കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാതെ രോഗം നേരത്തെ കണ്ടെത്തുന്നവരിൽ രോഗരഹിതമായ അതിജീവനം വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നേരത്തെയുള്ള രോഗനിർണയം പലപ്പോഴും ശരിയായ രീതിയില്‍ നടക്കുന്നില്ല. ബോധവത്ക്കരണമാണ് രോഗനിർണയത്തിലെ പ്രധാന ഭാഗം.
ബയോ മാർക്കറുകൾ
കാൻസറിന്റെ സാന്നിധ്യം അറിയിക്കുന്ന ബയോ മാർക്കറുകള്‍ ഇന്ന് ലഭ്യമാണ്. ഇത് ഇമേജിംഗ്, ടിഷ്യൂ, സൈറ്റോലോജിക്, മോളിക്കുലാര്‍ ബയോമാർക്കറുകളാകാം. നിലവില്‍ രാജ്യമെമ്പാടുമുള്ള പ്രധാന കാൻസർ ആശുപത്രികളിലും ലബോറട്ടറികളിലും ഈ ബയോമാർക്കര്‍ ടെസ്റ്റുകള്‍ ലഭ്യമാണ്. ചില ബയോമാർക്കറുകള്‍ മികച്ച പരിശോധന ഫലം നൽകുന്നവയാണ്. ഏതു കാൻസറാണെന്നു വരെ തിരിച്ചറിയാന്‍ സാധിക്കും.
മറ്റു ചില ബയോമാർക്കറുകള്‍ കാൻസർ മാരകമാണോ അല്ലയോ എന്നു വ്യക്തമാക്കും. എന്നാല്‍ മറ്റു ചിലത് കാൻസറിന് ഏതു ചികിത്സയാണ് അനുയോജ്യമെന്ന് വരെ നിർദേശിക്കും. ബയോമാർക്കറുകളുടെ പ്രവചന ശേഷി കാൻസറിന്റെ ഏറ്റവും മികച്ച ചികിത്സാ രീതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും.
വൈകി കണ്ടെത്തുന്പോൾ….
ഒട്ടു മിക്ക കാൻസറിനും അതിന്റെ ചികിത്സാ ചെലവെന്നത് രോഗം ഏതു സ്റ്റേജിലാണെന്നതിനെയും അതിന്റെ കാഠിന്യത്തേയും ആശ്രയിച്ചിരിക്കും. വൈകിയ ഘട്ടത്തിലുള്ള കാൻസറാണെങ്കില്‍ ചെലവേറിയ വിവിധ തരത്തിലുള്ള ചികിത്സകള്‍ വേണ്ടിവരും. ഈ ഘട്ടത്തില്‍ രോഗനിർണയം നടത്തുമ്പോള്‍ പ്രധാനമായും കണക്കിലെടുക്കുന്നത് ചികിത്സ താങ്ങാനാവുന്നതാണോ അല്ലയോ എന്നതാണ്. അത്തരം സന്ദർഭങ്ങളില്‍ ചികിത്സ താങ്ങാനാവുന്നതല്ലെങ്കില് കൃത്യമായ രോഗനിർണയം അനാവശ്യമായിത്തീരും. സാധാരണഗതിയില്‍ ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും ഉള്ള ചികിത്സകളിലും കുറഞ്ഞ ചെലവിലുള്ള കീമോ തെറാപ്പിയിലും പാലിയേറ്റീവ് കെയറിലും ചികിത്സ ഒതുങ്ങും.
നേരത്തെയുള്ള രോഗനിർണയം
പ്രാരംഭ ഘട്ടത്തിലായാലും അവസാനഘട്ടത്തിലായാലും രോഗനിർണയത്തിനുള്ള ചെലവ് മാറ്റമില്ലാത്തതാണ്. നേരത്തെയുള്ള രോഗനിർണയം ശരിയായ രീതിയിലുള്ള ചികിത്സ തെരഞ്ഞെടുക്കുന്നതിനു സാധിക്കും. അവസാനഘട്ടത്തില്‍ ഫലമില്ലാതെ പോകുന്ന ചെലവു കൂടിയ ചികിത്സയേക്കാള്‍ തുടക്കത്തില്‍ തന്നെ മികച്ച ഫലം ലഭിക്കുന്ന ചികിത്സാരീതികള്‍ ഉപയോഗപ്പെടുത്താന്‍ ഇതുവഴി സാധിക്കും.
മോളിക്കുലാര്‍ ബയോമാർക്കറുകൾ
കാൻസറിന്റെ ചികിത്സാ രീതികള്‍ അതിന്റെ തീവ്രതയ്ക്കും ഘട്ടത്തിനും അനുസരിച്ച് ചെലവേറിയതായിരിക്കും. പ്രാരംഭ ഘട്ടത്തിലുള്ള ഒരു ചെറിയ ട്യൂമര്‍ ആണെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതാണ്. എന്നാല്‍ അത് തീവ്രതയേറിയ ഘട്ടത്തിലുള്ളതും മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചതുമാണെങ്കില് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാതെ കീറോ തെറാപ്പിയിലേക്കോ റേഡിയേഷന് തെറാപ്പിയിലേക്കോ ചികിത്സ മാറും. എന്നാല്‍, ഇതൊന്നും പ്രാവർത്തികമായില്ലെങ്കില്‍ മോളിക്കുലാര്‍ ബയോമാർക്കറുകളുടെ സേവനം സാധരണയായി തേടാവുന്നതാണ്.
(തുടരും)
വിവരങ്ങൾ:
ഡോ. പ്രശാന്ത് അരിയന്നൂര്‍
ക്ലിനിക്കല്‍ ജിനോമിക്സ്
ലബോറട്ടി മേധാവി,
കാർക്കിനോസ് ഹെല്‍ത്ത്കെയര്‍