ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ എല്ലുകളുടെ കട്ടി കുറയുന്നു. ദുർബലമാകുന്നു.
പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധമാകുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം.
കാൽസ്യമുണ്ട് അടുക്കളയിൽ!
കൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കാൽസ്യം സന്പന്നം.
* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം.അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും.
* 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കിഉപയോഗിക്കണം.
* മത്തി, നെത്തോലി തുടങ്ങിയ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം.
* ഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യംധാരാളം. ഇലക്കറികൾ ശീലമാക്കാം.
കൂവരകും സോയാബീനും
* വിറ്റാമിൻ ഡി അടങ്ങിയ ആഹാരവും എല്ലുകൾക്ക് ഗുണപ്രദം. അയല , മീനെണ്ണ(കോഡ് ലിവർ ഓയിൽ), സോയാബീൻ ഉത്പന്നങ്ങൾ, മുട്ട, കൂണ്, പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, കൊഴുപ്പു നീക്കം ചെയ്ത പാലും പാലുത്പന്നങ്ങളും, നട്സ് തുടങ്ങിയല വിറ്റാമിൻ ഡി സന്പന്നം.
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.
* കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതന്പുമാവിൽ സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും ഗുണകരം. ആർത്തവവിരാമം വന്ന സ്ത്രീകൾ സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം.
* നട്സ് ഇനങ്ങളിൽ ഉദാ: വാൽനട്ട് ഒമേഗ 3 ഫാറ്റി ആസിഡു കൾ ധാരാളം. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം.
*നട്സിലെ പ്രോട്ടീൻ എല്ലുകളുടെ കരുത്തു കൂട്ടുന്നതിനു സഹായകം. ചെറുപയർ, വൻപയർ, കൂവരക് എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. കൂവരക് കഴുകി ഉണക്കി പൊടിച്ചു കുറുക്കാക്കി ഉപയോഗിക്കാം.
ഉപ്പ് മിതമായി
* ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ കാൽസ്യം അധികമായി നഷ്ടമാവും.
* സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഡി ശരീരം കാൽസ്യം ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ സഹായിക്കുന്നു.
* വിറ്റാമിൻ ഡി സപ്ലിമെൻറുകൾ ഡോക്ടറുടെ നിർദേശം കൂടാതെ സ്വികരിക്കരുത്. കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവിൽ അധികമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.
* ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമരീതികളും എല്ലുകളുടെ കരുത്തു കൂട്ടുന്നു. എല്ലുകളുടെ തേയ്മാനം കുറയ്ക്കുന്നു. കരുത്തുളള പേശികൾ രൂപപ്പെടുന്നു. വീഴ്ച, ഒടിവ് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പക്ഷേ, കടുത്ത ഓസ്റ്റിയോ പൊറോസിസ് രോഗികൾ വ്യായാമമുറകൾ സ്വയം സ്വീകരിക്കരുത്.
ചെടി നനയ്ക്കൽ, നടത്തം പോലെയുളള ലഘുവായ പ്രവൃത്തികളും വ്യായാമത്തിനുളള വഴികൾ തന്നെ. നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. സാധ്യമായ ജോലികൾ ഒഴിവാക്കരുത്. ഷോപ്പിംഗിനിടെ ചെറു നടത്തം സാധ്യമാണല്ലോ. അംഗീകൃത യോഗാ പരിശീലകനിൽ നിന്നു യോഗ ശീലമാക്കുന്നതും ഉചിതം.കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചാവണം ഇതെല്ലാം ചെയ്യേണ്ടത്.
പുകയിലയും മദ്യവും
* കാപ്പിയിലെ കഫീനും കാൽസ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാൽ അമിതമായ കാപ്പികുടി വേണ്ട.
* ആൽക്കഹോളിന്റെ(മദ്യത്തിന്റെ) ഉപയോഗം എല്ലുകൾക്കു ദോഷകരം.പുകയില ഉത്പന്നങ്ങളും ഒഴിവാക്കാം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ വാങ്ങിക്കഴിക്കരുത്.