സി.സി.സോമൻ
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇനി ഓരോരുത്തർക്കും കാർഡ്. ഒരു കുടുംബത്തിന് ഒരു കാർഡ് എന്ന നിലവിലുള്ള നിബന്ധനയാണ് ഉടനെ മാറ്റുന്നത്. ഇപ്പോൾ കാർഡ് പുതുക്കുന്ന നടപടികൾ നടന്നു വരികയാണ്. കാർഡിൽ പേരുള്ളവരിൽ പുതുക്കാൻ വരുന്നവരുടെ പേരിലാണ് ഇപ്പോൾ കാർഡ് ലഭിക്കുന്നതിനുള്ള സ്ലിപ്പ് നല്കുന്നത്. താമസിയാതെ എല്ലാവർക്കും ഓരോ കാർഡ് എന്ന നടപടിയിലേക്ക് എത്തുമെന്ന് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്ന ലേബർ ഡിപ്പാർട്ടുമെന്റ് അധികൃതർ വ്യക്തമാക്കി.
ഇപ്പോൾ കുടുംബത്തിലെ ഒരംഗത്തിന്റെ പേരിലാണ് കാർഡ് പുതുക്കുന്നതെങ്കിലും കുടുംബത്തിലെ മറ്റുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ തുടർന്നും ലഭിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് അംഗങ്ങളിൽ ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ നിലവിലുള്ള കാർഡിലൂടെ അവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അതല്ലെങ്കിൽ അവർക്കും പുതുക്കാനുള്ള അവസരം സർക്കാർ നല്കും.
സർക്കാർ ആശുപത്രികൾക്കു പുറമെ ചില സ്വകാര്യ ആശുപത്രികളിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കും. സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് പൂർത്തിയായി വരുന്നതേയുള്ളു. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ സൗജന്യ ചികിത്സാ നിരക്ക് ഏപ്രിൽ ഒന്നു മുതൽ അഞ്ചു ലക്ഷമാക്കി ഉയർത്തി. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം മൂലമാണ് സർക്കാർ ഇക്കാര്യം പരസ്യപ്പെടുത്താതിരുന്നത്.
നേരത്തേ 30,000 രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഒരു വർഷം കുടുംബത്തിന് ലഭിച്ചിരുന്നത്. മൊത്തം 42 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കാൻസർ, ഹൃരോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള ചെലവേറിയ ചികിത്സ തേടുന്നവർക്കാണ് ഏറ്റവുമധികം പ്രയോജനം. സ്വകാര്യ കന്പനിയായ റിലയൻസ് ആണ് ഇൻഷ്വറൻസ് നടത്തിപ്പ് കരാറെടുത്തിരിക്കുന്നത്. 1671 രൂപ പ്രീമിയം അടച്ചാൽ ഒരു കുടുംബത്തിന് വർഷം അഞ്ചു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നല്കാമെന്നാണ് റിലയൻസ് കന്പനി സർക്കാരുമായുണ്ടാക്കിയ കരാർ.
സംസ്ഥാനത്തെ 21 ലക്ഷം കുടുംബങ്ങൾക്കുള്ള പ്രീമിയം കേന്ദ്ര സർക്കാരാണ് നല്കുന്നത്. പ്രീമിയം തുകയായ 1671 രൂപയുടെ 60 ശതമാനം കേന്ദ്ര സർക്കാരും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരും നല്കും. സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത മറ്റ് 21 ലക്ഷം കുടുംങ്ങളുടെ മുഴുവൻ പ്രീമിയവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതടക്കം 42 ലക്ഷം കുടുംബങ്ങൾ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കീഴിൽ വരും.