തിരുവനന്തപുരം: പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നൽകുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി.
ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണത്തിനും നടപടിക്കും ആരോഗ്യമന്ത്രി നിർദേശം നൽകിയത്.
ഇപ്പോഴത്തെ സംഭവം സർക്കാർ വളരെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഫോട്ടോ പതിച്ച ഡിജിറ്റൽ കാർഡ് നൽകാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ഇതിൽ സർട്ടിഫൈ ചെയ്ത ഡോക്ടറുടെ പേരും രേഖപ്പെടുത്തും.ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനകൾക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നൽകാവൂ എന്ന വ്യവസ്ഥ നിലനിൽക്കെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരിശോധനയൊന്നുമില്ലാതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.
വിശദമായ പരിശോധനയൊന്നും നടത്താതെ ഹോട്ടൽ ജീവനക്കാരിൽ നിന്നും 300 രൂപ വാങ്ങി ഹെൽത്ത് കാർഡ് നൽകുന്നുവെന്നാണ് ആരോപണം.