കൊല്ലം: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായ പരിപാടിയില്‍ നടത്തിയ കൂട്ടയോട്ടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നേതൃത്വം നല്കി.കന്റോണ്‍മെന്റ് മൈതാനിയില്‍ തുടങ്ങിയ കൂട്ടനടത്തം സിറ്റി പോലീസ് കമ്മിഷണര്‍ പി കെ മധു ഫ്ളാഗ് ഓഫ് ചെയ്തു.
നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍, ആരോഗ്യവകുപ്പ് – ദേശീയ ആരോഗ്യദൗത്യം ജീവനക്കാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ഥികള്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. കെഎസ്ആര്‍ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം. കുടുംബവും പ്രമേഹവും എന്ന വിഷയം ആസ്പദമാക്കിയാണ് ഇത്തവണത്തെ പ്രമേഹദിനാചരണം.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് പ്രമേഹദിന സന്ദേശം.പ്രമേഹ ദിനപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വഹിച്ചു. സുരക്ഷിത ഭക്ഷണശീലങ്ങളിലേക്ക് സമൂഹം മാറി ചിന്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ആര്. ജയശങ്കര്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആര്. ഹരികുമാര്‍ സന്ദേശം നല്കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര്. സന്ധ്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ജെ. മണികണ്ഠന്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കാക്കരിശ്ശി നാടകവും അരങ്ങേറി. രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സന്ദേശമാക്കിയ നാടകമാണ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് അരങ്ങേറിയത്. കുട്ടികള്‍ വരെ പ്രമേഹത്തിന്റെ പിടിയിലാകുന്നതും അതിന്റെ അനന്തരഫലങ്ങളും സരസമായി അവതരിപ്പിച്ച നാടകം കൗതുകമായി.
ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍, ഇരവിപുരം, പെരുമണ്‍, ചടയമംഗലം, വിളക്കുടി, വെളിയം, കെ എസ് പുരം, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു.