ചവറ: പാർട്ടി പത്രമെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആശുപത്രി ജീവനക്കാരിയെ അതേ വകുപ്പിലുള്ള മറ്റൊരു ജീവനക്കാരി മർദ്ദിച്ചതായി പരാതി. തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ സാവിത്രിക്കാണ് ജീവനക്കാരിയുടെ മർദ്ദനമേറ്റത്. തെക്കുംഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായ സുശീലക്കെതിരെയാണ് തെക്കുംഭാഗം പോലീസിൽ ശാസ്താംകോട്ട ഭരണിക്കാവ് ശിവഗംഗയിൽ സാവിത്രി (52) പരാതി നൽകിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ സുശീല പത്രം എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടിൽ പാർട്ടി പത്രം വരുത്തുന്നുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞതിൽ പ്രകോപിതയായി തന്നെ മർദിക്കുകയായിരുന്നു എന്ന് ചികിത്സയിലുള്ള സാവിത്രി പറയുന്നു.
നിരവധി അസഭ്യവാക്കുകൾ പറഞ്ഞ് കൊണ്ട് രണ്ട് തവണ തന്നെ പിടിച്ചു തെള്ളിയെന്നും സാവിത്രി പറഞ്ഞു . എൻജിഒ യൂണിയന്റെ സംസ്ഥാന ഭാരവാഹിയാണന്ന് പറഞ്ഞായിരുന്നു ആക്രോശവും അക്രമവുമെന്ന് തെക്കുംഭാഗം പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
മർദന വിവരം ആശുപത്രി അധികൃതരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറായില്ലന്ന് ആക്ഷേപമുണ്ട്. തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ കൃത്യമായി എത്താറില്ലെന്നും സംഭവമറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാർ പറഞ്ഞു. ഇതിനിടയിൽ പാർട്ടി പ്രവർത്തകർ ഇടപെട്ട് സംഭവം ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നുണ്ട്. സാവിത്രി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.