നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ജില്ലാ ആശുപത്രിയുടെ കെട്ടിടനിര്മാണം നിലച്ചു. കരാറുകാരന് പണം നല്കാതായതോടെയാണ് നിര്മാണം നിര്ത്തിവച്ചിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2020ല് നിര്മാണം ആരംഭിച്ചതാണ്.നിലവിലുണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങള് പൊളിച്ചുമാറ്റിയാണ് ഏഴു നിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ നിര്മാണം ആരംഭിച്ചത്.
ഇതിനായി 59.30 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്, യഥാസമയം കരാറുകാരന് പണം ലഭിക്കാതായതോടെ ഒരു വര്ഷമായി നിര്മാണപ്രവര്ത്തനങ്ങള് ഇഴഞ്ഞുനീങ്ങുകയായിരുന്നു.ഇതാണ് ഇപ്പോൾ പൂർണമായും നിർത്തിവച്ചിരിക്കുന്നത്. കരാറുകാരന് കുടിശികയിനത്തില് 10 കോടിയിലധികം രൂപ സര്ക്കാര് നല്കാനുണ്ട്.
ഒരു വര്ഷത്തോളമായി 10 തൊഴിലാളികള് മാത്രമായിരുന്നു ഈ വലിയ പ്രോജക്ടിന്റെ നിര്മാണത്തിനായി ഉണ്ടായിരുന്നത്. ഇപ്പോള് മുഴുവന് തൊഴിലാളികളെയും പിൻവലിച്ചിരിക്കുകയാണ്.നാല് സൂപ്പര്വൈസര്മാര് മാത്രമാണ് ഇപ്പോള് ഇവിടെയുള്ളത്. ഇവര്ക്കും ശമ്പളം കിട്ടാതായതോടെ ഇവര് താമസിക്കുന്ന വീടിന്റെ വാടക എട്ടു മാസത്തോളമായി കുടിശിഖയുമാണ്.
ഇതിനിടെ, നിലവിലുള്ള ഐപി ബ്ലോക്കില് പുരുഷന്മാരുടെ വാര്ഡില് കോണ്ക്രീറ്റ് അടര്ന്നുവീഴുന്നത് ഭീഷണിയുമായിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്ക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ബ്ലോക്ക് പഞ്ചായത്തിന് കത്ത് നല്കിയിരുന്നു. എന്നാല്, ഈ ഐപി ബ്ലോക്ക് പൂര്ണമായും പൊളിച്ചുമാറ്റി ഇവിടെ പുതിയ കെട്ടിടം നിര്മിക്കുന്നതിന് കരാര് നല്കിയിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികള് നടത്താന് പറ്റാത്ത സാഹചര്യവുമാണ്.
150 കിടക്കകളും എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളും ഉള്ക്കൊള്ളുന്ന വലിയ ആശുപത്രി സമുച്ചയമാണ് വിഭാവനം ചെയ്തിരുന്നത്. അഞ്ച് വര്ഷം പിന്നിടുമ്പോള് ഇവയുടെ നിര്മാണം തന്നെ പാതിവഴിയില് നിലച്ചിരിക്കുകയാണ്. നിലവിലുള്ള ആശുപത്രിയുടെ സ്ഥിതിയും ഗുരുതരമാണ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് ഐപി, ഒപി ബ്ലോക്കുകള് പ്രവര്ത്തിക്കുന്നത്.
ആവശ്യത്തിന് ഡോക്ടര്മാരോ സൗകര്യങ്ങളോ ഇല്ലാത്തതിനാല് മറ്റ് ആശുപത്രിളെ സമീപിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. യഥാസമയം ചികിത്സ ലഭിക്കാതെ കഴിഞ്ഞ അഞ്ചുവര്ഷത്തിനിടെ നിരവധി ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.
കാര്ഷികമേഖലയും തോട്ടം മേഖലയുമായ ഉടുമ്പന്ചോല താലൂക്കില് മറ്റ് ചികിത്സാ സൗകര്യങ്ങള് ഇല്ലാത്തതിനാല് ഗുരുതരമായ രോഗങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള് തേനി, കോട്ടയം മെഡിക്കല് കോളജുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്.ആശുപത്രിയുടെ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് പണം അനുവദിക്കാത്തത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവും ശക്തമാണ്.