റോബിൻ ജോർജ്
കൊടും ചൂടിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. ഇപ്പോഴാകട്ടെ പുലർച്ചെ തണുപ്പും പകൽ സമയത്ത് കത്തുന്ന വെയിലുമാണ് അനുഭവപ്പെടുന്നത്. പത്തുമണി കഴിഞ്ഞാൽ പുറത്തിറങ്ങാനാവാത്ത അത്ര ചൂടാണ് പല മേഖലകളിലും. വരും ആഴ്ചകളിൽ വേനൽ കനക്കുന്നതോടെ പല രോഗങ്ങളും മുളച്ചുപൊന്താൻ സാധ്യതയേറെയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ കുറെ വർഷങ്ങളായി സൂര്യാഘാതം മൂലമുള്ള മരണങ്ങളും കണ്ടുവരുന്നു.
ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാവുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, വൈറൽപനി, ടൈഫോയ്ഡ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിർജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങൾ പടരാനുള്ള സാധ്യതയും ഏറെ.
പകൽസമയത്ത് 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്തു വെയിലേൽക്കുന്നതു കഴിവതും ഒഴിവാക്കുകയാണു പ്രാഥമികമായി ചെയ്യാവുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദേശിക്കുന്നു. ഉച്ചസമയത്ത് വെയിലേറ്റു കളിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ, നിർമാണ മേഖലയിലുള്ളവർ എന്നിവരും വേനൽക്കാല രോഗങ്ങൾ വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ നിരവധി
കഠിനമായ ചൂട് മനുഷ്യശരീരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിൽ ഒന്ന് നിർജലീകരണമാണ്. ശരീരത്തിൽനിന്നു ജലവും ധാതു ലവണങ്ങളും അമിതമായി വിയർപ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.
ഏറ്റവും ആദ്യം ബാധിക്കുക വൃക്കകളെയാകും. മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യതയും പതിന്മടങ്ങ് വർധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളു പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര മുതൽ മൂന്നു ലിറ്റർ വെള്ളംവരെ കുടിക്കണമെന്നാണ് അധികൃതർ പറയുന്നത്. മദ്യം, കാപ്പി, ചായ, കോളകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം.
പഴങ്ങളും പഴച്ചാറുകളും നന്നായി ഉപയോഗിക്കാം. ഉപ്പ് ചേർത്ത വെള്ളം വളരെ നല്ലതാണ്. കനത്ത ചൂട് മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് ചൂടുകുരു. വിയർപ്പുഗ്രന്ഥികൾ അടഞ്ഞുപോകുന്നതുമൂലമാണ് ചൂടുകുരു ഉണ്ടാകുന്നത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കില്ലെങ്കിലും അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയേറെ.
അയഞ്ഞ കോട്ടണ് വസ്ത്രങ്ങൾ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തിൽ രണ്ടുനേരം കുളിക്കുകയും ചെയ്താൽ ഇത് സ്വയമേ പരിഹരിക്കപ്പെടും. സൂര്യാഘാതമാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതിൽ തന്നെ അത്ര സാരമല്ലാത്ത സൂര്യതാപം ചർമത്തെയാണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളിൽ തൊലിപ്പുറത്ത് നീറ്റലോ, വെള്ളം വീഴുന്പോൾ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേൽപ്പാളി പൊളിഞ്ഞിളകും.
