മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് എ വൈറസാണു മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്തു രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണ സാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ടത്ര വ്യക്തിശുചിത്വം പാലിക്കാതെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടും.
ഛര്‍ദി, അതിസാരം
ബാക്ടീരിയയും വൈറസുമാണ് രോഗാണുക്കള്‍. മലിനമായ ജലം, മലിനജലം കലര്‍ന്ന ആഹാരസാധനങ്ങള്‍ എന്നിവയിലൂടെയാണു രോഗം പകരുന്നത്. ശരീരത്തില്‍ നിന്നു ജലാംശവും ലവണാംശവും നഷ്ടപ്പെടുന്നു. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഇതു ഗുരുതരമാകുന്നു.
പ്രതിരോധമാര്‍ഗങ്ങള്‍
വീട്ടില്‍ത്തന്നെ ചെയ്യാവുന്ന പാനീയ ചികിത്സ രോഗലക്ഷണം കണ്ടുതുടങ്ങുന്ന ഉടന്‍ നല്‍കണം. 200 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഒരു നുള്ള് കറിയുപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും കലര്‍ത്തി ഇടവിട്ട് കൊടുക്കണം.
ഒആര്‍എസ് പാക്കറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച പാനീയം, കഞ്ഞിവെള്ളം, കരിക്കിന് വെളളം തുടങ്ങിയ എല്ലാ പാനീയങ്ങളും നല്‍കാം.
വൈറല്‍ പനി
റൈനോ വൈറസ്, അഡിനോ വൈറസ്, ഇന്‍ഫ്ളൂവെന്‍സ വൈറസ് എന്നിവയാണ് രോഗാണു. പെട്ടെന്നു പിടിപെടുന്ന രോഗമാണിത്. ഒരാള്‍ക്കു വന്നാല്‍ വായുവിലൂടെ മറ്റൊരാളിലെത്തുന്നു.
ലക്ഷണങ്ങള്‍
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ശരീരവേദന എന്നിവയാണു രോഗലക്ഷണങ്ങള്‍.
പ്രതിരോധമാര്‍ഗങ്ങള്‍
സാധാരണ ഏഴുദിവസംകൊണ്ടു രോഗം മാറും. എന്നാല്‍ നേരത്തെ ബാക്ടീരിയ രോഗാണുബാധ ഉണ്ടായവരില്‍ വൈറല്‍പ്പനി ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയിലെക്കെത്താന്‍ സാധ്യതയുള്ളതിനാല്‍ ചികിത്സ തേടണം.
വ്യക്തിശുചിത്വവും പരിസരശുചിത്വവും
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. അഞ്ചുമിനിറ്റ് എങ്കിലും വെട്ടിത്തിളയ്ക്കുന്ന വെളളത്തില്‍ മിക്ക രോഗാണുക്കളും നശിക്കും. ഭക്ഷണം ചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കണം.
ആഹാരസാധനങ്ങള്‍ വ്യത്തിയായി അടച്ചു സൂക്ഷിക്കുക. മുറിവുള്ളവര്‍ മലിനജലത്തിലൂടെ നടക്കുകയും മറ്റും ചെയ്യരുത്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. മലിനവസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
ടോയ്ലറ്റുകള് വ്യത്തിയായി സൂക്ഷിക്കുക. കുട്ടികളെ ടോയ്ലറ്റ് ഉപയോഗിക്കാന്‍ ശീലിപ്പിക്കണം.
സ്വയം ചികിത്സ അപകടം
രോഗം മൂര്‍ച്ഛിക്കുന്നതിന് പലപ്പോഴും കാരണം സ്വയം ചികിത്സയാണ്. എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളില്‍ സ്വയം ചികിത്സയ്ക്കെടുക്കുന്ന സമയമാണു പലപ്പോഴും ദുരന്തത്തിനു കാരണമാകുന്നത്.
മഴക്കാല രോഗങ്ങള്‍ അകറ്റാന്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണത്തിനു മുമ്പു സോപ്പുപയോഗിച്ചു കഴുകുക. ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി മാത്രം കഴിക്കണം.
ഈച്ചശല്യം തടയുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കരുത്. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
ചിരട്ടകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. അല്പം വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറണം.
രണ്ടാഴ്ച കൂടുമ്പോള്‍ കിണറ്റില്‍ ക്ലോറിന്‍ ചേര്‍ക്കണം. മലിനജലം ഒഴുക്കിവിടാന്‍ അഴുക്കുചാല്‍ ഉണ്ടാകണം.