പത്തനാപുരം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ. കഴിഞ്ഞ ആഴ്ച്ചയാണ് ഇത് താലൂക്കാശുപത്രിയായി ഉയര്‍ത്തിയത്. പത്തനാപുരത്ത് താലൂക്കാശുപത്രി വേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം അംഗീകരിച്ച അധികൃതര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.പുനലൂരും പത്തനാപുരം താലൂക്കിന്റെ ഭാഗമായിരുന്നപ്പോള്‍ താലൂക്കാശുപത്രി പുനലൂരായിരുന്നു.
പത്തനാപുരം ആസ്ഥാനമായി താലൂക്ക് രൂപീകരിച്ചപ്പോള്‍ ഇവിടെ താലൂക്കാശുപത്രി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയായിരുന്നു. താലൂക്കാശുപത്രി അനുവദിക്കുമെന്ന സാഹചര്യം വന്നതോടെ എവിടെ വേണമെന്ന കാര്യത്തില്‍ എംഎല്‍എയും സിപിഎമ്മും രണ്ട് തട്ടിലായതും വിവാദമായി.
പിടവൂരില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന സ്ഥലം താലൂക്കാശുപത്രിയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് എംഎല്‍എയും, നിലവില്‍ സിഎച്ച്സി നില്ക്കുന്ന സ്ഥലം തന്നെ വേണമെന്ന് സിപിഎമ്മും ശഠിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയതോടെ വിവാദങ്ങളും മുറുകി.
ഇതിനിടെ നിലവിലുള്ള സിഎച്ച്സി തന്നെ താലൂക്കാശുപത്രിയായി ഉയര്‍ത്തുകയായിരുന്നു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഇവിടെ കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കം ചെന്നതാണ്. ആവശ്യത്തിന് കിടക്കകളോ വാര്‍ഡുകളോ ഇല്ല.
സമീപത്ത് യുഐറ്റി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാള്‍ കൂടി ആശുപത്രിയ്ക്കായി ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നുണ്ട്. നിലവില്‍ ഉച്ച വരെയുണ്ടായിരുന്ന ഓ പി വൈകുന്നേരം ആറുവരെയാക്കിയതാണ് ഏകപരിഷ്കരണം. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.