ഫുഡ് അഡിറ്റീവ്സിനെക്കുറിച്ച്് ഉപഭോക്താവിനു കൃത്യമായ അറിവ് ഉണ്ടായിരിക്കണം. ദിവസവും നാം ഉപയോ ഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനും മറ്റും പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും പലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. അവയാണു ഫുഡ് അഡിറ്റീവ്സ്.
പതിവാക്കിയാൽ കഥ മാറും!
കവറിൽ പായ്ക്ക് ചെയ്തു വരുന്ന ബട്ടർ ചിക്കൻ, ചില്ലിചിക്കൻ, ഇൻസ്റ്റൻറ് ബിരിയാണി മിക്സ് ഇവയിലൊക്കെ ഇത്തരം രാസപദാർഥങ്ങൾ കൂടുതലാണ്. റിഫൈൻ ചെയ്ത ഒന്നോ രണ്ടോ വിഭവം ഒരുദിവസം കഴിച്ചാൽ തന്നെ എത്രയധികം രാസവസ്തുക്കൾ നാമറിയാതെതന്നെ ആമാശയത്തിലെത്തുന്നുണ്ട്!
പരസ്യം കണ്ടു വാങ്ങിയാൽ…
ഗാഢത കൂടിയ സിറപ്പുകൾ, ഐസ്ക്രീം, റെഡിമെയ്ഡ് സൂപ്പ് എന്നിവയൊക്കെ ശീലമാക്കരുത്. റെഡിമെയ്ഡ് സൂപ്പിൽ കുറച്ചു പച്ചക്കറികളൊക്കെ ഉണ്ടെങ്കിലും അവ ഡീഹൈഡ്രേറ്റ് ചെയ്യപ്പെട്ടവയാണ്.
പച്ചക്കറി ചേർന്നതാണെന്ന് വലിയ പരസ്യമൊക്കെ കണ്ടിട്ടാവും പലപ്പോഴും നാം അതുവാങ്ങി കഴിക്കുന്നത്. ഡീഹൈഡ്രേറ്റ് ചെയ്തതിനാൽ അതിൽ പോഷകങ്ങൾ കാണില്ല എന്നതാണു വാസ്തവം. അല്പം എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ചൂടാക്കുന്പോൾ അതും നഷ്ടമായിരിക്കും.
ചപ്പാത്തിയെ വെറുതേ വിട്ടൂടെ?
പരക്കെ പ്രചാരമുള്ള ചപ്പാത്തിയിലും ദോശമാവിലുമൊക്കെ പ്രിസർവേറ്റീവുകൾ ചേർക്കുന്നുണ്ട്. ദോശമാവും ഇപ്പോൾ മിക്കവരും പുറമേ നിന്നു വാങ്ങുകയാണ്.
വീട്ടിൽ അരച്ച മാവിൽ ചുടുന്ന ദോശയും പുറമേ നിന്നുവാങ്ങിയ മാവ് ഉപയോഗിച്ചു തയാറാക്കുന്ന ദോശയും തമ്മിൽ രുചിവ്യത്യാസമുണ്ടെന്നാണ് മിക്കവരുടെയും അനുഭവം.
അച്ചാറിൽ എന്തിന് ഇത്രയധികം എണ്ണ?
വിപണിയിൽ നിന്നു വാങ്ങുന്ന അച്ചാറുകളിൽ വീട്ടിൽ തയാറാക്കുന്നതിൽ ഉള്ളതിലും എണ്ണ കൂടുതലായിരിക്കും. പിക്കിൾ ഇൻ ഓയിൽ എന്നു തന്നെ അതിൽ രേഖപ്പെടുത്തിയിരിക്കും. കാൽ ശതമാനം എണ്ണ തന്നെ.
അച്ചാറുകൾ അസിഡിക് ആകാതിരിക്കാൻ അതിൽ പ്രിസർവേറ്റീവുകൾ ചേർക്കാറുണ്ട്. അസിഡിക് ആയാൽ അതു പെട്ടെന്നു ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്.
കുട്ടികളുടെ കാര്യമല്ലേ നോ! കോംപ്രമൈസ്!
ഫുഡ് അഡിറ്റീവ്സ് ചേർത്ത ഭക്ഷണം ശീലമാക്കുന്ന കുട്ടികൾക്ക് ചെവിയിൽ അണുബാധ, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവയ്ക്കു സാധ്യതയുള്ളതായി പഠനങ്ങൾ സൂചനനല്കുന്നു.
അഡിറ്റീവ്സ് അനുവദനീയമായ തോതിലാണോ ചേർത്തിരിക്കുന്നത് എന്നതു സംബന്ധിച്ചു കൃത്യമായി അറിയാൻ നിർവാഹമില്ലാത്തതിനാൽ അവ ചേർന്ന ഭക്ഷണം കുട്ടികൾക്കു പതിവായി നല്കരുത്. പ്രോസസ് ചെയ്ത ഭക്ഷണം കുറച്ചുമാത്രം ഉപയോഗിക്കുക; ശീലമാക്കരുത്.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്