ബാർബർ ഷോപ്പിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം അവിടെ സൂക്ഷിച്ചിരുന്ന മുടി മോഷ്ടിച്ചു കടന്നുകളഞ്ഞു. ന്യൂഡൽഹിയിലെ ഒരു ബാർബർ ഷോപ്പിലായിരുന്നു സംഭവം.
തലമുടി വെട്ടാനെന്നു പറഞ്ഞ് എത്തിയ മൂന്നുപേരാണ് ബാർബർ ഷോപ്പ് ഉടമയായ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മുടി തട്ടിയെടുത്തത്. ബാർബർ ഷോപ്പിനൊപ്പം തന്നെ വിഗുകൾ നിർമിക്കുന്ന ഒരു വർക്ക് ഷോപ്പും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 200 കിലോവരുന്ന മുടിയാണ് കള്ളൻമാർ അടിച്ചുകൊണ്ടുപോയത്. ഇതിന് ഏകദേശം 14 ലക്ഷം രൂപ വിലവരും.
വിഗുകൾ നിർമിക്കുന്നതിനായി ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് മുടി കയറ്റി അയയ്ക്കുന്നുണ്ട്.സ്വന്തം ബാർബർ ഷോപ്പിൽനിന്ന് ലഭിക്കുന്ന മുടിക്ക് പുറമേ വിവിധ അന്പലങ്ങളിൽനിന്നും മറ്റും ശേഖരിച്ച മുടി ഹുസൈൻ തന്റെ കടയിൽ സൂക്ഷിച്ചിരുന്നു.സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷണം തുടങ്ങി.