രോഗം വരാതെ നോക്കുക, പരമമായി രോഗങ്ങളെ പ്രതിരോധിക്കാൻ ഉദ്യമിക്കുക, ഹൃദ്രോഗത്തിന്റെ കാര്യത്തിലും അതു സാധ്യമാണ്. ഹൃദയധമനീ രോഗങ്ങൾ, അർബുദം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ കുതിച്ചുയരുകയാണ്. ഇതുമൂലം മരിക്കുന്നവരിൽ പകുതിപ്പേരും ഹൃദയധമനീ രോഗങ്ങൾകൊണ്ടുതന്നെയാണെന്നു വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. 2025 ആകുന്പോഴേക്കും മരണസംഖ്യ 25 ശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായി ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇത്തവണത്തെ ഹൃദയദിനാചരണം. ലോക ഹൃദയദിനം ആരംഭിച്ചിട്ട് ഒന്നരദശകം പിന്നിട്ടു. 2000ൽ തുടങ്ങിയ വേൾഡ് ഹാർട്ട് ഡേ ഓരോ വർഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഹൃദയാരോഗ്യം സുരക്ഷിതമാക്കാനും അതുവഴി ഹൃദ്രോഗത്തെ തടയാനും നിങ്ങൾ അനുവർത്തിക്കുന്ന പ്രതിരോധ നടപടികൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവയ്ക്കണമെന്ന് ഈ വർഷത്തെ ഹൃദയദിനം ആഹ്വാനം ചെയ്യുന്നു.
ഹൃദയരക്ഷയും കരുത്തും കരുതലും പങ്കുവയ്ക്കുക. ഒരു മഹാമാരി പോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ എല്ലാവരുടെയും പൂർണസഹകരണത്തോടെ പ്രതിരോധിക്കാനാണ് പതിനെട്ടാം ലോക ഹൃദയദിനം ലക്ഷ്യമിടുന്നതും. അതിനായി നാലു പ്രതിരോധ ചുവടുവയ്പുകൾ പ്രവർത്തനപഥത്തിൽ കൊണ്ടുവരണമെന്ന് ഹൃദയദിനം നിഷ്കർഷിക്കുന്നതും.
ഹൃദയത്തിനുള്ള ഇന്ധനം (ഭക്ഷണം) അപകടരഹിതവും ആരോഗ്യപൂർണവുമാക്കുക, കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികളിലൂടെ ഹൃദയാരോഗ്യം പുനഃസ്ഥാപിക്കുക, മാരകമായ പുകവലി പരിപൂർണമായി വർജിച്ചുകൊണ്ട് ഹൃദയത്തോട് സ്നേഹം പുലർത്തുക, രക്തസമ്മർദത്തിന്റെയും കൊളസ്ട്രോളിന്റെയും ശരീരഭാരത്തിന്റെയും അളവുകൾ അറിഞ്ഞ് അവയെ നിയന്ത്രണവിധേയമാക്കുക.”ആഹാരം മഹാഭേഷജം.’ ആഹാരത്തിന്റെ പോഷണശാസ്ത്രത്തിൽ ശ്രദ്ധകൊടുക്കാതിരുന്നാൽ രോഗങ്ങൾ ഉണ്ടാകുന്നു എന്ന തിരിച്ചറിവ് പണ്ടുമുതലേ ഉണ്ടായിരുന്നു. അതുകൊണ്ട് ആഹാരപാനീയങ്ങൾ പഥ്യവും ശുദ്ധവും കറകലരാത്തതുമാവണം.
പാരന്പര്യ ഭക്ഷണം ഉപേക്ഷിച്ച മലയാളി
ഒരുകാലത്ത് പൂർണാരോഗ്യത്തിന്റെ ശുദ്ധസ്രോതസായിരുന്ന നമ്മുടെ കേരളീയ പാരന്പര്യഭക്ഷണം ഇന്നെവിടെപ്പോയി? അത് ലോകത്തിന്റെ ആരോഗ്യശ്രേണികളിൽത്തന്നെ സ്ഥാനംപിടിച്ചു. ഈ കൊച്ചുകേരളത്തിന്റെ ആഹാരശൈലി. കേരളത്തിന്റേതായ സാന്പാറും അവിയലും തീയലും തോരനും പുഴുക്കും പുട്ടും ദോശയും ഇഡ്ഡലിയും ഒക്കെ പോഷകസന്പുഷ്ടമായ വിഭവങ്ങളായിരുന്നു. സ്വന്തം പറന്പിലോ പാടത്തോ കൃഷിചെയ്ത് വിഷം തളിക്കാതെ പറിച്ചെടുക്കുന്ന കായ്കനികൾ കേരളീയതരെ രോഗാതുരതയിൽനിന്ന് പരിരക്ഷിച്ചു. എന്നാൽ ഇന്ന് കേരളത്തിൽ സ്ഥിതി മാറിക്കഴിഞ്ഞു. ജീവിക്കാൻ പോയിട്ട് സമയത്ത് കൃത്യമായി ഭക്ഷണം കഴിക്കാൻപോലും സമയം നഷ്ടപ്പെട്ട മലയാളി, അടങ്ങാത്ത വിശപ്പ് ശമിപ്പിക്കാൻ കുറുക്കുവഴികൾ തേടിയലയുകയാണ് ചെയ്തത്. മലയാളിയുടെ ഇടംവലം നോക്കാത്ത നെട്ടോട്ടത്തിൽ അവനെ ഒരു നീരാളിയെപ്പോലെ ജീവിതശൈലീ രോഗങ്ങൾ വാരിപ്പുണർന്നു. ഇന്നത്തെ മലയാളി, രക്ഷപ്പെടാനാവാത്തവിധം ഈ അശാസ്ത്രീയ ഭക്ഷണശൈലികൾക്ക് അടിമപ്പെട്ടു. ഈ അടിമത്തമാകട്ടെ അവനെ ഏറെ സങ്കീർണമായ ജീവിതശൈലീ രോഗങ്ങളിൽ കൊണ്ടെത്തിച്ചു. കൊഴുപ്പും ഉപ്പും മധുരവും വിഷലിപ്തമായ രാസപദാർഥങ്ങളുംകൊണ്ട് സന്പുഷ്ടമാണ് മലയാളിയുടെ നിത്യഭക്ഷണം.
