വയറിളക്കരോഗങ്ങളാണ് മഴക്കാല രോഗങ്ങളിൽ മറ്റൊന്ന്. ചില സ്ഥലങ്ങളിൽ ടൈഫോയ്ഡും മഞ്ഞപ്പിത്തവുംകൂടി പടർന്നുപിടിക്കാറുണ്ട്. മഴക്കാലത്ത് രോഗങ്ങൾ ഉണ്ടായി അസ്വസ്ഥതകൾ അനുഭവിച്ച് വീടിനുള്ളിൽതന്നെ കഴിയുന്നതിനേക്കാൾ നല്ലത് മഴക്കാലരോഗങ്ങൾ വരാതെ നോക്കുകയാണ്.
കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ തടയുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വീടിനു പരിസരത്ത് കല്ലുപ്പ് വിതറുന്നത് നല്ലതാണ്. ഉപ്പുലായനിയിൽ കൊതുകുകൾക്ക് വളരാൻ കഴിയില്ല. ക്ലോസറ്റുക, വാഷ്ബേസിനുകൾ എന്നിവയിലും
ഉപ്പ് ഇടുന്നതു നല്ലതാണ്.
ചൂടുവെള്ളം കുടിക്കാം
മുഴുകൈ ഷർട്ടും പാന്റ്സും ധരിക്കുക. വസ്ത്രങ്ങൾ ഇസ്തിരിയിട്ടതിനുശേഷം മാത്രം ഉപയോഗിക്കുക. ചൂടുള്ള ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക. മഴകൊണ്ടാലും കുളികഴിഞ്ഞ ഉടനെയും ചൂടുവെള്ളം കുടിക്കുക.
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ആഹാരം കഴിക്കുന്നതിനു മുന്പ് കൈകൾ സോപ്പുപയോഗിച്ചു കഴുകണം. കക്കൂസിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ചുമ, തുമ്മൽ എന്നിവയുണ്ടെങ്കിൽ ഒരു തൂവാല കരുതണം. ഇടയ്ക്കിടെ ഈ തൂവാല ഉപ്പുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുക്കുക.
ആഹാരത്തോടൊപ്പം വെള്ളമോ മറ്റു പാനീയങ്ങളോ കഴിക്കാതിരിക്കുക. പാനീയങ്ങൾ ആഹാരത്തിന് ഒരു മണിക്കൂർ മുൻപോ ഒരു മണിക്കൂറിനുശേഷമോ ആകാം. ഓരോ ആഹാരശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ടുനുള്ള് ഉപ്പു ചേർത്ത് കവിൾകൊള്ളുക.
ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക. രാത്രി ഉണരുന്ന സമയങ്ങളിൽ ചൂടുവെള്ളം കുടിക്കുക. കടുംചായയിലോ ചൂടുവെള്ളത്തിലോ ചെറുനാരങ്ങാനീരു ചേർത്തു കുടിക്കുക.
സ്വയം രോഗപ്രതിരോധശേഷി
മഴക്കാലങ്ങളിൽ വൈറസ് രോഗാണുസംക്രമണം ഒരു പ്രശ്നമാണ്. വൈറസുകൾ പല തരത്തിലുണ്ട്. ചില വൈറസ് ബാധകൾ മാരകമാകാവുന്നതുമാണ്. ഇപ്പോൾ ലോകം മുഴുവനും ചില വൈറസുകളെക്കുറിച്ചുള്ള ഭയത്തിലാണ്.
ഒരുപാടുപേരിൽ വൈറസുകളാണു പ്രമേഹത്തിനു കാരണമാകുന്നത്. അരിന്പാറ, കരളിലെ കാൻസർ എന്നിവയ്ക്കും പലരിലും വൈറസ് ബാധ കാരണമാകാറുണ്ട്.
പനി, ഫ്ളൂ, ചിക്കൻപോക്സ് എന്നിവയും വൈറസ് രോഗാണുക്കളാണ് ഉണ്ടാക്കാറുള്ളത്. അണുബാധകളെ നേരിടാനുള്ള ശരീരത്തിന്റെ കഴിവാണ് ഇമ്യൂണിറ്റി എന്ന് അറിയപ്പെടുന്നത്. ഇതിനാണു മലയാളത്തിൽ സ്വയം രോഗപ്രതിരോധശേഷി എന്നു പറയുന്നത്.
പോഷകങ്ങളടങ്ങിയ സമീകൃതാഹാരം
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഈ സ്വയം രോഗപ്രതിരോധശേഷി നല്ല നിലയിൽ സൂക്ഷിക്കാവുന്നതാണ്. നല്ല പോഷകാഹാരങ്ങളടങ്ങിയ സമീകൃതാഹാരമാണ് അതിനായി ആദ്യം ശ്രദ്ധിക്കേണ്ടത്. രാത്രി സുഖമായി ഉറങ്ങണം.
പതിവായി വ്യായാമം ചെയ്യുകയും ദിവസവും രാവിലെ ഇരുപതു മിനിറ്റ് സമയമെങ്കിലും വെയിൽ കൊള്ളുകയും വേണം. പുകവലി, പൊടിവലി, മദ്യപാനം എന്നിവ നല്ലതല്ലെന്ന് അറിയുകയുംവേണം.
ആഹാരത്തിൽ പച്ചമോര്, തൈര്, അച്ചാറ്, പപ്പടം, വറുത്തതും പൊരിച്ചതും, മാംസം, മൈദ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുകയാണു നല്ലത്. മാനസികസംഘർഷം ഉണ്ടാകാതിരിക്കുന്നതാണു നല്ലത്.
ധാരാളം പാട്ട് കേൾക്കുക, തമാശകൾ പറയാനും കേൾക്കാനും സമയം കണ്ടെത്തുക. അങ്ങനെയൊക്കെയാണെങ്കിൽ മഴക്കാലം നന്നായി ആസ്വദിക്കാൻ കഴിയും; നല്ല നല്ല അനുഭവങ്ങളിലൂടെ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393