മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല. രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിന്റെ ലക്ഷണമാണു മഞ്ഞപ്പിത്തം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതിനു കാരണം പലതാണ്. അമിത മദ്യപാനം മൂലം കരൾനാശം സംഭവിക്കുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരളിനുണ്ടാകുന്ന നീരും വീക്കവുമാണു ഹെപ്പറ്റൈറ്റിസ്. ഇതു മഞ്ഞപ്പിത്തത്തിലേക്കു നയിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ വെളളം, ആഹാരം എന്നിവയിലൂടെ പകരുന്നു. അതിനാലാണ് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം എന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഭക്ഷണം നന്നായി വേവിച്ചുകഴിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണം പാടില്ല. ചൂടാക്കി കഴിക്കുക. റോഡരുകിലും മറ്റും രോഗാണുക്കളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ തയാറാക്കുന്ന ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികൾ ഉപ്പുവെള്ളത്തിൽ മുങ്ങി വയ്ക്കുക. പിന്നീടു നന്നായി കഴുകിയെടുത്തു പാകം ചെയ്യുക.
കിണറുകളും മറ്റു കുടിവെളള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡറോ പൊാസ്യം പെർമാംഗനേറ്റാ കലർത്തി ശുദ്ധീകരിക്കാം. വാട്ടർ ടാങ്കുകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. മാലിന്യങ്ങൾ അലക്ഷ്യമായി കുടിവെളള സ്രോതസുകളിൽ വലിച്ചെറിയരുത്. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ കുടിവെള്ള സ്രോതസുകളിൽ കലരാനുളള സാഹചര്യം ഒഴിവാക്കുക. കക്കൂസ് കുഴിയും കിണറും നിർമിക്കുന്പോൾ തമ്മിൽ ആവശ്യമായ അകലം പാലിക്കണം.
കക്കൂസും കുളിമുറിയും ഇടയ്ക്കിടെ ബ്ലീച്ചിംഗ് പൗഡർ വിതറി ശുചിയാക്കുക.
മഞ്ഞപ്പിത്തം തടയുന്നതിൽ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. മലമൂത്രവിസർജനത്തിനു ശേഷം കൈകൾ സോപ്പോ ഹാൻഡ് വാഷോ തേച്ചു കഴുകണം. ആഹാരം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുന്പും കൈ സോപ്പോ ഹാൻഡ് വാഷോ പുരട്ടി നന്നായി കഴുകണം. ഹാൻഡ് വാഷ് പൂർണമായും നീങ്ങുംവിധം കഴുകാൻ ശ്രദ്ധിക്കണം. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്പോൾ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചു മറച്ചു പിടിക്കണം എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ!
വൈറസ് രോഗങ്ങൾക്കു ഫലപ്രദമായ വാക്സിനുകൾ നിലവിലില്ല എന്നതാണു വാസ്തവം. നിലവിൽ ലഭ്യമായ ഹെപ്പറ്റൈറ്റിസ് എ വാക്സിൻ ഉപയോഗിക്കുന്നതു സംബന്ധിച്ചു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. ജീവിതത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ, മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ വൈറസ് ബാധയ്ക്കുളള സാധ്യത കുറയ്ക്കുകയാണ് ഉചിതം. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും പ്രധാനം.