ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ അടുത്ത 125 ദിവസം നിർണായകമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം.
കോവിഡിനെ ചെറുക്കാനുള്ള സമൂഹ പ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) ഇന്ത്യ ഇതുവരെ നേടിയിട്ടില്ല. മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ ചെറുത്തുനിൽക്കാൻ കഴിയൂ എന്നും വിദഗ്ധ സമിതി അംഗവും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു.
പല രാജ്യങ്ങളിലും കോവിഡ് സാഹചര്യം വീണ്ടും മോശമായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു എന്നു പറയാം.
ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള സമയമാണിത് വി.കെ. പോൾ മുന്നറിയിപ്പു നൽകി.
ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ചൂണ്ടിക്കാട്ടി.
മ്യാൻമാർ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ രോഗ വ്യാപനം വർധിക്കുകയാണ്. രണ്ടാം തരംഗത്തേക്കാൾ ഭീകരമായ അവസ്ഥയിലാണ് മലേഷ്യയിലും ബംഗ്ലാദേശിലും മൂന്നാം തരംഗം.
ഹേർഡ് ഇമ്യൂണിറ്റി
വാക്സിനേഷനിലൂടെയോ കോവിഡ് ബാധിച്ചതിലൂടെയോ ഒരു വലിയ വിഭാഗം ആളുകൾ പ്രതിരോധശേഷി ആർജിക്കുന്നതിനെയാണു ഹേർഡ് ഇമ്യൂണിറ്റി എന്നു പറയുന്നത്.
ഇത് വ്യാപനം ആളിപ്പടരുന്നതു തടയും. ഹേർഡ് ഇമ്യൂണിറ്റിക്ക് വൈറസിനെ 70 ശതമാനത്തോളം ചെറുക്കാൻ കഴിയും. എന്നാൽ, വിവിധ വകഭേദങ്ങളിലൂടെ കൂടുതൽ കരുത്താർജിച്ച വൈറസുകളെ എത്രമാത്രം ചെറുക്കാൻ കഴിയുമെന്നതിൽ വ്യക്തതയില്ല.