ന്യൂഡൽഹി: ദൈവവിശ്വാസം തെളിയിക്കാൻ ആൾക്കൂട്ടത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. വിശ്വാസം തെളിയിക്കാന്‍ ആളുകള്‍ കൂട്ടംകൂടണമെന്നും ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മന്ത്രി മുന്നയിപ്പ് നല്കി. ഉത്സവ സീസൺ വരാനിരിക്കെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധരാണെങ്കിൽ, രാജ്യത്തെ സ്ഥിതി വീണ്ടും വഷളാകും. മാത്രമല്ല ആരോഗ്യരംഗത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ജീവിതം അപകടത്തിലാക്കി ഉത്സവങ്ങൾ ആഘോഷിക്കണമെന്ന് ഒരു മതനേതാക്കളും പറയുന്നില്ല. പ്രാർഥനയ്ക്കായി നിങ്ങൾ വലിയ ആലയങ്ങളിൽ പോകണമെന്ന് ഒരു ദൈവവും പറയുന്നില്ല.
പുറത്ത് രോഗ ഭീഷണി ഉണ്ടെന്ന് അറിയാമെങ്കിലും ഇപ്പോഴും മതത്തിന്റെ പേരിൽ ഇത്തരം ഇടങ്ങളിലേക്കുപോകുന്നു. ഇത്തരം ഉത്സവങ്ങളുടെ അർത്ഥമെന്താണെന്ന് മന്ത്രി ചോദിച്ചു.
വീടുകളിൽ നിങ്ങളുടെ ദേവന്മാരോട് പ്രാർത്ഥിക്കാം. നിങ്ങൾ എല്ലാവരും നിങ്ങളുടെ കുടുംബത്തോടൊപ്പം ഉത്സവങ്ങൾ ആഘോഷിക്കാൻ നിർദേശിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നും അതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തണുത്ത കാലാവസ്ഥ വൈറസ് വ്യാപനം കൂട്ടും. അതിനാല്‍ വരാനിരിക്കുന്ന ശൈത്യകാലം നിര്‍ണായകമാണ്. പരമാവധി ജനങ്ങള്‍ക്ക് വാക്സീന് പരിരക്ഷ ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികളെ പങ്കാളികളാക്കുമെന്നും ഹര്ഷ്വര്ധന് പറഞ്ഞു.