ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കെതിരേ (ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരേ) രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരം തന്നെ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ, ചിലയവസരങ്ങളിൽ രോഗപ്രതിരോധത്തിലുള്ള പോരായ്മ നിമിത്തം ശരീരത്തിലെ കോശങ്ങൾക്കെതിരേ തന്നെ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. ചർമകോശങ്ങൾക്കെതിരേയോ ഗ്രന്ഥീ കോശങ്ങൾക്കെതിരേയോ ഇങ്ങനെ ആന്റീ ബോഡികൾ ഉത്പാദിപ്പിക്കപ്പെടാം. ചർമത്തിലെ മെലാനോ സൈറ്റുകൾക്കെതിരേ ആന്റീബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയിൽ അവ നശിപ്പിക്കപ്പെടുകയും വെള്ളപ്പാണ്ടിന് കാരണമായിത്തീരുകയും ചെയ്യുന്നു. മറ്റ് ഓട്ടോ ഇമ്യൂണ് രോഗമുള്ളവരിൽ വെള്ളപ്പാണ്ട് കൂടുതലായി കാണാം. പ്രമേഹബാധിതരിലും തൈറോയിഡ് സംബന്ധമായ രോഗങ്ങളിലുള്ളവരിലും വെള്ളപ്പാണ്ട് വരാനുള്ള സാധ്യത അതുകൊണ്ടുതന്നെ വളരെ കൂടുതലാണ്. എട്ടോപ്പിക് ഡർമറ്റൈറ്റിസ്, ആസ്ത്മ എന്നീ രോഗബാധിതരിലും വെള്ളപ്പാണ്ട് കൂടുതലായി കണ്ടുവരുന്നുണ്ട്.
രോഗലക്ഷണങ്ങൾ
ചോക്കിന്റെ നിറത്തിനെ അനുസ്മരിപ്പിക്കുന്ന വെളുത്ത നിറമുള്ള പാടുകളാണ് രോഗലക്ഷണങ്ങൾ. തുടക്കത്തിൽ മൊട്ടുസൂചിയുടെ മൊട്ടിന്റെ വലുപ്പത്തിലുള്ള പാടുകളായാണ് രോഗലക്ഷണം ആരംഭിക്കുന്നതെങ്കിലും പിന്നീട് വലുപ്പം വർധിക്കുന്നു. പിന്നീട് ശരീരത്തിലെ പല ഭാഗങ്ങളിലും വ്യാപിക്കുന്നു.
ഒരേസമയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കാം. കൈകളുടെ പുറംഭാഗം, കൈമുട്ട്, കാൽമുട്ട്, കാലുകൾ, കഴുത്ത്, മുഖം, നെഞ്ച്, പിൻഭാഗം എന്നീ ഭാഗങ്ങളിലാണ് കൂടുതലായി രോഗം കാണുന്നത്. ചിലയവസരങ്ങളിൽ ചുണ്ടിനേയും ലൈംഗികാവയവത്തേയും വിരലുകളുടെ അഗ്രഭാഗത്തേയും ബാധിക്കാം. ചികിത്സിച്ചു മാറ്റാൻ വിഷമമുള്ള ഒരവസ്ഥയാണിത്. കാൽവെള്ളയെയും കൈവെള്ളയെയും ബാധിക്കാറുണ്ട്.
പാടുകളിലെ ചൊറിച്ചിൽ, മുറിവുകൾ എന്നിവ വെള്ളപ്പാണ്ട് പടരുന്നതിന് കാരണമാവാറുണ്ട്. പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾ വെള്ളപ്പാണ്ട് വ്യാപിക്കുന്നതിന് കാരണമാവാറുണ്ട്. ചിലയവസരങ്ങളിൽ ചികിത്സിച്ച് ഭേദമായ വെള്ളപ്പാണ്ട് വീണ്ടും തിരിച്ചുവരുന്നതിനും മാനസിക സമ്മർദം കാരണമാവാറുണ്ട്.
