കോവിഡ് ഭീതിയിലാണ് എല്ലാവരും. അതോടൊപ്പം മഴക്കാലം കൂടി എത്തുകയാണ്. ഇപ്പോള്‍ മഴക്കാലം എന്നത് രോഗങ്ങളുടെ കാലം കൂടിയാണ്.
എലിപ്പനി
ലെപ്റ്റോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്കു കാരണം. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണു രോഗാണുക്കള്‍ പുറത്തുവരുന്നത്. മലിനജലത്തില്‍ രോഗാണുക്കള്‍ സജീവമായി നിലനില്ക്കും.
രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിക്കാം.
ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചര്‍മത്തിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു.
ലക്ഷണങ്ങള്‍
കടുത്ത പനി, കാല്, കൈ, നടുവ് എന്നിവിടങ്ങളിലെ പേശികളില്‍ ശക്തമായ വേദന, കണ്ണുകള്‍ക്കു ചുവപ്പ്, കണ്ണില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍.
പ്രതിരോധ മാര്‍ഗങ്ങള്‍
പരിസര ശുചീകരണത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം.
ടൈഫോയിഡ്
സാല്‍മൊണല്ല ടൈഫിയാണ് രോഗാണു. ടൈഫോയിഡു രോഗിയുടെയും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജനങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണ സാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.
മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ടൈഫോയിഡ് ബാധിച്ച രോഗികള്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായതിനുശേഷവും ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസര്‍ജ്ജിച്ചേക്കാം.
ലക്ഷണങ്ങള്‍
ദിവസങ്ങളോളം നീളുന്ന പനിയാണു രോഗലക്ഷണം. വയറിളക്കം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും രോഗി പ്രകടിപ്പിക്കും.
പ്രതിരോധ മാര്‍ഗങ്ങള്‍
ടൈഫോയിഡ് ബാധിച്ചവര്‍ ശരിയായ ചികിത്സ പൂര്‍ണമായ കാലയളവില്‍ ചെയ്യണം. രോഗം ഭേദമായ ശേഷവും തുടര്‍ പരിശോധനകള്‍ക്കു വിധേയമാകണം. രോഗം മാറി ആറുമാസമെങ്കിലും മറ്റുള്ളവരുമായ ഇടപഴകുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.
ഫംഗസ് രോഗങ്ങള്‍
വളംകടിയാണു മഴക്കാലത്തുണ്ടാകുന്ന പ്രധാന ഫംഗസ് രോഗം. കാലിന്റെ വിരലുകള്‍ക്കിടയിലുള്ള ചര്‍മം ചൊറിഞ്ഞു പൊട്ടുന്നതാണ് ഫംഗസ് രോഗബാധയുടെ ലക്ഷണം. മന്ത് രോഗം മൂലം കാലില്‍ നീരുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇവരില്‍ ഫംഗസ് ബാധ സെല്ലുലൈറ്റിഡ് മൂലമുള്ള പനി ഉണ്ടാക്കാനുളള സാധ്യതയേറെയാണ്.പ്രതിരോധമാര്‍ഗങ്ങള്‍
കാലുകള്‍ ഈര്‍പ്പരഹിതമായി സൂക്ഷിക്കുക. മലിനജലവുമായി സമ്പര്‍ക്കം പാടില്ല. ആന്റിഫംഗല്‍ ലേപനങ്ങള്‍ ഉപയോഗിക്കുക.
(തുടരും)