റിയാദ്: ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോളിനുടമ എന്ന റിക്കാർഡ് കുറിച്ച് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി അറബ് ക്ലബ് ചാന്പ്യൻസ് കപ്പിൽ ഗോൾ നേടിയതോടെയാണു റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്.
ജർമൻ ഇതിഹാസമായ ഗേർഡ് മ്യുള്ളറിന്റെ പേരിലുണ്ടായിരുന്ന 144 ഹെഡർ ഗോൾ എന്ന റിക്കാർഡാണു റൊണാൾഡോ 145 ആക്കി തിരുത്തിയത്.
നിലവിൽ മ്യുള്ളറിനൊപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു മുപ്പത്തെട്ടുകാരനായ റൊണാൾഡോ. തുടർച്ചയായ 22-ാം സീസണിലും റൊണാൾഡോ ഗോൾ സ്വന്തമാക്കി. സൂപ്പർ താരത്തിന്റെ കരിയറിലെ 839-ാം ഗോളാണ്.
അറബ് ക്ലബ് ചാന്പ്യൻസ് കപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ടുണീഷ്യൻ ക്ലബ്ബായ മൊണാസ്റ്റിറിനെ 1-4നു തകർത്ത് അൽ നസർ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.
രണ്ട് മത്സരങ്ങളിൽനിന്നു നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. 74-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഹെഡർ ഗോൾ.