പ്രമേഹരോഗികളിൽ ഹാർട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റി അത്ര എളുപ്പമുള്ള കാര്യമല്ല. തണുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്കരമാണ്.
പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാൽ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും.
ബൈപാസ് സർജറി
അതുകൊണ്ടുതന്നെ സാധാരണഗതിയിൽ പ്രമേഹരോഗികളെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണു പതിവ്. കൂടുതൽ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപാസ് സർജറിതന്നെ.
പഞ്ചസാര അധികമുള്ളതു …
ആൻജിയോപ്ലാസ്റ്റിക്കോ ബൈപാസ് സർജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തിൽ കർശനമായ പല പരിവർത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതൽതന്നെയാണ് രോഗിയെ അകാലമൃത്യുവിൽനിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വർജിച്ചതുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം.
പട്ടിണി കിടക്കണമെന്നല്ല
പ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ പഠിക്കണം. കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി ആരംഭിക്കണം. കുറഞ്ഞത് 45 മിനിറ്റെങ്കിലും ദിവസേന വ്യായാമം ചെയ്യണം.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പൊതുവായ ശരീരാരോഗ്യം സന്തുലിതമാകാനും വ്യായാമം എന്ന ഔഷധം അനിവാര്യം. ഹൃദ്രോഗവിദഗ്ധൻ നിർദേശിക്കുന്ന ഔഷധങ്ങൾ പിഴവുകൂടാതെ സേവിക്കണം.
എച്ച്ബി എ വൺ സി
വൈദ്യനിർദേശമില്ലാതെ യാതൊരു കാരണവശാലും മരുന്നുകൾ നിർത്തരുത്. ബ്ലഡ് ഷുഗറും കൊളസ്ട്രോളും നിശ്ചിത കാലയളവിൽ പരിശോധിച്ച് തിട്ടപ്പെടുത്തണം.
ഹൃദ്രോഗ പരിശോധനകളായ എക്കോകാർഡിയോഗ്രാഫിയും ട്രെഡ്മിൽ ടെസ്റ്റും കൃത്യമായ കാലയളവിൽ ചെയ്യണം. പ്രമേഹ സൂചകമായ എച്ച്ബിഎ വൺ സി 6.5 ൽ താഴെയാവാൻ പരിശ്രമിക്കണം. രക്തസമ്മർദവും അമിതവണ്ണവും കർശനമായി നിയന്ത്രിക്കണം.
ഒറ്റമൂലികളില്ല
പ്രമേഹ നിയന്ത്രണത്തിന് കുറുക്കുവഴികളില്ലെന്നോർക്കണം. പരസ്യങ്ങൾക്കോ ഒറ്റമൂലികൾക്കോ പിറകേ പോയി വഞ്ചിതരാകരുത്. അല്പമൊന്നു മെനക്കെട്ടാൽ പ്രമേഹരോഗിയുടെ ജീതം തികച്ചും ആസ്വാദ്യജനകമാകും.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം