കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാ സങ്ങൾ. ഇനാമൽ ഹൈപോപ്ലാസിയ ദന്തക്ഷയത്തിനുള്ള സാധ്യത കൂട്ടുന്നു. പല്ലിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ കാരണമുണ്ടാകുന്ന വിടവുകളിൽ പ്ലാക് അടിഞ്ഞുകൂടാൻ സഹായിക്കുന്നു. പാൽപ്പല്ലുകളിലുള്ള ഇനാമൽ സ്ഥിരദന്തങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കട്ടി കുറവാണ്.
പോഷകങ്ങൾ കുറഞ്ഞാൽ
കുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികമായി താഴെ നിൽക്കുന്നവർക്കാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവുമൂലം കുട്ടികളുടെ പല്ലിന്റെ സംരക്ഷണത്തെക്കുറിച്ചു ബോധവാന്മാരാവില്ല. ജനിക്കുന്നതിനുമുന്പും ശേഷവുമുള്ള പോഷകക്കുറവു കാരണം ഇനാമൽ ഹൈപോ പ്ലാസിയയ്ക്കുള്ള സാധ്യത കൂടുതലാണ്.
പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾ
ദന്തക്ഷയത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണിത്. കുട്ടി പാൽകുപ്പി വായിൽവച്ച് ഉറങ്ങുംതോറും ദന്തക്ഷയത്തിനുള്ള സാധ്യത കൂടിവരുന്നു.
കുട്ടി ഉറങ്ങുന്ന സമയത്ത് വായിലുള്ള ഉമിനീരിന്റെ അളവ് കുറയുകയും തുപ്പൽ ഇറക്കാനുള്ള പ്രവണത കുറയുകയും ചെയ്യുന്നു. അതു കാരണം മധുരപദാർഥങ്ങൾ വായിൽ കൂടുതൽ സമയം തങ്ങിനിൽക്കുകയും അതിൽ ബാക്ടീരിയ പ്രവർത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുകയും അങ്ങനെ ദന്തക്ഷയത്തിനു കാരണമാവുകയും ചെയ്യുന്നു.
പാൽ കൊടുക്കുന്ന രീതിയിൽ
പാൽക്കുപ്പിയുടെ അനുചിത രീതിയിലുള്ള ഉപയോഗവും ദന്തക്ഷയത്തിന്റെ ഒരു പ്രധാന കാരണമാണ്. കുട്ടി ഉറങ്ങുന്ന സമയങ്ങളിൽ മധുരം അടങ്ങിയിട്ടുള്ള പാൽകുപ്പി ഉപയോഗിക്കുന്നതും ഇതിനു കാരണമാകുന്നു.
മുലയൂട്ടുന്നതു കാരണം കുട്ടികൾക്ക് ഒരുപാടു പോഷകങ്ങൾ ലഭിക്കുകയും ദഹനസംബന്ധവും ശ്വാസകോശസംബന്ധവുമായ രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, നിരന്തരവും ദീർഘനേരവുമുള്ള മുലയൂട്ടൽ കാരണം ആസിഡ് ഉത്പാദനം കൂടുകയും അത് ദന്തക്ഷയത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
കുട്ടികളിൽ ദന്തക്ഷയംതുടങ്ങുന്നത്
മുൻവശത്തെ മുകളിലുള്ള രണ്ടു പല്ലുകളെയാണ് ആദ്യമായി ഇതു ബാധിക്കുന്നത്. ചെറിയ രീതിയിലുള്ള മഞ്ഞ കളറിലോ ബ്രൗണ് നിറത്തിലോ പാച്ച് വന്ന് അവിടെ ചെറിയ ഓട്ടയായി തീരുന്നു. പിന്നീട് അതു പടരുകയും മറ്റു വശങ്ങളെയും അടുത്തുള്ള പല്ലുകളെയും ബാധിക്കുകയും ചെയ്യുന്നു.
ദന്തക്ഷയം ആദ്യം കാണപ്പെടുന്നതു മുകളിലുള്ള മുൻവശത്തെ രണ്ടു പല്ലുകൾ, പിന്നെ തൊട്ടടുത്തു നിൽക്കുന്ന പല്ലുകൾ, അതിനുശേഷം മുകളിലുള്ള അണപ്പല്ലുകൾ എന്നീ ക്രമത്തിലാണ്.
പിന്നീട് രണ്ടാമത്തെ അണപ്പല്ലിലും കോന്പല്ലിലും ഏകദേശം ഒരേസമയത്തുതന്നെ കാണപ്പെടുന്നു. ഇതെല്ലാം കഴിഞ്ഞാണു താഴത്തെ വരിയിലുള്ള അണപ്പല്ലുകളെ ബാധിക്കുന്നത്.
എന്നാൽ, താഴെ മുന്നിലുള്ള പല്ലുകളെ ഇതു ബാധിക്കുന്നില്ല. കാരണം നാക്ക് ഈ പല്ലുകളെ സംരക്ഷിക്കുകയും ആ പല്ലുകൾക്ക് പുറകിൽ ഉമിനീർഗ്രന്ഥി ഉള്ളതുകാരണം കൃത്യമായ ദന്തശുചിത്വം സാധ്യമാവുകയും ചെയ്യുന്നു.
വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903