിലെ കലകളിലും അതിന് ചുറ്റുമുള്ള രക്തക്കുഴലുകളിലുമാണ്.
കൂടുതൽ പേരിലും തലവേദന ഉണ്ടാകുന്നത് ഈ രക്തക്കുഴലുകളിൽ വീക്കം ഉണ്ടാകുന്നതിന്റെ ഫലമായി അവിടെ ഉണ്ടാകുന്ന സമ്മർദ്ദത്തിന്റെ ഭാഗമായിട്ടാണ്.
പേശികൾ വലിഞ്ഞു മുറുകുന്പോൾ
തലവേദനയ്ക്കു വേറെ ഒരു കാരണം തലയിലും കഴുത്തിലും ഉള്ള പേശികളിൽ വലിഞ്ഞുമുറുക്കം ഉണ്ടാകുന്നതാണ്.
പേശികളിൽ വലിഞ്ഞുമുറുക്കം ഉണ്ടാകുമ്പോൾ രക്തപ്രവാഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. അതാണ് തലവേദന ആകുന്നത്.
പതിവു ചായ മുടങ്ങിയാൽ!
തലവേദനയുടെ കാരണങ്ങളായി പൊതുവെ പറയാറുള്ളത് പനി, ക്ഷീണം, ഭക്ഷണം കഴിക്കാതിരിക്കുക, ശുദ്ധവായു ലഭിക്കാത്ത അന്തരീക്ഷം,
മദ്യപാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഹാംഗോവർ, പതിവായി ചായയോ കാപ്പിയോ കുടിക്കുന്നവർക്ക് അത് ലഭിക്കാത്ത അവസ്ഥ എന്നിവയൊക്കെ ആയിരിക്കും.
മൈഗ്രേൻ തലവേദന
എന്നാൽ, സ്ഥിരമായി തലവേദനയുമായി നടക്കുന്നവരിൽ ഭൂരിപക്ഷം പേരിലും തലവേദനയുടെ കാരണം മാനസിക സംഘർഷം ആയിരിക്കും. പിന്നെ, അടുത്ത കാരണം മൈഗ്രേൻ ആയിരിക്കും.
(തുടരും)