പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുന്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
ഗ്രില്ലിംഗ് ഒഴിവാക്കണം
ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുന്പോൾ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്‌ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബൺ കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുന്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.
പഴക്കംചെന്ന നോൺസ്റ്റിക് പാനുകൾ വേണ്ട
ഇനി ശ്രദ്ധിക്കേണ്ടതു പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലാണ്. അലുമിനിയം പാത്രങ്ങൾ, മൈക്രോവേവ് ഓവൻ പ്രൂഫ് അല്ലാത്ത പാത്രങ്ങൾ എന്നിവയൊക്കെ മൈക്രോവേവ് ഓവനിൽ വച്ച് ഉപയോഗിക്കരുത്. ഏറെ പഴക്കംചെന്ന നോൺ സ്റ്റിക് പാനുകളുടെ ഉപയോഗവും ആരോഗ്യകരമല്ല. ഇവയെല്ലാം കാൻസറിനു പ്രേരകമാകുന്ന സാഹചര്യങ്ങളാണ്. കോപ്പർ ബോമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങ ളാണ് പാചകത്തിന് അനുയോജ്യം, ആരോഗ്യകരം. ഇരുന്പുചട്ടി പ്രായോഗികമാണെങ്കിൽ പാചകത്തിന് അതും ഉപയോഗിക്കാം.
മീൻ കഴിക്കാം, റെഡ് മീറ്റ് വേണ്ട
മീൻ കാൻസർ പ്രതിരോധത്തിനു സഹായകം. അയല, മത്തി തുടങ്ങിയ ചെറിയ മീനുകൾ കറിവച്ചു കഴിക്കുന്നതാണ് ഉചിതം. മുട്ടയും പേടിക്കേണ്ടതില്ല. ഗ്രിൽ ചെയ്തതും സ്മോക്ക് ചെയ്തതും ചുടെുത്തതുമായ ഇറച്ചി സ്‌ഥിരമായി കഴിക്കരുത്. ഇറച്ചിയിൽത്തന്നെ വൈറ്റ് മീറ്റ്(കോഴിയിറച്ചി..) മാത്രമേ പാടുള്ളു. റെഡ്മീറ്റ് (ബീഫ്…)കാൻസർ സാധ്യത വർധിപ്പിക്കും. റെഡ് മീറ്റിൽ ഫാറ്റ് കൂടുതലാണ്. വിദേശികൾ കോഴിയുടെ കാല് കഴിക്കില്ല. അതും അവർ റെഡ് മീറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിയുടെ കാലിലെ മസിൽസ് സ്ട്രോംഗ് ആയി അതു റെഡ് മീറ്റ് ആകും. മസിലിനു നിറം നല്കുന്ന മയോഗ്ലോബിെൻറ സാന്നിധ്യം പരിഗണിച്ചാണ് വൈറ്റ് മീറ്റ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള തരംതിരിവുകൾ. ആട്ടിറച്ചിയും വൈറ്റ് മീറ്റല്ല.
പ്രാദേശികമായി കിട്ടുന്ന ഫലങ്ങൾ
ദിവസവും 100 ഗ്രാം പഴവർഗങ്ങൾ. അതിലെ ആൻറിഓക്സിഡൻറുകൾ കാൻസർ പ്രതിരോധത്തിനു സഹായകം. ചക്ക. മാങ്ങ, പപ്പായ, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയവ.
കരിഞ്ഞതും പുകഞ്ഞതും വേണ്ട
കരിഞ്ഞതും പുകഞ്ഞതുമായ ഭക്ഷണം കഴിക്കരുത്. മീൻ വറുക്കുമ്പോൾ ചട്ടിയിൽ അവശേഷിക്കുന്ന കരിഞ്ഞ പൊടി ഉപയോഗിക്കരുത്. അതു കാർബൺ ആണ്. അതു കാൻസർ പ്രേരകമാണെന്നു പഠനങ്ങൾ.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് *ഡയറ്റ് കൺസൾട്ടൻറ്