തിരുവനന്തപുരം: ജര്മനിയില് ആരോഗ്യമേഖലയില് നഴ്സുമാര് ഉള്പ്പെടെ ആരോഗ്യപ്രവര്ത്തകരുടെ നിരവധി ഒഴിവുകളാണുള്ളതെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നോര്ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി പറഞ്ഞു.
പ്ലസ് ടുവിനുശേഷം ജര്മനിയില് സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനും തുടര്ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്ക്ക റൂട്ട്സ് ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില് സംഘടിപ്പിച്ച ഇന്ഫോ സെഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോര്ക്ക റൂട്ട്സ് ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാമില് പഠനത്തിനും തൊഴില് പരിശീലനത്തിനുമൊപ്പം പ്രഫഷനില് കൂടുതല് മികവും നേട്ടങ്ങളും കൈവരിക്കുന്നതിനും അവസരമുണ്ട്. ആശുപത്രിയിലും കെയര്ഹോമിലും പരിശീലനം ലഭിക്കുമെന്നത് നഴ്സിംഗ് പ്രഫഷനില് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജര്മ്മന് ഫെഡറല് എംപ്ലോയ്മെന്റ് ഏജന്സിയുടെ ഇന്റര്നാഷണല് പ്ലേസ്മെന്റ് സര്വീസസ് (ഇസഡ് എ വി) പ്രതിനിധികളായ ലോറ, ഖാലിദ് എന്നിവര് ക്ലാസ് നയിച്ചു. മാതാപിതാക്കളുടെയും ഉദ്യോര്ഥികളുടെയും സംശയങ്ങള്ക്ക് ഇരുവരും മറുപടി നല്കി.
നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര് പ്രകാശ് പി. ജോസഫ് പദ്ധതി വിശദീകരിച്ചു. ഇതോടൊപ്പം ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക് ഒഴിവുള്ള 20 സ്ലോട്ടുകളിലേക്കുളള സര്ട്ടിഫിക്കറ്റ് വെരിക്കേഷനും നടന്നു.
സര്ട്ടിഫിക്കറ്റ് വെരിഫിക്കേഷനില് തെരഞ്ഞെടുക്കപ്പെട്ടവര്ക്ക് മാര്ച്ച് ആറു മുതല് 11 വരെ നടക്കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കാന് അവസരമുണ്ടാകും. ജര്മന് ഭാഷയില് ബി വണ് അല്ലെങ്കില് ബി ടൂ ലെവല് പാസായര്ക്കാണ് പ്രോഗാമില് പങ്കെടുക്കാന് അവസരം. നോര്ക്ക മുഖേന നടത്തുന്ന ഈ പ്രോഗ്രാം പൂര്ണമായും സൗജന്യമാണ്.
നോര്ക്ക റൂട്ട്സും ജര്മ്മന് ഫെഡറല് എംപ്ലോയ്മെന്റ് ഏജന്സിയും ജര്മന് ഏജന്സി ഫോര് ഇന്റര്നാഷണല് കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.