കോവി ഷീൽഡ് അഥവാ ചാഡോക്സ്-1
കോവിഡ് വാക്സിനുണ്ടാക്കാനുള്ള ആദ്യ സംരംഭങ്ങൾ തുടങ്ങിയത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിൽത്തന്നെ. ഓക്സ്ഫഡും ആസ്ട്ര-സെനിക്ക എന്ന മെഡിക്കൽ കന്പനിയും ചേർന്നു വികസിപ്പിച്ചെടുത്ത വാക്സിന് ചാഡോക്സ്-1 എന്ന പേരു നൽകി. ഇതിന്റെ ഇന്ത്യയിലെ പേരാണു കോവി ഷീൽഡ്.
ഇന്ത്യയിൽ ഇതു നിർമിക്കുന്നതു പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. മറ്റു പല രോഗങ്ങൾക്കുള്ള വിവിധതരം വാക്സിനുകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് പുനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നോർക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ വാക്സിൻ നിർമിക്കാൻ സിറം ഇൻസ്റ്റ്യൂട്ടിനു കഴിയുന്നു.
ചിന്പാൻസികളിലെ അഡിനോ വൈറസിൽ കൊറോ ണ വൈറസിന്റെ പുറംതോടിലെ സ്പൈക്ക് പ്രോട്ടിൻ സന്നിവേശിപ്പിച്ച് ശരീരത്തിൽ പ്രവേശിപ്പിക്കുന്പോൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡികൾ ഉണ്ടാകുന്നു.നിരുപദ്രവകാരികളായ അഡിനോവൈറസുകളെ വാഹനമായി ഉപയോഗിച്ചാണു കോവിഡിന്റെ പ്രോട്ടീൻ ഘടകം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.
കോവിഷീൽഡ് വാക്സിൻ ആദ്യത്തെ കുത്തിവയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ ഡോസിനുശേഷം 84 ശതമാനവും പ്രതിരോധശക്തിയുണ്ടാക്കുന്നു. കുത്തിവയ്പുകൾക്ക് ഇടയിലുള്ള സമയം രണ്ടു മുതൽ മൂന്നു മാസങ്ങൾ വരെ നീട്ടിയാൽ പ്രതിരോധശക്തി ഏറ്റവും കൂടുതലാകുന്നു.
ഇന്ത്യയിൽ വാക്സിനേഷനു കോവിഷീൽഡാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇത് എട്ടുഡിഗ്രി സെൽഷ്യസിൽ താഴെ റെഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ മതിയാകും.
കോവാക്സിൻ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് കന്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണു കോവാക്സിൻ. പരന്പരാഗതമായ വാക്സിൻ നിർമാണ ശൈലിയിലാണ് ഇവ വികസിപ്പിച്ചെടുത്തത്.
നിഷ്ക്രിയമാക്കിയ കൊറോണ വൈറസുതന്നെയാണ് കോവാക്സിൻ. ഇത് ശരീരത്തിലെ ഇമ്യൂൺ വ്യവസ്ഥയെ സജീവമാക്കി പ്രതിരോധം സൃഷ്ടിക്കുന്നു.ഇന്ത്യയിൽ കോവിഷീൽഡിനൊപ്പം കൊടുക്കുന്ന രണ്ടാമത്തെ വാക്സിനാണു കോവാക്സിൻ.
ഇതിന്റെ ഫേസ്-മൂന്ന് ട്രയൽ അവസാനിപ്പിക്കാതെ വാക്സിൻ കൊടുക്കേണ്ടിവന്നതുകൊണ്ടു പലരും കോവാക്സിൻ സ്വീകരിക്കുന്നതിൽനിന്നു പിൻവാങ്ങി. എന്നാൽ ഇതെടുത്തവരിൽ പറയത്തക്ക യാതൊരു പാർശ്വഫലങ്ങളും ഉണ്ടായില്ല എന്നു പിന്നീട് തെളിഞ്ഞു.
പൂർണമായും ഇന്ത്യ ഉത്പാദിപ്പിക്കുന്ന വാക്സിനെന്ന നിലയിൽ ഇതിന്റെ പ്രാധാന്യമേറുന്നു. അവസാനത്തെ പരീക്ഷണ കടന്പയായ ഫേസ്-3 ട്രയലിന്റെ ഫലങ്ങൾ പൂർണമാകാത്തതുകാരണം ഈ വാക്സിന്റെ പ്രതിരോധശക്തിയെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇത് 8 ഡിഗ്രിയിൽ താഴെ സൂക്ഷിച്ചാൽ മതി.
ഫൈസർ വാക്സിൻ
ഫൈസർ എന്ന അമേരിക്കൻ മരുന്നുകന്പനിയും ബയോൺടെക് എന്ന ജർമൻ കന്പനിയും ചേർന്നു നിർമിക്കുന്ന ഏറെ മേന്മകളുള്ള വാക്സിനാണിത്. രോഗതീവ്രതയെ തുരത്താൻ 94 ശതമാനത്തോളം പ്രാപ്തമാണ് ഫൈസർ വാക്സിൻ എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
വൈറസിന്റെ ജനിതകപദാർഥമായ മെസഞ്ചർ ആർഎൻഎയാണ് വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഈ വാക്സിൻ മൈനസ് എഴുപത് (-70 ഡിഗ്രി) സെൽഷ്യസിൽ വേണം സൂക്ഷിക്കാൻ. അതുകൊണ്ടുതന്നെ അതിനുള്ള ഫ്രീസർ സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ചൂടുകൂടിയ രാജ്യങ്ങൾ ഈ വാക്സിൻ വാങ്ങിക്കുന്നില്ല. കൂടിയ വിലയും ഫൈസർ വാക്സിനെ സന്പന്ന രാജ്യങ്ങളിൽ ഒതുക്കിനിർത്തുന്നു.
അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന മൊഡേന വാക്സിൻ ഫൈസർ വാക്സിനോടു താരതമ്യപ്പെടുത്താവുന്ന ഒന്നുതന്നെ. മെസഞ്ചർ ആർഎന്എ ജനിതക അടിസ്ഥാനത്തിലാണ് ഈ വാക്സിൻ നിർമിക്കുന്നത്. 94 ശതമാനം ഈ വാക്സിന് ഫലപ്രദമാണ്.
കൂടാതെ റഷ്യ നിർമിക്കുന്ന സ്പുട്നിക് എന്ന വാക്സിൻ ലോകത്ത് കൊറോണയ്ക്കെതിരായി ആദ്യം രജിസ്റ്റർ ചെയ്ത ഒന്നാണെന്ന് അവകാശപ്പെടുന്നു. നിർവീര്യമാക്കപ്പെട്ട കോവിഡ് വൈറസ് ഉപയോഗിച്ചു ചൈന നിർമിക്കുന്ന സിനോവാക് എന്ന വാക്സിനും പ്രചുരപ്രചാരം നേടുന്നു. ഒരു ഡോസ് മാത്രം മതി എന്ന ആശയത്തോടെ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ചെടുത്ത പുതിയ വാക്സിന് 85 ശതമാനം പ്രതിരോധ ശക്തിയുണ്ട്.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽMD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം