മൈഗ്രേൻ അഥവാ ചെന്നികുത്ത് എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യന്റെ ക്രിയാശേഷി കുറയ്ക്കുന്ന കാരണക്കാരിൽ ഏഴാം സ്ഥാനമാണിവന്. ലോകജനസംഖ്യയിൽ 5% ജനങ്ങളിൽ കാണുന്ന ഈ രോഗത്തിനു ആധുനിക ജീവിത രീതിയും അനുബന്ധ മാനസിക സംഘർഷങ്ങളുമൊക്കെ കാരണമാണ്.
അമേരിക്കയിലെ കണക്കുകൾ കുറച്ചുകൂടി വ്യക്തമാണ്. 37 മില്യണ്‍ തലവേദനക്കാരുണ്ടിവിടെ. ഒരോദിവസവും 4,30,000 ആളുകൾ മൈഗ്രേൻ കൊണ്ടു ജോലിക്കു പോകാൻ സാധിക്കാതെയുണ്ടത്രെ. 157 മില്യണ്‍ പ്രവർത്തി ദിനങ്ങൾ ഒരു വർഷം ഇത്തരത്തിൽ നഷ്ടമാകുന്നുവെന്നാണു കണക്ക്. മൂന്നിൽ രണ്ടുപേർക്കും ഇതു പാരന്പര്യമായി കിട്ടാറുണ്ട്.
ജൂലിയസ് സീസർ,വർജീനിയ വൂൾഫ്, തോമസ് ജഫേഴ്സൻ,സിഗ്മണ്ട് ഫ്രോയ്ഡ്, നെപ്പോളിയൻ, എലിസബത് ടെയ്ലർ,വിൻസന്റ് വാൻഗോഗ്, എബ്രഹാം ലിങ്കന്റെ ഭാര്യ മേരി റ്റോഡ് ലിങ്കണ്, സല്മാൻ റുഷ്ദി, സെറീന വില്യംസ് എന്നു തുടങ്ങി അതിപ്രശസ്തരായ ധാരാളം പേർ ഈ രോഗം അനുഭവിച്ചിരുന്നവരാണ്.
ആധുനിക വൈദ്യ ശാസ്ത്രത്തിന് ഇതൊരു കീറാമുട്ടിയാണ്. വേദന വരുന്പോൾ വേദന സംഹാരി കഴിക്കുക, തലയ്ക്ക് മാരകമായ തകരാറൊന്നുമില്ലെന്നുറപ്പിക്കാൻ ഒരു എം.ആർ.ഐ. സ്കാൻ ചെയ്തുനോക്കുക ഇതൊക്കെയാണു നിലവിലുള്ള ചികിൽസാ രീതി.
അമേരിക്കൻ തലവേദന സമതി (എ.എച്ച്.എ) യുടെ വേദന നിർണയ അളവുകോലനുസരിച്ച് പ്രസവവേദനയുടെ തൊട്ടുതാഴെ ഏഴാം സ്ഥാനത്താണു മൈഗ്രേൻ തലവേദനയുടെ സ്ഥാനം. മൈഗ്രേൻ ഡിസെബിലിറ്റി അസ്സസ്മന്റ് സ്കോർ വച്ച് അളന്നു നോക്കിയാണു തലവേദന നമ്മുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു വെന്നും, മരുന്നു കഴിച്ചശേഷം എത്രമാത്രം കുറഞ്ഞുവെന്നും കണക്കാക്കുന്നത്.
ഒന്നാമൻ ക്ലാസിക്കൽ മൈഗ്രേൻ
കാലം കഴിയുംതോറും രോഗത്തിന്റെ തീവ്രത കുറയുകയോ, രോഗി, രോഗവുമായി പൊരുത്തപ്പെട്ട് ഒഴിവാക്കാനാവാത്ത ഈ ശത്രുവിനെ കൂടെക്കൂട്ടി ജീവിക്കാമെന്നു കരുതുകയോ ചെയ്യുന്നു. അന്താരാഷ്്ട്ര തലവേദന സമതി മൈഗ്രേനെ ഏഴായി തരം തിരിച്ചിട്ടുണ്ട് അവയിൽ ക്ലാസിക്കൽ മൈഗ്രേൻ ആണ് ഒന്നാമൻ. ഇത്തരം തലവേദന വരുന്നതിനു ഏകദേശം അരമണിക്കൂർ മുന്‍പ് ചില സൂചനാ തോന്നലുകൾ അഥവാ ഓറ ഉണ്ടാവും.ദൃശ്യ വിഭ്രമങ്ങളാണു പ്രധാനം. ചിലർ തലവേദന സമയത്ത് വസ്തുക്കളെ രണ്ടായി കാണുന്നു. ഡിപ്ലൊപ്പിയ എന്നാണിതിനു പേർ.
കാഴ്ച്ചയ്ക്കൊരു ചാഞ്ചാട്ടം!!
