മനുഷ്യനെ മരണത്തിലേക്കു വലിച്ചെടുക്കുന്ന അസ്യാസ്ഥ്യങ്ങളുടെ മുൻപന്തിയിൽ സ്ഥാനമുറപ്പിക്കുന്നതു ഹൃദ്രോഗംതന്നെ. പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഹൃദ്രോഗം ഒരു ജീവിതശൈലീരോഗംതന്നെ.
അതായത് വികലമായ ജീവിതക്രമവും അപക്വമായ ആഹാരശൈലിയും ഒന്നിച്ചുചേരുന്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നതെന്നു പഠനങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു.
ഹൃദയപ്രവർത്തനങ്ങൾക്കു കടിഞ്ഞാണിടുന്ന കൊറോണറി ധമനികളുടെ ഉൾവ്യാസം ചെറുതായി ബ്ലോക്കുണ്ടാകാൻ സുപ്രധാന കാരണം രക്തത്തിൽ കൊളസ്ട്രോൾ കുമിഞ്ഞുകൂടുന്നതുകൊണ്ടാണെന്നു 1772 ൽ തന്നെ കണ്ടുപിടിക്കപ്പെട്ടു. അന്നു മുതൽ ഈ രംഗത്തു ഗവേഷണനിരീക്ഷണങ്ങളുടെ പ്രളയംതന്നെ ഉണ്ടായി.
കൊളസ്ട്രോൾ കൂടുന്പോൾ
മലയാളികളുടെ കൊളസ്ട്രോൾ നിലവാരം അപകടകരമാംവിധം വർധിക്കുന്നതായി ഈയടുത്ത കാലത്തും കേരളത്തിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചു.
ഒരു ദിവസം മലയാളി കഴിച്ചുതീർക്കുന്നത് 5000 ടണ് മാംസാഹാരം. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും അധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ.
കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ കായികമായ അധ്വാനങ്ങളിലേർപ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു.
ഒപ്പം കൊഴുപ്പേറിയ ഭക്ഷണപദാർഥങ്ങളായ ഫാസ്റ്റ് ഫുഡും ഫ്രൈയും പൊരിച്ചതും വറുത്തതുമായ മറ്റിനങ്ങളും ആർത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തു.
സ്വന്തം പറന്പിൽ കൃഷി ചെയ്തും വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാൻ താത്പര്യവും സമയവും നഷ്ടപ്പെട്ട മലയാളികൾ എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷണപദാർഥങ്ങളെ അഭയംപ്രാപിച്ചു തുടങ്ങി.
അങ്ങനെ ശുദ്ധസസ്യാഹാരം മാംസവിഭവങ്ങൾക്കും മറ്റു കൃത്രിമ ഭക്ഷ്യവസ്തുക്കൾക്കും വഴിമാറി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ കേരളത്തിലുള്ള ഏതാണ്ട് 50 ശതമാനം പേരിലും കൊളസ്ട്രോളിന്റെ അളവ് അതിരുകടന്നിട്ടുണ്ടെന്ന് 2013-ൽ ഇവിടെ നടന്ന ഒരു പഠനം സ്ഥിരീകരിച്ചു. 30 വയസ് കടന്ന സിംഹഭാഗം കേരളീയരും കൊളസ്ട്രോൾ രോഗികളായിത്തീരുന്നു.
14 വയസിൽ താഴെയുള്ള കുട്ടികളിലും കൊളസ്ട്രോൾ ക്രമംതെറ്റിക്കാണുന്നു. തികച്ചും അപകടകരമായ ഈ പരിണാമം ആരോഗ്യരംഗത്തെ എങ്ങോട്ടു നയിക്കും?
ഭക്ഷണശൈലിയിലെ അക്ഷരപ്പിശകുകൾ തിരുത്തി ആരോഗ്യപൂർണമായ ഒരു ജീവിതശൈലി അവലംബിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മായം കലരുന്പോൾ…
ഇന്ത്യൻ ഭക്ഷ്യവിപണിയിൽ വേഗത്തിൽ വിറ്റഴിക്കുന്ന പല ആഹാരപദാർഥങ്ങളിലും മായം കലരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ രുചിയും ഭംഗിയും വർധിപ്പിക്കാനും എളുപ്പം വിറ്റുപോകാനും പലതരം രാസവസ്തുക്കൾ കലർത്തുന്ന രീതി ആരോഗ്യരംഗത്തും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.
ധാന്യങ്ങൾ, പാൽ, എണ്ണയിൽ തയാറാക്കിയ ഭക്ഷണം, കുപ്പിവെള്ളം, ശീതളപാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഇറച്ചി തുടങ്ങി സുലഭമായ എല്ലാ ഭക്ഷ്യപദാർഥങ്ങളിലും മായം കലരുന്നുണ്ടെന്ന് പറഞ്ഞാൽ അദ്ഭുതപ്പെടേണ്ട.
അജിനോമോട്ടോ
നാവിലെ രസമുകുളങ്ങളെ ഉദ്ദീപിക്കുന്ന അജിനോമോട്ടോ അഥവാ മോണോസോഡിയം എൽ ഗ്ലൂട്ടമേറ്റ് ആദ്യമായി 1908ൽ ടോക്കിയോ സർവകലാശാലയിലെ പ്രഫ.
ഇക്കോഡ കടൽപ്പായലിൽനിന്നാണ് വേർതിരിച്ചെടുത്തത്. ഇന്ന് അജിനോമോട്ടോ കലരാത്ത ഫാസ്റ്റ് ഫുഡില്ലെന്നുതന്നെ പറയാം.
നമ്മുടെ ആഹാരക്രമം സന്പുഷ്ടമായ പഴയ ഭക്ഷണചര്യയിൽനിന്ന് വഴിമാറി ഏറെ സഞ്ചരിച്ചെന്നും ആരോഗ്യപൂർണമായ ശാരീരികസംരക്ഷണത്തിന് അതിലേക്കുള്ള തിരിച്ചുപോക്ക് അത്യന്താപേക്ഷിതമാണെന്നുമുള്ള അവബോധം ഏവർക്കുമുണ്ടാകണം.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി
എറണാകുളം