രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്കെടുത്താല്‍ അതില്‍ ഏകദേശം 70 ശതമാനം ആളുകളും മലയാളികളാണെന്നതാണ് വാസ്തവം. കോവിഡ് മരണനിരക്ക് കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പകുതിയിലധികം കോവിഡ് മരണങ്ങളും കേരളത്തിലാണെന്നതാണ് വാസ്തവം.
ഇതിനിടെ മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര്‍ ഒരു ഡോസ് വാക്സീന്‍ പോലും എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്.
അതായത് വേണ്ടവര്‍ക്ക് വാക്സിന്‍ കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ വേദികളായി കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്.
ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്സീന്‍ എടുത്തിരുന്നത് 905 പേര്‍ (9.84%) മാത്രമാണ്.
വാക്സീന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേര്‍ക്ക് ആദ്യ ഡോസ് വാക്സീന്‍ നല്‍കിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
എന്നാല്‍ പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നതാണ് വസ്തുത. വീട്ടില്‍ പോയി കിടപ്പുരോഗികള്‍ക്ക് കുത്തി വയ്പ് എടുക്കുമെന്ന നിര്‍ദ്ദേശവും നടപ്പിലാകുന്നതില്‍ ഏറെ ബുദ്ധിമുട്ട് പല സ്ഥലത്തുമുണ്ട്.
വാക്സിന്‍ എടുക്കാത്ത മറ്റ് രോഗങ്ങളുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോര്‍ട്ട്. വാക്സീന്‍ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരില്‍ ഏതാണ്ട് 700 പേര്‍ ഒരു ഡോസ് മാത്രം എടുത്തവരാണ്.
മരിച്ചവരില്‍ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരായിരുന്നു.
ഡെല്‍റ്റ വകഭേദം മൂലം രോഗവ്യാപനം തീവ്രമായ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തൃശൂര്‍ ജില്ലയിലാണ് 1021. ഇതില്‍ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തത് 60 പേര്‍ മാത്രമായിരുന്നു.
പാലക്കാട്ടു മരിച്ച 958 പേരില്‍ ഒരു ഡോസ് വാക്സീന്‍ എടുത്തിരുന്നത് 89 പേര്‍ മാത്രം. വാക്സീന്‍ എടുത്തശേഷം അന്‍പതിലേറെപ്പേര്‍ മരിച്ച മറ്റു ജില്ലകള്‍ എറണാകുളം 81, കോഴിക്കോട് 74, മലപ്പുറം 73, പത്തനംതിട്ട 53.
രണ്ടു ഡോസും എടുത്തശേഷം മരിച്ചവര്‍ ഓരോ ജില്ലയിലും ശരാശരി 15 മാത്രം. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരുമായ ഒമ്പത് ലക്ഷത്തോളം പേര്‍ വാക്സീന്‍ എടുക്കാന്‍ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മരിച്ച 9195 പേരില്‍ 6200 പേര്‍ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്. പ്രമേഹം 26.41%, രക്തസമ്മര്‍ദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്ഡ് 1.67 %. എന്നിങ്ങനെ പോകുന്നു കോവിഡ് മൂലം മരണപ്പെട്ട മറ്റു രോഗമുള്ളവരുടെ കണക്ക്.