ഹാർട്ടറ്റാക്ക് ഉണ്ടാകുന്നവരിൽ ഏതാണ്ട് 90 ശതമാനം രോഗികളും തീവ്ര പരിചരണവിഭാഗത്തിൽ അകപ്പെടുന്പോഴാണു തങ്ങൾക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീർണതകളെയുംപറ്റി ചിന്തിക്കുന്നത്.
തീവ്രപരിചരണവിഭാഗത്തിൽവച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങൾക്കു വർധിച്ച കൊളസ്ട്രോളും അമിത രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസിലാകുന്നത്.
ഈ രോഗാതുരതകൾ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാ പദ്ധതികളും പ്രതിരോധമാർഗങ്ങളും സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താനകപ്പെട്ട മാരകാവസ്ഥയിൽനിന്നു രക്ഷപ്പെട്ടു നിൽക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവർ തളരുന്നു.
എന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലിൽ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുന്പോൾ ജീവനെ താങ്ങിനിർത്തുന്ന പല സുപ്രധാന ഘടകങ്ങളെയുംപറ്റി ഓർക്കാൻ ആർക്കു സമയമിരിക്കുന്നു.
രോഗഭയം കൂടുന്പോൾ…
മുന്പ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തിൽ രോഗങ്ങളോടുള്ള ഭയം അമിതമായി വർധിക്കുന്നതായി കാണുന്നത്.
എന്നാൽ, ചില യാഥാർഥ്യങ്ങൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്-19 രോഗബാധമൂലമല്ല ലോകത്ത് കൂടുതൽ ആളുകൾ മരണപ്പെടുന്നത്.
പ്രതിദിനം ലോകത്താകമാനമായി ഏകദേശം ഒരു ലക്ഷം പേരാണ് ആകെ മരണപ്പെടുന്നതെന്നാണു കണക്ക്. ഇതിൽ ഏറ്റവുമധികം ആൾക്കാർ മരണപ്പെടുന്നത് ഇപ്പോഴും ഹൃദയധമനീ രോഗങ്ങൾകൊണ്ടുതന്നെ (48,742), അതുകഴിഞ്ഞാൽ അർബുദം (26,181), പിന്നെ വിവിധ ശ്വാസകോശരോഗങ്ങൾ (10,724), അതിനുപിന്നിൽ മറവിരോഗം, ആമാശയാന്ത്ര രോഗങ്ങൾ, പ്രമേഹം, കരൾ രോഗങ്ങൾ തുടങ്ങിയവതന്നെ.
ഈ കണക്കുകളുമായി താരതമ്യപ്പെടുത്തിയാൽ കോവിഡ്-19 ബാധമൂലം പ്രതിദിനം 7500 ഓളം പേരാണ് ഇപ്പോഴത്തെ അവസ്ഥയിൽ മരണമടയുന്നത്. ഇതിൽനിന്നു നാം മനസിലാക്കേണ്ടത് ഏറ്റവും കൂടുതൽ ആൾക്കാരെ മൃത്യുവിനിരയാക്കുന്ന സുപ്രധാന വില്ലാൻ കോവിഡ് കാലത്തും ഹൃദയധമനീ രോഗങ്ങൾ തന്നെയാണ് എന്നതുതന്നെ.
കർശനമായ ജീവിതശൈലി
ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും പിടിയിലൊതുക്കാൻ ഏറ്റവും മെച്ചം പ്രതിരോധമാർഗങ്ങളോ ചികിത്സാ പദ്ധതികളോ എന്നതിനെപ്പറ്റി ചർച്ചകളും പഠനങ്ങളും തുടങ്ങിയിട്ടു ദശകങ്ങളായി.
രോഗപ്രതിരോധരംഗത്തും ചികിത്സാരംഗത്തും നടന്ന ചില സുപ്രധാന ഗവേഷണങ്ങളെയും ക്രോഡീകരിച്ച് ഹൃദ്രോഗാനന്തര മരണസംഖ്യ പ്രതിരോധ നടപടികൾകൊണ്ടോ സാങ്കേതികമികവുള്ള നൂതന ചികിത്സാവിധികൾകൊണ്ടാണോ കൂടുതൽ കുറയ്ക്കാൻ സാധിച്ചത് എന്നു വിലയിരുത്തപ്പെട്ടു.
1975-നും 2000-നുമിടയ്ക്കു നടന്ന ചില നിരീക്ഷണ പഠനങ്ങളിലും അസന്നിഗ്ധം തെളിയിക്കപ്പെട്ടത്, കർശനമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിലൂടെയും ആപത്ഘട്ടങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിലൂടെയും 51 ശതമാനവും വിവിധ ചികിത്സാരീതികളിലൂടെ 40 ശതമാനവും ഹൃദ്രോഗാനന്തര മരണസംഖ്യ കുറയ്ക്കാന് സാധിച്ചു എന്നതാണ്.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം