നെടുമങ്ങാട്: വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തിയയാൾക്ക് കോൺക്രീറ്റ് പാളി അടർന്നു തലയിൽ വീണതിനെ തുടർന്നു പരിക്കേറ്റു. മിത്രാനികേതൻ കരിമൺകോട് തടത്തരികത്തു വീട്ടിൽ കെ. ഗോപാലൻ നാടാർക്ക് (63) ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.
ഭാര്യയ്ക്കു വേണ്ടി ജീവിതശൈലി രോഗങ്ങൾക്കുള്ള ഗുളികകൾ വാങ്ങാൻ എത്തിയതായിരുന്നു ഗോപാലൻ നാടാർ. ആശുപത്രിയിൽ പഴയ അത്യാഹിതവിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് മരുന്നു വിതരണം ചെയ്യുന്നത്. ഗോപാലൻ നാടാർ രാവിലെ മരുന്നു വാങ്ങാനെത്തിയപ്പോൾ നല്ല തിരക്കായിരുന്നു.
തുടർന്നു കെട്ടിടത്തിന്റെ മുൻവശത്തുള്ള പടിയിൽ ഊഴം കാത്തിരിക്കുമ്പോഴാണു മുകളിലുള്ള കോൺക്രീറ്റ് പാളിയുടെ ഒരുഭാഗം അടർന്നു തലയിൽ വീണത്. സാരമായി പരിക്കേറ്റ ഗോപാലൻ നാടാർ വെള്ളനാട് ആശുപത്രിയിൽ തന്നെ ചികിത്സ തേടി.
ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം വരുന്ന കാഷ്വാലിറ്റിയും ചില ദിവസങ്ങളിലെ സ്പെഷൽ ക്ലിനിക്കുകളും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗത്തും കോൺക്രീറ്റ് പാളികൾ അടർന്നിരിക്കുകയാണ്.
ഇത് എപ്പോൾ വേണമെങ്കിലും രോഗികളുടെയും ജീവനക്കാരുടെയും തലയിൽ വീഴുമെന്ന അവസ്ഥയിലാണ്. കെട്ടിടം സംരക്ഷിക്കാനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.