കണ്ണിൽ പൊന്നീച്ച പറക്കുന്ന പോലെയോ,കാഴ്ച്ചയ്ക്കൊരു ചാഞ്ചാട്ടം പോലെയോ, പകുതി കാഴ്ച മാത്രമായി തോന്നുകയോ, ചിലഭാഗം മാത്രം കാണാതായി തോന്നുകയോ ഒക്കെയാവാം. ചിലർക്ക് മായക്കണ്ണാടിയിൽ നോക്കുന്ന പോലെ രൂപങ്ങൾ വളഞ്ഞുപുളഞ്ഞും ചിലഭാഗം മാത്രം വീർത്തുമൊക്കെ തോന്നാം
ചിലർക്ക് ശരീരത്തിലവിടവിടെ കുത്തലോ മരവിപ്പോ തോന്നാം. ദുർഗന്ധം തോന്നാം, സംസാര വൈഷമ്യം, സംസാരിക്കുന്പോൾ തെറ്റുകൾ വരുക എന്നിങ്ങനെയും ഓറ കാണാറുണ്ട്..അപ്പോഴേ മുൻ കൂറായി വേദന സംഹാരി മരുന്നു കഴിക്കുകയോ, ജോലികളെല്ലാം തീർത്ത് തലവേദനയനുഭവിക്കാൻ റെഡിയായിരിക്കുകയോ രോഗികൾ ചെയ്യാറുണ്ട്. തലവേദനയുടെ സമയത്ത് നെറ്റിയുടെ ഇരുവശത്തെയും രക്തക്കുഴലുകൾ തടിച്ചിരിക്കുകയും ഹൃദയ താളത്തിനനുസരിച്ച് സ്പന്ദിക്കുകയും ചെയ്യും.
നാഡികളുടെ പ്രവർത്തന തകരാറുകൾക്കൊപ്പം സിരകളിലും ധമനികളിലും കാപ്പിലറികളിലുമുണ്ടാകുന്ന താല്‍ക്കലിക സങ്കോച വികാസങ്ങളാണു രോഗത്തോടൊപ്പം പ്രകടമായി കാണുന്ന തകരാറെന്നതിനാൽ ന്യൂറോ വസ്കുലാർ ഹെഡ് ഏക്ക് എന്ന വിഭാഗത്തിലാണു മൈഗ്രേൻ തലവേദനയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെന്നിക്കുത്ത്
ക്ലാസ്സിക്കൽ മൈഗ്രേൻ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണതിനെ ചെന്നിക്കുത്തെന്നു നാടൻ ഭാഷയിൽ പറയുന്നത്.തലവേദനയോടൊപ്പം ഓക്കാനവും ചർദ്ദിയും വരാം, ചിലരിൽ ഛർദ്ദിച്ചാൽ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ, രണ്ടു വശത്തും ഒരുമിച്ച് വരുകയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയിൽ ഓറ സാധാരണ കാണാറില്ല.
അതിനാൽ അതിനെ കോമണ്‍ മൈഗ്രേൻ എന്നു പറയുന്നു. ശരീരത്തിന്റെ ഒരു വശം താല്‍ക്കാലികമായി തളരുന്ന ഹെമിപ്ളീജിക് മൈഗ്രേൻ, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാർ മൈഗ്രേൻ, റെറ്റിനൽ മൈഗ്രേൻ, കുട്ടികളിലുണ്ടാകുന്ന മൈഗ്രേൻ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈൻ.
രോഗം വരുത്തുന്നതും കൂട്ടുന്നതുമായ സാഹചര്യങ്ങൾ:
ചൂടുകാലത്ത് മൈഗ്രേൻ കൂടുതലായി കാണുന്നതിനാലാവാം. ജൂണ്‍ മാസത്തെ മൈഗ്രേൻ അവേർനസ് മാസമായി അമേരിക്കൻ നാഷണൽ ഹെഡ് ഏക്ക് ഫൌണ്ടേഷൻ പ്രഖ്യാപിക്കുകയും , പർപ്പിൾ റിബ്ബണ്‍ ബോധവല്‍ക്കരണപരിപാടികൾ നടത്തുകയും ചെയ്യുന്നത്.
വെയിൽകൊള്ളുക, അധികരിച്ച ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മർദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആർത്തവകാലം, ഹോർമോണ്‍ വ്യതിയാനങ്ങൾ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം.
ടൈറാമിൻ എന്ന അമിനോ ആസിഡ് കൂടുതലുള്ള ചില ഭക്ഷണങ്ങൾ (ഉദാ: ചോക്ളേറ്റ്, ചിലയിനം മദ്യങ്ങൾ, സോയ ഉത്പന്നങ്ങൾ.) രക്തസമ്മർദ്ദം കൂട്ടുന്നതിനോടൊപ്പം മൈഗ്രൈൻ ഉണ്ടാക്കുന്നു.
തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയിൽ നെറ്റിയിൽ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങിയെഴുന്നേറ്റാൽ തലവേദന ശമിക്കുമെന്നാണു ഭുരിഭാഗം രോഗികളും പറയുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിനു പൂർണമായി ശമനം നല്കാൻ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികിൽസയിലൂടെ മൂന്നു മാസം കൊണ്ടു പൂർണ്ണമായി ശമിപ്പിക്കാൻ സാധിക്കും.വേദന കൂടിയാലുപയോഗിക്കാവുന്ന താല്കാലിക വേദന സംഹാരികളും ഹോമിയോപ്പതിയിലുണ്ട്.
സമം സമേന ശാന്തി എന്ന പ്രകൃതി തത്വമനുസരിച്ച് മനുഷ്യരിൽ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണു ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്.ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും ദൂഷ്യഫലങ്ങൾ കുറഞ്ഞ ചികിൽസാരീതിയായ ഹോമിയോപ്പതി, ഇന്നു മാറാവുന്ന ഏതുരോഗവും മാറ്റാവുന്ന രീതിയിലേക്കു വളർന്നിരിക്കുന്നു. മൈഗ്രൈൻ അതിലൊന്നു മാത്രമാണ്.
ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാൽ രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ മൈഗ്രേൻ പൂർണമായി മാറ്റാൻ സാധിക്കും.അംഗീകൃത ചികിൽസാ യോഗ്യതയും ചികിൽസാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.