ചികിത്സ
രോഗത്തെക്കുറിച്ച് രോഗി പൂർണമായും മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. മാനസിക സമ്മർദമില്ലാതെ ആരോഗ്യപൂർണമായ ജീവിതം നയിക്കാനും പോഷക സന്പന്നമായ ഭക്ഷണം കഴിക്കാനും രോഗിയെ പ്രേരിപ്പിക്കണം. സ്പർശനത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ഈ രോഗം പകരുന്നില്ല എന്നു മനസിലാക്കുക. സഹജീവികളുടെ അവഗണനയാണ് രോഗികളുടെ മാനസിക സമ്മർദം കൂട്ടുന്നതിന് കാരണമായിത്തീരുന്നത്. സിങ്ക്, ഇരുന്പ്, കോപ്പർ ഇവ അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. ഫീനോൾ അടങ്ങിയ സോപ്പുകൾ, ഡിറ്റർജെറ്റുകൾ എന്നിവ ഒഴിവാക്കുക. റബർ ഗ്ലൗസ്, റബർ ചെരിപ്പുകൾ ഇവ ഉപയോഗിക്കാതിരിക്കുക.
വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി ധാരാളം മരുന്നുകൾ വിപണിയിലുണ്ട്. ലേപനങ്ങളുടെ രൂപത്തിലും ഗുളികകളായും ഇവ ലഭ്യമാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സൊറാലനുകൾ ആണ്. സൊറീലിയ കൊറീലി ഫോലിയ എന്ന സസ്യത്തിൽനിന്നാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ഇവ ഗുളികകളായും ലേപനങ്ങളായും ലഭ്യമാണ്. ഗുളികകൾ കഴിച്ചതിനുശേഷമോ ഇളം വെയിൽ കൊള്ളിക്കേണ്ടത് ആവശ്യമാണ്. സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് കിരണങ്ങൾ മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇതോടൊപ്പം പ്രവർത്തനനിരതമായ മെലാനോ സൈറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നു. അൾട്രാവയലറ്റ് കിരണങ്ങൾ ചർമത്തിൽ പതിപ്പിക്കാൻ പ്രത്യേകം ചേംബറുകൾ വൻകിട ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ലഭ്യമാണ്.
ഇവയെ ഫോട്ടോ തെറാപ്പി ചേംബർ എന്നാണ് വിളിക്കുന്നത്. സൊറാലനുകൾ ഉപയോഗിക്കാതെ തന്നെ അൾട്രാവയലറ്റ് ബി കിരണങ്ങൾ ചർമത്തിൽ പതിപ്പിച്ചും വെള്ളപ്പാണ്ട് ചികിത്സിക്കാറുണ്ട്.
ഇവ കൂടാതെ കാൽബിപ്രോട്രയോൾ, ഖെല്ലിൻ, കോർട്ടിക്കോസ്റ്റിറോയിഡുകൾ, ടാക്രോലിമസ്, പൈമക്രോലിമസ്, ലിവാമിസോൾ, അസാതിയോപ്രിൻ, സൈക്ലോഫോസ്ഫമൈഡ് എന്നിവയും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ മറുപിള്ളയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ചില ഘടകങ്ങൾളും വെള്ളപ്പാണ്ടിന്റെ ചികിത്സയ്ക്കായി നിർദേശിക്കാറുണ്ട്. ഇവ കൂടാതെ എക്സിമർ ലേസർ ഉപയോഗിച്ചുള്ള ചികിത്സയും ലഭ്യമാണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിൽനിന്നും വെള്ളപ്പാണ്ടുള്ള ഭാഗങ്ങളിൽ ചർമം വച്ചുപിടിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ചിലപ്പോൾ നേരത്തെ സൂചിപ്പിച്ച പോലെ ഇത് മൂലമുള്ള മുറിവ് കൊണ്ടുമാത്രം വെള്ളപ്പാണ്ട് വർധിക്കുന്നതിനു് കാരണമായേക്കാം.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,കണ്ണൂർ
ഫോണ്: 04972 727828