മഴക്കാലം എത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഈ കൊല്ലം കേരളത്തിൽ മഴക്കാലം എത്താൻ വൈകിയിരിക്കുകയാണ്.
എന്നാലും പല ഭാഗങ്ങളിലും പലപ്പോഴായി കനത്ത മഴ പെയ്യുന്നതായും അറിയുന്നുണ്ട്. ഇടയ്ക്കിടെ ചുവന്ന നിറത്തിലും മഞ്ഞനിറത്തിലുമുള്ള അലർട്ടുകളുടെ പ്രഖ്യാപനങ്ങളും വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മഴക്കാലമാകുന്നതോടെ അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്നു മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.
മഴക്കാലം വരുന്നതിനുമുൻപുണ്ടായിരുന്ന ചൂടിൽനിന്നു തണുപ്പിലേക്കുള്ള മാറ്റം, ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നതാണ്. വായുവിലൂടെയും വെള്ളത്തിലൂടെയും ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും.
ചർമത്തിനു വരൾച്ച
അന്തരീക്ഷത്തിലെ ഉയർന്ന താപനില വളരെ താഴ്ന്ന നിലയിലേക്കു പോകുന്നതിന്റെ ഫലമായി അന്തരീക്ഷത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്റെ ഫലമായി നമ്മുടെയെല്ലാം ശരീരത്തിലും ചില മാറ്റങ്ങൾ സംഭവിക്കുന്നതാണ്.
ഒരുപാട് പേരിൽ ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ചുമ തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്. വിട്ടുമാറാത്ത ജലദോഷം അനുഭവിക്കുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകുന്നതുമാണ്. മഴക്കാലത്ത് കുറെയേറെപേരിൽ ചർമത്തിനു വരൾച്ച അനുഭവപ്പെടുന്നതാണ്. ചിലർക്കു വായിലും കണ്ണുകളിലുംകൂടി വരൾച്ച തോന്നാറുണ്ട്.
അണുബാധ
കണ്ണുകളിലും ശ്വാസകോശങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ വേറൊരു പ്രശ്നമാണ്. രാത്രി കുറേപേരിൽ പേശികൾ കോച്ചിവലിക്കുന്നതാണ്.
ആസ്തമ, അലർജി, ഹൃദയധമനീരോഗങ്ങൾ, ചർമരോഗങ്ങൾ, സന്ധിവാതരോഗങ്ങൾ എന്നിവ അനുഭവിക്കുന്നവരിൽ ആ രോഗങ്ങളുമായി ബന്ധപ്പെടുന്ന പല പ്രശ്നങ്ങളും കൂടുതലായി അനുഭവപ്പെടാനുള്ള സാധ്യതയുംകൂടി ഉണ്ടാകാവുന്നതാണ്.
ആസ്ത്മാരോഗികൾക്ക് മഴക്കാലം ശാപമാണെന്നു പറയാറുണ്ട്. കാരണം മഴക്കാലം ആസ്തമാ രോഗികളിൽ ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകുന്ന കാലമാണ്. മൂക്കിൽനിന്നു തുടർച്ചയായി വെള്ളം ഒഴുകിക്കൊണ്ടിരിക്കും. പേശികളിൽ വേദനയും അന്നനാളത്തിൽ നീർക്കെട്ടും ഉണ്ടാകും.
സൈനുസൈറ്റിസ്, തൊണ്ടവേദന, തലവേദന എന്നിവ വേറെയും പ്രശ്നങ്ങളാണ്. എയർ കണ്ടീഷണർ ഉപയോഗിക്കുന്നവരിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഗൗരവമാകുന്നതിനും കാരണമാകാവുന്നതാണ്.
താപനിലയിൽ മാറ്റങ്ങൾ
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ അന്തരീക്ഷ താപനിലയിൽ കുറേ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. ഈ മാറ്റങ്ങൾ നമ്മുടെയൊക്കെ ശരീരത്തിലും ആരോഗ്യാവസ്ഥയിലും പല മാറ്റങ്ങളും ഉണ്ടാകുന്നതിനു കാരണമാകും.
ഇതിനൊക്കെ പുറമെയാണ് അണുബാധകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. പിന്നെ ചിക്കൻഗുനിയയും എലിപ്പനിയും. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യതയും ഉണ്ടാകുന്നതാണ്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393