അലര്‍ജി: കാരണങ്ങള്‍ പലത്

32474ശരീരത്തില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മള്‍ അലര്‍ജി എന്ന് വിളിക്കുന്നു. ഇത്തരം അലര്‍ജനുകള്‍ ത്വക്കിലൂടേയും ശ്വസനത്തിലൂടേയും മരുന്നിലൂടേയും ഭക്ഷണത്തിലൂടേയും ഒക്കെ ശരീരത്തില്‍ പ്രവേശിക്കാം. വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം, കടന്നല്‍, തേനീച്ച, തേള്‍, എട്ടുകാലി, വിവിധ പുഴുക്കള്‍, പോളിസ്റ്റര്‍ പോലുള്ള വസ്ത്രങ്ങള്‍, ചില ആഭരണങ്ങള്‍ എന്നിവയൊക്കെ ത്വക്കിലൂടെ അലര്‍ജി ഉണ്ടാക്കും. വീട്ടിലെ പൊടി, പൂമ്പൊടികള്‍, മൃഗരോമങ്ങള്‍, പൂപ്പലുകള്‍, അടച്ചിട്ട മുറികള്‍ എന്നിവ നാസികാ അലര്‍ജിക്ക് കാരണമാവാം.

പെന്‍സിലിന്‍, സല്‍ഫ അടങ്ങിയ ചില മരുന്നുകള്‍, ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍, കര്‍പ്പൂരം തുടങ്ങിയ ചില ലേപനങ്ങള്‍ എന്നിവയും പാല്‍, മുട്ട, ബീഫ്, മട്ടന്‍, പോര്‍ക്ക്, തോട് അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, ടിന്‍ ഫുഡുകള്‍, ചോക്ലേറ്റുകള്‍, ഐസ്ക്രീമുകള്‍ എന്നിവയൊക്കെ അലര്‍ജിയുണ്ടാക്കാം.

ഒരു വ്യക്തി ഒരു പ്രാവശ്യം അലര്‍ജനുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ട് ശരീരത്തില്‍ ചൊറിച്ചിലോ തുമ്മലോ കണ്ണ് ചൊറിച്ചിലോ വയറിളക്കമോ ഉണ്ടാവണമെന്നില്ല. തുടര്‍ച്ചയായ സമ്പര്‍ക്കം മൂലം ശരീരത്തില്‍ ചില പ്രതിപ്രവര്‍ത്തനങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. പിന്നീട് അതേ അലര്‍ജനുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരീരം പ്രതികരിക്കാന്‍ തുടങ്ങുന്നു.

സാധാരണ അലര്‍ജിയുടെ ലക്ഷണങ്ങള്‍

അലര്‍ജനുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ചൊറിച്ചില്‍, തടിപ്പ്, കണ്ണ് ചൊറിച്ചില്‍, നീര്‍വെപ്പ്, ചിലപ്പോള്‍ ശ്വാസതടസംവരെ അനുഭവപ്പെടാം. നാസിക അലര്‍ജിക്ക് തുടക്കത്തില്‍ തുടരെതുടരെയുള്ള ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ്, തൊണ്ടവേദന, മൂക്കടപ്പ്, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ അനുഭവപ്പെടാം.

ഇത് കുട്ടികളില്‍ അഡിനോയ്‌സ് ഗ്രന്ഥി തടിക്കാനും ടോണ്‍സിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ വരാനും തുടര്‍ന്ന് നിരന്തരമായ കഫക്കെട്ട്, ചുമ, ശ്വാസംമുട്ട് എന്നിവയ്ക്കും കാരണമാകുന്നു. ഇതിനെ നമ്മള്‍ അലര്‍ജിക്ക് ബ്രോങ്കൈറ്റിസ് എന്നും അലര്‍ജിക് ആസ്തമ എന്നും വിളിക്കും. ത്വക്കിലെ അലര്‍ജി കുട്ടികളില്‍ എക്‌സിമ (കരപ്പന്‍) ഉണ്ടാവാന്‍ പ്രധാന കാരണം ആണ്. ഇത്തരം കുട്ടികളില്‍ ഐജിഇയുടെ അളവ് പത്തോ അതില്‍ അധികമോ മടങ്ങ് കാണപ്പെടാറുണ്ട്. തുടക്കത്തിലെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അലര്‍ജി ആസ്തമയിലേക്ക് പ്രവേശിക്കാം.

ഡോ. സജിന്‍ എംഡി ഹോമിയോപ്പതി
സ്കിന്‍ * അലര്‍ജി വിഭാഗം ചെയര്‍മാന്‍ * മാനേജിംഗ് ഡയറക്ടര്‍
വി. കെയര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 9048624204.

Related posts