മനുഷ്യരാശിയെ അലട്ടുന്ന മാരകമായ രോഗമാണ് അർബുദം. ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും അധികം കണ്ടുവരുന്നത് തലയിലെയും കഴുത്തിലെയും കാൻസറാണ്. തലയിലെ കാൻസറിൽ ഏറ്റവുമധികം കണ്ടുവരുന്നത് വായിലെ കാൻസർ ആണ്. വായിലെ കാൻസർ നാക്ക്, കവിൾ, മേൽത്താടി, കീഴ്ത്താടി, വായയുടെ അടിഭാഗം എന്നിവിടങ്ങളിൽനിന്ന് ഉത്ഭവിക്കുന്നു. ഇവിടെ ഏതെങ്കിലും ഒരു ഭാഗത്ത് കാൻസർ വന്നാൽ വായിലെ മറ്റുഭാഗങ്ങളിലും സമീപത്തുള്ള ദശകളിലും കാൻസർ വരാൻ സാധ്യത കൂടുതലാണ്.
അപകടഘട്ടങ്ങൾ
വായിലെ കോശങ്ങൾക്ക് ഏൽക്കുന്ന ഏതെങ്കിലും തരത്തിലുള്ള നിരന്തരമായ അസ്വസ്ഥതകൾ ആണ് അർബുദത്തിനു മുഖ്യകാരണം.
1. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവുമാണ് പ്രധാന കാരണം.
2. മദ്യപാനം
3. ക്ഷതങ്ങൾ – കൂർത്ത പല്ലുകളിൽ നിന്നോ വപ്പുപല്ലുകളിൽനന്നോ നിരന്തരം ഉണ്ടാകുന്ന ക്ഷതങ്ങൾ.
4. പോഷകക്കുറവ്.
കാൻസർ തടയാനുള്ള പ്രതിരോധ മാർഗങ്ങളിൽ പ്രാഥമിക പ്രതിരോധ മാർഗങ്ങളാണ് ഉൾപ്പെടുന്നത്. അതായത് മേൽപ്പറഞ്ഞ അപകടഘട്ടങ്ങൾ പാടെ ഒഴിവാക്കുക എന്നത്.
വായിലെ കാൻസറിനു മുന്നോടിയായി ചിലരിൽ വെളുത്തതും ചുവന്നതുമായ പാടുകൾ വായിലും കവിളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്് ഒരു ദന്തരോഗ വിദഗ്ധനു കണ്ടുപിടിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ആറുമാസത്തിൽ ഒരിക്കൽ നിർബന്ധമായും ഡെന്റൽ ചെക്കപ്പുകൾ നടത്തുക. ഇതുവഴി ഓറൽ കാൻസർ തടയാനും സാധിക്കും.
ഉദാഹരണത്തിനു മുറിവേൽപ്പിക്കുന്ന കൂർത്ത പല്ലുകൾ മിനുസപ്പെടുത്താനും നിരന്തരം ക്ഷതമേൽപ്പിക്കുന്ന സ്ഥാനം തെറ്റിയ പല്ലുകളും വായ്പ്പല്ലുകളും ശരിയാക്കാനും പുകവലി പോലുള്ള ദുശ്ശീലങ്ങളുള്ള വ്യക്തികളിൽ ഹാബിറ്റ് സെസ്സേഷൻ പ്രോഗ്രാമുകൾക്ക് തുടക്കമിടാനും സാധിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും നിത്യവും ഉൾപ്പെടുത്തണ്ടതാവശ്യമാണ്.
വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)