വടക്കഞ്ചേരി: പാലക്കുഴി മലയോരത്തെ ഏക ചികിത്സാ കേന്ദ്രമായ ഹെൽത്ത് സെന്റർ പൊന്തക്കാട് മൂടുന്നു. അഞ്ചുമുക്ക് അയ്യപ്പൻകുടി വഴിയിലെ ഹെൽത്ത് സെന്ററിനാണ് ഈ ദുർഗതി.മലന്പ്രദ്ദേശമായ പാലക്കുഴിക്കാരുടെ ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട പ്രാഥമികാവശ്യങ്ങൾക്ക് ഓടിയെത്താവുന്ന കേന്ദ്രമായിരുന്നു ഇത്.
പ്രതിരോധ കുത്തിവെപ്പുകൾക്കും ഗർഭിണികൾക്കുമുള്ള സേവനങ്ങളും മാതൃ ശിശു പരിപാടികളും കുടുംബ ക്ഷേമ പ്രവത്തനങ്ങളും ഇവിടെ നടന്നിരുന്നു.
സാംക്രമിക രോഗനിയന്ത്രണ പരിപാടികൾക്കുപുറമെ കൗമാരപ്രായക്കാർക്കുള്ള സേവനങ്ങളും സെന്ററിൽ ലഭ്യമായിരുന്നു.എന്നാൽ ഏറെ കാലമായി സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമല്ല.ഇതിനടുത്താണ് ജില്ലാ പഞ്ചായത്തിന്റെ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി വരുന്നത്.
പദ്ധതിക്കായി ചെക്ക്ഡാമിൽ വെള്ളം സംഭരിക്കുന്പോൾ ഹെൽത്ത് സെന്റർ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നു.ചെക്ക്ഡാമിൽ അഞ്ച് മീറ്റർ ഉയരത്തിൽ വെള്ളം കെട്ടി നിർത്തും.
ഇങ്ങനെയായാൽ ഈ പ്രദ്ദേശവും മുങ്ങും.
ജലസംഭരണം നടത്തുന്പോൾ കെട്ടിടത്തിന് കുഴപ്പമുണ്ടാകില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഈ വിലയിരുത്തൽ ശരിയല്ലെന്നാണ് നാട്ടുക്കാർ പറയുന്നത്. കെട്ടിടത്തിനു ചുറ്റും ജലസംഭരണം നടത്തുന്പോൾ സെന്ററിന്റെ പ്രവർത്തനം എങ്ങനെ നടക്കുമെന്നാണ് നാട്ടുക്കാർ ചോദിക്കുന്നത്.
ഈ സൗകര്യം നഷ്ടപ്പെട്ടാൽ മലയിറങ്ങി 15 കിലോമീറ്റർ യാത്ര ചെയ്ത് വേണം മൂലങ്കോടുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലെത്താൻ. ഹെൽത്ത് സെന്ററിന് സ്ഥലം കണ്ടെത്തി പാലക്കുഴിയിലെ ചികിത്സാ കേന്ദ്രം നിലനിർത്തണമെന്നാണ് ആവശ്യം.