രോഗ കാരണങ്ങളെന്തൊക്കെയാണെന്നും എന്തുകൊണ്ട് അവ രോഗകാരണമാകുന്നുവെന്നും എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ലെന്നും വ്യക്തമാക്കാൻ ഒരു ആയുർവേദ ചികിത്സകന് നിഷ്പ്രയാസം സാധിക്കുമല്ലോ.
ഓരോ രോഗിയിലും…
രോഗിയുടെ ശാരീരിക വ്യതിയാനങ്ങൾക്കനുസരിച്ച് പലവിധ ആയുർവേദ മരുന്നുകളുണ്ട്. അവയിൽ തന്നെ തലയിൽ തേയ്ക്കുവാൻ എണ്ണ വേണമോ?എങ്കിൽ ഏത് വേണം? തുടർച്ചയായി കഴിക്കുവാൻ ഏത് മരുന്ന്?
ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മചികിത്സകളിൽ നസ്യം തുടങ്ങിയവയ്ക്ക് ഏത് മരുന്നുപയോഗിച്ച് പ്രയോജനപ്പെടുത്താം? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തങ്ങളാണ്.
രോഗത്തിന്റെയും അവ കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസിലാക്കി മാത്രമേ ഒരു ചികിത്സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളൂ. അലർജിക് റൈനൈ റ്റിസിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്.
നസ്യം എങ്ങനെ?
നസ്യം ചെയ്യുന്നതും അതിനായുള്ള മരുന്ന് ഉപയോഗിക്കുന്നതും ശ്രദ്ധിച്ചാവണം. ക്ഷീരബല ആവർത്തിച്ചത് ബൃംഹണത്തിനും അണുതൈലം ശമനത്തിനും തുളസിയുടെയും തുമ്പയുടേയും സ്വരസം മുതലായവ വിരേചന നസ്യത്തിനും ഉപയോഗിക്കണം.
വാഗ്ഭടാചാര്യൻ നിർദ്ദേശിക്കുന്ന ശുണ്ഡ്യാദിനസ്യതൈലം വളരെ ഫലപ്രദമാണ്.ചുക്ക്, കൊട്ടം, തിപ്പലി, വിഴാലരി, ഉണക്കമുന്തിരി എന്നിവ കല്ക്കത്തിനും കഷായത്തിനുമെടുത്ത് എള്ളെണ്ണയിൽ മൃദു പാകത്തിലരിച്ചാണ് നസ്യം ചെയ്യേണ്ടത്.വിധി പ്രകാരമുള്ള ശോധന കർമ്മത്തിന് ശേഷം മാത്രം നസ്യം ചെയ്യുക.
അവിപത്തിചൂർണം
അവിപത്തിചൂർണം കൊണ്ട് വയറിളക്കുന്നതും ശമനമായി പ്രയോഗിക്കുന്നതും ഹരിദ്രാഖണ്ഡം ഇടയ്ക്കിടെ കഴിക്കുന്നതും വലിയ പ്രയോജനം ചെയ്യാറുണ്ട്.
ചെറിയ ചൂടുള്ള പാലിൽമഞ്ഞൾപ്പൊടി ചേർത്ത്...
ചെറിയ ചൂടുള്ള പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നതും ഇഞ്ചിയും തുളസിയിലയും ചേർത്ത പാനീയങ്ങളും നല്ല ഫലം നൽകും. ശമന ചികിത്സയ്ക്കു മുമ്പ് കൃമിഘ്ന വടി ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമായി കാണുന്നു.
ഇന്ദുകാന്തം കഷായമോ സിറപ്പോ നല്ല ഫലം നൽകുന്നു.തൊലിപ്പുറത്ത് വിചർച്ചിക പോലെയും ശീതപിത്തം പോലെയും ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ത്വക്കിനെ കൂടി പരിഗണിച്ചുള്ള ചികിത്സകളും അനിവാര്യമാണ്.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481