കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ സ്വയം മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. “കോവിഡ് വന്നിട്ട് രക്ഷപ്പെട്ടതല്ലേ? ബാക്കിയുള്ളവയും സ്വയം മാറിക്കോളും” എന്ന് പലരും സമാധാനിക്കുന്നു.
എന്നാൽ, അങ്ങനെ വിചാരിച്ചിരുന്ന പലരും ആ ധാരണ തിരുത്തി ആയുർവേദ ചികിത്സ തേടി വരുന്നുണ്ട്.
പല ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പോസിറ്റീവ് ആയി ചികിത്സയ്ക്കുവേണ്ടി എത്തിയവരേക്കാൾ പത്തിരട്ടിയോളം ആൾക്കാർ നെഗറ്റീവായ ശേഷമുള്ള ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ തേടിയെത്തുന്നുണ്ട്.
സംസ്ഥാന സർക്കാർ 1206 ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പദ്ധതിയുടെ പേര് പുനർജ്ജനി എന്നാണ്.
കരൾ, ശ്വാസകോശം, ഹൃദയം
കരൾ,ശ്വാസകോശം, ഹൃദയം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ബുദ്ധിമുട്ടുകളാണ് പലർക്കുമുള്ളത്. ഇതുവരെ ഇല്ലാതിരുന്ന പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസംമുട്ട് തുടങ്ങിയ പല പ്രശ്നങ്ങളും പുതിയതായി ഉണ്ടായവരും ഉള്ള കുഴപ്പങ്ങൾ നിയന്ത്രണവിധേയമാക്കാൻ പ്രയാസമുള്ള വിധം വർധിച്ചവരുമുണ്ട്.
പിന്നീടുണ്ടായ പ്രയാസങ്ങൾ
കോവിഡ് നെഗറ്റീവാകുന്നതോടെ എല്ലാം ശരിയാകുമെന്ന് വിചാരിച്ച പലർക്കും പിന്നീടുണ്ടായ ബുദ്ധിമുട്ടുകൾ വലിയ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ശ്വാസംമുട്ടൽ, ചെറിയൊരു പ്രവർത്തി ചെയ്യുമ്പോൾ പോലുമുള്ള കിതപ്പ്, വിട്ടുമാറാത്ത ക്ഷീണം, ഉറക്കം തീരെ ഇല്ലാതാകുകയോ ഇടയ്ക്കൊന്ന് ഉണർന്നു പോയാൽ പിന്നെ എത്ര ശ്രമിച്ചാലും വീണ്ടും ഉറങ്ങുവാൻ സാധിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥ, മാനസികപ്രശ്നങ്ങൾ, കഫം വർധിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, തലവേദന, തോൾവേദന, കാലുകൾക്ക് പ്രത്യേകിച്ചും മുട്ടുകൾക്കും അതിനു താഴെയുള്ള ഭാഗത്തുമുണ്ടാകുന്ന വേദന, ശരീരഭാരം കുറയുക, എന്ത് കഴിച്ചാലും ഒരേ രുചി തന്നെ അനുഭവപ്പെടുകയോ ശരിയായ രുചിയും മണവും അറിയാൻ കഴിയാതെ വരികയോ ചെയ്യുക, ത്വക്കിനുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവയാണ് പലർക്കുമുള്ളത്. ഇവ മാറാൻ ഏറെ സമയമെടുക്കുന്നവരുമുണ്ട്. അതുമാത്രമല്ല ചികിത്സിക്കാതെ ഇവയൊന്നും മാറുന്നുമില്ല.
ഒമിക്രോൺ ബാധിതരിൽ
കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചവരിൽ ബുദ്ധിമുട്ടുകൾ കുറവായിരുന്നെങ്കിലും അത്ര സുഖകരമായ അവസ്ഥയല്ല പലർക്കുമുള്ളത്.
ശ്വസനപഥത്തിന്റെ ഊർധ്വഭാഗത്താണ് ഒമിക്രോൺ ബാധിച്ചവരിൽ കുടുതൽ പേരിലും കുഴപ്പമുണ്ടായത്. അതിനാൽതന്നെ കോവിഡിന്റെ തുടക്കത്തിൽ കണ്ടതുപോലെ ന്യുമോണിയ ഉണ്ടാകുവാനുള്ള സാദ്ധ്യതയും കുറവായിരുന്നു.
ആധുനികചികിത്സ ചെയ്യുന്നവർക്ക് ശ്വാസംമുട്ടലിനുള്ള ഇൻഹേലർ ഉൾപ്പെടെയുള്ള ചികിത്സകളും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് നൽകുന്ന ഗുളികകളും മൾട്ടി വിറ്റാമിൻ ഉൾപ്പെടെയുള്ള ഗുളികകളും ചികിത്സയായി നൽകുന്നതായിട്ടാണ് കാണുന്നത്. അത്തരം ചികിത്സകൾ ഒമിക്രോൺ ബാധിതരിൽ അത്രയൊന്നും വേണ്ടിവന്നില്ല.
കോവിഡ് ബാധിതരുടെ പ്രശ്നങ്ങൾ ശരിയായി മനസിലാക്കുന്നതിനും ചികിത്സ കൂടുതൽ കൃത്യമാക്കുന്നതിനും ഇപ്പോൾ സാധിച്ചിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ കോവിഡ് ബാധിതരെക്കുറിച്ച് ആദ്യമുണ്ടായിരുന്ന ആശങ്കകൾ മാറി കൂടുതൽ കൃത്യത കൈവന്നുവെന്ന് പറയാം.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481