തലച്ചോറിലേക്കു രക്തം എത്തിക്കുന്ന രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നത് സ്ട്രോക്കിനു കാരണമാകുന്നു. ഗുരുതരമായ ദന്തപ്രശ്നങ്ങൾ ദീർഘനാളായി ചികിത്സിക്കാതെവിട്ടാൽ, പല്ലിലും മോണയിലും അണുബാധയുണ്ടാവുകയും അതു സ്ട്രോക്കിലേക്കു നയിക്കുകയും ചെയ്യുന്നു.
സ്ട്രോക്കിനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തചികിത്സയ്ക്കു മുന്പുതന്ന ഡോക്ടറെ വിവരം അറിയിക്കണം. അടുത്തിടെ സ്ട്രോക്ക് ഉണ്ടായിട്ടുള്ള രോഗികൾ, ആറുമുതൽ 12 മാസത്തേക്ക് ദന്തചികിത്സ മാറ്റിവയ്ക്കണം.
ആന്റികൊയാഗുലന്റ് മരുന്ന് കഴിക്കുന്ന രോഗികൾക്കു ശസ്ത്രക്രിയയുള്ള ദന്തചികിത്സയുടെ സമയത്ത് കൂടുതൽ രക്തസ്രാവം ഉണ്ടാകും. അതിനാൽ അത്തരം മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തപരിശോധനയ്ക്കു വരുന്പോൾ ഡോക്ടറെ അറിയിക്കണം.
രക്താർബുദ ബാധിതരിലെ ദന്താരോഗ്യപ്രശ്നങ്ങൾ
രക്താർബുദ രോഗികളിൽ ദന്താരോഗ്യവുമായി ബന്ധപ്പെട്ടു കാണുന്ന മാറ്റങ്ങളാണ് മോണയുടെ അമിതവീക്കവും മോണയിൽനിന്നുള്ള രക്തസ്രാവവും. മോണയിലുള്ള ബാക്ടീരിയകളുടെ ശേഖരമാണ് ഈ മാറ്റങ്ങൾക്കു കാരണം.
കുട്ടികളിൽ കാൻസർ ചികിത്സയ്ക്കു മുന്പുതന്നെ ദന്താരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തിയിരിക്കണം. മൃദുവായ ബ്രഷ് ഉപയോഗിച്ചു പല്ല് തേക്കുന്നതാണ് നല്ലത്.
കാരണം, ടൂത്ത്ബ്രഷിംഗ് പോലും വളരെ വേദനാജനകമായി കുട്ടികൾക്കു തോന്നാം. മൗത്ത്വാഷ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ കഴുകുക എന്നത് വളരെ പ്രധാനമാണ്. കഠിനമായ അണുബാധയുണ്ടായാൽ രോഗി അവരുടെ ശിശുരോഗ വിദഗ്ധനെ സമീപിക്കണം.
രക്താർബുദ ചികിത്സയ്ക്കു ശേഷം ആറു മുതൽ എട്ടു മാസംവരെയുള്ള ഇടവേളകളിൽ ദന്താരോഗ്യം നിരീക്ഷിക്കാൻ രോഗി ദന്തരോഗവിദഗ്ധനെ സന്ദർശിക്കണം. ശസ്ത്രക്രിയ ദന്തചികിത്സകർ നടത്തുന്നതിനു മുന്പായി രക്തപരിശോധനകൾ നടത്തണം.
കീമോ/റേഡിയോ തെറാപ്പിക്കു മുന്പായി ആവശ്യമായ എല്ലാ ദന്തൽ ചികിത്സയും നടത്തണം. രോഗി ഉചിതമായ ആരോഗ്യസ്ഥിതിയിലേക്കു പ്രവേശിക്കുന്നതുവരെ എല്ലാ തെരഞ്ഞെടുപ്പ് ദന്തചികിത്സകളും മാറ്റിവയ്ക്കുന്നതാണ് നല്ലത്.
പുകവലിക്കാർക്കു മോണരോഗ സാധ്യത കൂടുമോ?
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് മോണരോഗങ്ങൾ വരാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്. പുകവലി മോണരോഗങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു. ജിഞ്ചിവൈറ്റിസ് ചികിത്സിക്കാതെ വിടുന്പോൾ, അത് പല്ലുകളുടെ ചുറ്റുമുള്ള എല്ലുകളുടെ ക്ഷതത്തിനും പല്ല് നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
പുകവലി നിർത്തുന്നതുവഴി മോണരോഗ ചികിത്സകളിൽ നല്ല ഫലങ്ങൾ നേടാം.മറ്റു ശാരീരിക രോഗങ്ങൾ മോണരോഗങ്ങൾക്കു കാരണമാകില്ലെന്ന് മനസിലാക്കേണ്ടതു പ്രധാനമാണ്. പകരം അതു രോഗത്തിന്റെ പുരോഗതി കൂട്ടാനുള്ള സാധ്യതയുണ്ട്.
വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903