ക്രമേണ ചർമം പഴയപടി ആയിത്തീരും. സൂര്യനിൽനിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളേൽക്കുന്നതാണ് പ്രശ്നം. വേനൽ കടുക്കുന്നതോടെ പ്രായഭേദമെന്യേ ഉണ്ടാകുന്ന രോഗമാണ് ചിക്കൻപോക്സ്. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായേക്കാം. തുടക്കത്തിൽതന്നെ വിദഗ്ധ ചികിത്സ തേടുന്നത് രോഗം പൂർണമായി ഭേദമാകാൻ സഹായിക്കുമെന്നും രോഗംമൂലമുള്ള മറ്റ് അസ്വസ്ഥതകൾ ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഗുരുതരമായ സൂര്യാഘാതം രണ്ടുതരത്തിൽ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിർന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തിൽപെട്ട സൂര്യാഘാതം കണ്ടുവരുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തിൽ കഴിയുന്നവർക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതൽ അപസ്മാര ചേഷ്ടകൾക്കും തുടർന്ന് ഗാഢമായ അബോധാവസ്ഥയ്ക്കും വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളിൽ സൂര്യാഘാതത്തെ തുടർന്ന് ചർമം ഉണങ്ങി വരണ്ടിരിക്കും.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിൽ അമിത ചൂടിൽ അത്യധ്വാനത്തിലേർപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണു രണ്ടാമത്തേത്. പേശികളിലെ പ്രോട്ടീനുകൾ വിഘടിക്കുകയും ഇത് വൃക്കകളിൽ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടർന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരിൽ ആദ്യം പറഞ്ഞതിൽനിന്നും വ്യത്യസ്തമായി ശരീരം വിയർത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാൽ ഉടൻതന്നെ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ തീവ്രപരിചരണം നൽകിയില്ലെങ്കിൽ മരണ സാധ്യത 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തിൽനിന്ന് രക്ഷപ്പെട്ടവരിൽ 20 ശതമാനത്തിനും തലച്ചോറിൽ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓർമക്കുറവ്, നാഡീഞരന്പുകളുടെ തളർച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ
സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമാണെന്ന് അധികൃതർ പറയുന്നു. വിളർച്ച ബാധിച്ച പോലത്തെ ചർമ്മം, ഓക്കാനവും ചെറിയ തലകറക്കവും, സാധാരണയിലധികമായി വിയർക്കുക, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, ആഴം കുറഞ്ഞ, എന്നാൽ വേഗം കൂടിയ ശ്വാസമെടുപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം. ഈ ലക്ഷണങ്ങൾ എന്തെങ്കിലും തോന്നിയാൽ, ഉടനെ അടുത്തുള്ള തണലിൽ/തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂർ കഴിഞ്ഞും ബുദ്ധിമുട്ടുകൾ മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണം.
ചില അവസരങ്ങളിൽ ഉടൻ ചികിത്സ തേടേണ്ട അവസ്ഥയും സംജാതമായേക്കാം. ചർമ്മം ഒട്ടും തന്നെ വിയർക്കാത്ത അവസ്ഥ, ഒപ്പം ചൂടുള്ളതും വരണ്ടതും ചുവന്നതും ആണെങ്കിൽ, സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, അപസ്മാരം, കാഴ്ച മങ്ങുക, വിങ്ങുന്ന തലവേദന, മനംപുരട്ടൽ, ശ്വാസം മുട്ടൽ, ശരീര ഉൗഷ്മാവ് 40 ഡിഗ്രി സെൽഷ്യസിലും കൂടുതലാകുക, കൃഷ്ണമണി സങ്കോചിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം.
പ്രഥമ ശുശ്രൂഷ
ആഘാതമേറ്റയാളെ ഉടൻതന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം. ശരീരത്തിലെ വസ്ത്രങ്ങൾ ഉൗരിമാറ്റുക, മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കിൽ തുടച്ചുമാറ്റുക, ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടയ്ക്കുക, വെള്ളത്തിൽ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയുകയോ ഐസ് കട്ടകൾ ശരീരഭാഗങ്ങളിൽ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വയ്ക്കുന്നതും നന്നായിരിക്കും.
തുടർന്ന് ശക്തിയായി വീശുകയോ ഫാൻ കൊണ്ട് ദേഹം തണുപ്പിക്കുകയോ ധാരാളം ജലം കുടിക്കാനായി നൽകുയോ ചെയ്യുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്യുക.
ആവശ്യത്തിന് വെള്ളം
ദിനവും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ദിവസവും കുറഞ്ഞത് മൂന്ന് ലീറ്റർ വെള്ളം കുടിച്ചു എന്നുറപ്പു വരുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കൂടുതൽ അളവ് വെള്ളം ഒന്നോ രണ്ടോ തവണയായി കുടിക്കുന്നതിനു പകരം ചെറിയ ഇടവേളകളിൽ കുടിക്കുക. തണുത്ത വെള്ളം ഉപയോഗിക്കാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അധികൃതർ പറയുന്നു.
തണുപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാകും ചൂട് കാലത്ത് ഉത്തമമെന്നും ശുദ്ധീകരിച്ച ജലം മണ്പാത്രത്തിലോ കൂജയിലോ വച്ചു തണുപ്പിച്ചു കുടിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും അധികൃതർ പറയുന്നു. പഴവർഗങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഉത്തമമാണ്.
നാടൻ പപ്പായ, കൈതച്ചക്ക, കരിക്ക് എന്നിവയ്ക്കു മുൻതുക്കം നൽകാം. വെയിലത്തു കുട ഉപയോഗിക്കുന്നതു ശീലമാക്കുകയും അസഹനീയമായ ചൂട് ഉള്ളപ്പോൾ കാൽനടയാത്ര ഒഴിവാക്കണമെന്നും ചൂടു കൂടുതലുള്ളപ്പോൾ ശുദ്ധജലം ഉപയോഗിച്ചു ദിവസം നിരവധി തവണ കണ്ണു കഴുകണമെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.