പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കുക….ഇങ്ങനെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തുന്നത് ഉചിതം. നേരത്തേ തന്നെ രോഗം കണ്ടെത്താനും ശരിയായ രീതിയിലുള്ള ചികിത്സ ആരംഭിക്കാനും അത് സഹായകം.
ഇരുപത്തഞ്ചിലും!
വിദേശ രാജ്യങ്ങളിൽ നാൽപത് വയസ് കഴിഞ്ഞവരിലാണ് പ്രമേഹം കൂടുതലായി കാണുന്നത്. ഇന്ത്യയിൽ പ്രമേഹം ഏറെപ്പേരിൽ യൗവനത്തിൽ തന്നെ ആരംഭിക്കും എന്നാണ് പുതിയ വിവരം. അതായത് ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ. മുപ്പത്തിയഞ്ച് വയസിൽ ഏറെപ്പേർ പ്രമേഹ രോഗികളായി മാറുന്നുണ്ട്.
പ്രമേഹപാരന്പര്യം ഉള്ളവർ…
എല്ലാവരും തന്നെ ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിൽ ആദ്യത്തെ പരിശോധന നടത്തുകയാണു നല്ലത്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവർ ആണെങ്കിൽ ഇരുപത് വയസിനു മുമ്പുതന്നെ പരിശോധന നടത്തണം. കാരണം, അങ്ങനെയുള്ളവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ, അച്ഛനും അമ്മയ്ക്കും പ്രമേഹം ഇല്ലാതിരിക്കുകയും രണ്ട് തലമുറ മുമ്പുള്ളവർക്ക് രോഗം ഉണ്ടായിരുന്നു എന്നതാണ് സ്ഥിതിയെങ്കിൽ അത്ര നേരത്തേ തന്നെ പരിശോധന നടത്തണം എന്ന് നിർബന്ധമില്ല.
40 വയസ് കഴിഞ്ഞാൽ എല്ലാവരും കൊല്ലത്തിൽ ഒരു പ്രാവശ്യമെങ്കിലും രക്തത്തിലെ പഞ്ചസാര നില പരിശോധിക്കണം.
പ്രമേഹം എത്രയും നേരത്തേ കണ്ടെത്തു കയും ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് ചികിത്സ കൈകാര്യം ചെയ്യുകയുമാണെങ്കിൽ പ്രമേഹം നിയന്ത്രണത്തിലാകും എന്നു മാത്രമല്ല, ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.
വൈകി കണ്ടെത്തിയാൽ…
രോഗം മനസിലാക്കുന്നതിന് കാലതാമസം ഉണ്ടാവുകയും ചികിത്സ ശാസ്ത്രീയമാകാതിരിക്കുകയുമാണെങ്കിൽ ആജീവനാന്ത പ്രമേഹരോഗി ആയി മാറാനുള്ള സാധ്യത കൂടുതലാണ്.
ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
പ്രമേഹ ചികിത്സയിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ആഹാരത്തിൽ ക്രമീകരണങ്ങൾ ചെയ്യുന്നതിലായിരിക്കണം. അടുത്ത പ്രാധാന്യം വ്യായാമത്തിനാണ്. രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗിയെയും രോഗിയുടെ വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടു ത്താനാണ് മൂന്നാമത് ശ്രദ്ധിക്കേണ്ടത്. നാലാമത് ശ്രദ്ധിക്കേണ്ടത് മാനസിക സംഘർഷം ഇല്ലാതെ ജീവിക്കുക എന്നുള്ളതാണ്. അണുബാധകൾ ഉണ്ടെങ്കിൽ അത് കൈകാര്യം ചെയ്യുകയായിരിക്കണം അഞ്ചാമത്തെ വിഷയം. അതിനു ശേഷം മാത്രമാണ് മരുന്നുകൾക്കുള്ള സ്ഥാനം.
(തുടരും)