മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് എത്തുന്ന അപകടകാരിയായ രോഗങ്ങളിലൊന്നാണ് റിഫ്റ്റ് വാലി ഫീവർ. ഇവിടെയും വൈറസാണ് വില്ലൻ.
ചെമ്മരിയാട്, ആട്, പോത്ത്, ഒട്ടകം തുടങ്ങിയ കന്നുകാലികളിലൂടെയാണ് റിഫ്റ്റ് വാലി ഫീവർ (ആർവിഎഫ്) പടരുന്നത്. കൊതുകും ഈ രോഗത്തിന്റെ വിതരണക്കാരനാണ്.
ഇപ്പോൾ ആഫ്രിക്കയിലെ ചില മേഖലകളിലാണ് ഈ രോഗം പ്രധാനമായി കണ്ടുവരുന്നത്. രോഗബാധിതരായ മൃഗങ്ങളുടെ രക്തം, സ്രവം മുതലായവയിലൂടെയാണ് രോഗം മനുഷ്യരിലേക്കു പടരുന്നത്.
കൂടാതെ രോഗം ബാധിച്ച മൃഗങ്ങളെ കുത്തിയ കൊതുകിന്റെ കുത്ത് ഏറ്റാലും വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം.
രോഗം ബാധിച്ച മൃഗത്തെ ശുശ്രൂഷിക്കുന്പോഴോ ഇറച്ചിക്കായി മൃഗങ്ങളെ മുറിക്കുന്പോഴോ നന്നായി വേകാത്ത മാംസം ഭക്ഷിക്കുന്പോഴോ ഒക്കെയാണ് വൈറസ് മൃഗങ്ങളിൽനിന്നു മുഷ്യരിലേക്കു പ്രവേശിക്കുന്നത്.
കൊതുകിനെ സൂക്ഷിക്കുക
അറവുശാലകളിലും മൃഗാശുപത്രികളിലും കന്നുകാലി ഫാമുകളിലും ജോലി ചെയ്യുന്നവരിൽ രോഗം കൂടുതലായി പിടിപെടുന്നതായി കണക്കുകൾ പറയുന്നു. അതേസമയം, മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗം പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വൈറസുള്ള പെൺകൊതുകുകളിടുന്ന മുട്ടയിൽ റിഫ്റ്റ് വാലി ഫീവർ വൈറസുകളുണ്ടാകും. മഴക്കാലത്ത് ഈ മുട്ടകൾ വിരിയുകയും കൊതുകുകൾ പെരുകുകയും ചെയ്യും.
അതിനാൽ മൃഗങ്ങളോടുള്ള ഇടപെടലിൽ കരുതൽ എടുത്താൽ മാത്രം രോഗത്തിൽനിന്നു രക്ഷപ്പെടില്ല, കൊതുകിനെക്കൂടി തുരത്തണം.
തുറസായ സ്ഥലത്ത് ഉറങ്ങരുത്
രോഗം ബാധിക്കുന്ന കന്നുകാലികളുടെ അവസ്ഥ വളരെ പെട്ടെന്നുതന്നെ മോശമാകാറുണ്ട്. എന്നാൽ, മനുഷ്യരിൽ വലിയൊരു വിഭാഗത്തിനും സാരമായ ലക്ഷണങ്ങളൊന്നും കണ്ടുവരാറില്ല.
ചെറിയ പനി, ക്ഷീണം, നടുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് മനുഷ്യരിൽ കാണുന്നത്. അതേസമയം, എട്ടു മുതൽ പത്തു ശതമാനം വരെ ആളുകൾക്കു കണ്ണുദീനവും രക്തസ്രാവവും കണ്ടുവരാറുണ്ട്.
രോഗം പടർന്നു പിടിക്കുന്ന പ്രദേശങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവരുന്നവർ ജാഗ്രത പാലിക്കണം. അത്തരം സ്ഥലങ്ങളിൽ തങ്ങേണ്ടിവന്നാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണം. കഴിവതും രാത്രിയിൽ തുറസായ പ്രദേശങ്ങളിൽ കിടന്നുറങ്ങരുത്.
ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുന്നതും കൊതുകു വല ഉപയോഗിക്കുന്നതും നല്ലതാണ്. സുരക്ഷിതമല്ലാത്ത ഇറച്ചിയോ പാലുത്പന്നങ്ങളോ കഴിക്കരുത്.
രക്തവും മറ്റു സ്രവങ്ങളും പരിശോധിക്കുന്നതിലൂടെ രോഗമുണ്ടോ എന്നു സ്ഥിരീകരിക്കാൻ സാധിക്കും. മരുന്നോ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗം ബാധിക്കുന്നയാൾ രണ്ടു ദിവസം മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുകയാണ് പതിവ്.
രോഗം ഗുരുതരമായാൽ
അതേസമയം, അപൂർവം ചിലരിൽ റിഫ്റ്റ് വാലി ഫീവർ അപകടകരമായ അവസ്ഥയിലേക്കു പോകാറുണ്ട്. ഒക്കുലർ, മെനിഞ്ചോഎൻസഫലൈറ്റീസ്, ഹെമറാജിക് ഫീവർ എന്നിവയാണ് രോഗത്തിന്റെ മൂന്നു സങ്കീർണ അവസ്ഥകൾ.
ഒക്കുലർ
ഒക്കുലർ എന്നതു രോഗം കണ്ണിനുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ആകെയുള്ള രോഗികളിൽ രണ്ടു ശതമാനം വരെയുള്ളവർക്കാണ് ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളത്.
കാഴ്ചക്കുറവും അവ്യക്തതയുമാണ് പ്രശ്നം. സാധാരണ 10-12 ആഴ്ചകൾക്കു ശേഷം പ്രശ്നം തനിയെ പരിഹരിക്കപ്പെടും. അത്യപൂർവമായി ചിലർക്ക് ഈ പ്രശ്നം മാറാതെ വന്നേക്കാം.
മെനിഞ്ചോ എൻസഫലൈറ്റീസ്
രോഗം പിടിപ്പെട്ട് ഒന്നു മുതൽ നാലാഴ്ചകൾക്കുള്ളിൽ ഈ അവസ്ഥയിലേക്കു പോകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകും. ആകെ രോഗികളിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഈ അവസ്ഥയുണ്ടാകാൻ സാധ്യതയുള്ളത്.
തലവേദന, മതിഭ്രമം, തലകറക്കം, അപസ്മാര ലക്ഷണം, തളർച്ച, കോമ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾ ഈ ഘട്ടത്തിൽ കണ്ടേക്കാം.
ഹെമറാജിക്
രോഗം പിടിപ്പെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ ഈ അവസ്ഥയുണ്ടാകാം. കരൾപ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, രക്തം ഛർദിക്കുക, വയറ്റിൽനിന്നു രക്തം പോവുക തുടങ്ങി സങ്കീർണപ്രശ്നങ്ങൾ വന്നേക്കാം.
അവസ്ഥ മോശമാകുന്നതോടെ മൂക്കിൽനിന്നും ത്വക്കിൽനിന്നും രക്തം പുറത്തേക്കുവരും.
ഈ അവസ്ഥയിലേക്കു പോകുന്ന രോഗികളിൽ 50 ശതമാനവും മരണത്തിനു കീഴ്പ്പെടാനാണ് സാധ്യത.
എന്നാൽ, ആകെ രോഗികളിൽ ഒരു ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമേ ഹെമറാജിക് എന്ന അവസ്ഥയുണ്ടാകൂ എന്നതാണ് ആശ്വാസകരമായ കാര്യം.