2500 വർഷം മുൻപ് രചിക്കപ്പെട്ട അടിസ്ഥാന ആയുർവേദ ഗ്രന്ഥങ്ങളിൽ പലവട്ടം പ്രതിപാദിച്ചിട്ടുള്ള കൃത്യവും ഉൗർജസ്വലവുമായ വ്യായാമപദ്ധതികളുടെ പൊരുൾ എന്താണ്? “ഹിതാഹാരോ മിതായാസോ ഭൂഗതാവശ്വനീസൂതൗ’ എന്നതിന്റെ അർഥം, ഹിതമായ ആഹാരവും മിതമായ ആയാസവും (വ്യായാമം) ഭൂമിയിൽ പിറന്ന അശ്വിനീദേവന്മാരെപ്പോലെ നമ്മെ സമസ്ത രോഗങ്ങളിൽനിന്നും പരിരക്ഷിക്കുന്നു എന്നാണ്.
ഭക്ഷണം കുറച്ചു കഴിച്ച് അനങ്ങാതിരിക്കുകയല്ല വേണ്ടത്, ’നല്ല’ ഭക്ഷണം നന്നായി കഴിച്ചും അത് കൃത്യമായി ദഹിക്കാൻ ഉൗർജസ്വലമായി വ്യായാമം ചെയ്യുകയാണ് വേണ്ടതും. വ്യായാമം ചെയ്യാൻ സമയമില്ലെന്നു പറയുന്നവരാണ് മലയാളികളേറെയും.ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഭൂമുഖത്തെ 60 ശതമാനത്തിലധികം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. ആഴ്ചയിൽ കുറഞ്ഞത് രണ്ടരമണിക്കൂർ കൃത്യമായി വിവിധ വ്യായാമമുറകളിൽ ഏർപ്പെട്ടാൽ ഹൃദ്രോഗസാധ്യത 30 ശതമാനമായി കുറയ്ക്കാം. ഒരു മധ്യവയസ്കൻ ആഴ്ചയിൽ ഒരുമണിക്കൂറിൽ കുറവേ വ്യായാമം ചെയ്യാനുള്ളൂവെങ്കിൽ, കൂടുതൽ വ്യായാമം കൃത്യമായി ചെയ്യുന്ന അതേ പ്രായത്തിലുള്ള ആളേക്കാൾ ഹൃദ്രോഗാനന്തരമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കേരളത്തിൽ 2008ൽ നടത്തിയ പഠനത്തിൽ (സ്റ്റെപ്സ് സർവേ) 16നും 65നും ഇടയ്ക്കു പ്രായമുള്ളവരിൽ 74.5 ശതമാനം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല.
സാക്ഷരതയിൽ ഒന്നാമൻ പക്ഷേ..
എന്താണ് കേരള പാരഡോക്സ്? സാക്ഷരതയിൽ ഒന്നാമൻ, ആയുർദൈർഘ്യത്തിന്റെ കണക്കെടുത്താൽ ഇന്ത്യൻ ശരാശരിയുടെ മുൻപന്തിയിൽ, ചികിത്സാസംവിധാനങ്ങളുടെ കാര്യത്തിലും ഇതര സംസ്ഥാനങ്ങളെക്കാൾ മെച്ചം. എന്നാൽ ഹൃദയധമനീരോഗങ്ങളിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളുടെ കണക്കെടുത്താൽ കേരളം ഇന്ത്യൻ ശരാശരിയെക്കാൾ ഏറെ മുന്നിൽ. ഇത്രയും സാക്ഷരതയും ബുദ്ധിവൈഭവവുമൊക്കെയുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികൾ എന്നാൽ ആപത്ഘടകങ്ങളുടെ നിയന്ത്രണത്തിൽ ഒരു മുൻകരുതലും എടുക്കുന്നില്ല. ഇവിടത്തെ ചികിത്സാസംവിധാനങ്ങൾ മെച്ചപ്പെട്ടതായതുകൊണ്ടു മാത്രം ആയുസ് നീട്ടിക്കിട്ടുന്നു. ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 25 ശതമാനത്തോളം സംഭവിക്കുന്നതും നേരത്തെ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലാണ്. അതുകൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ച് പ്രാഥമിക പ്രതിരോധ നടപടികൾ ആരംഭിക്കണം. അതിന് അഞ്ചു പ്രധാന കാരണങ്ങളാണുള്ളത്. അനേകരെ കൊന്നൊടുക്കുന്ന സർവസാധാരണവും ഭീതിദവുമായ ഒരു രോഗാതുരതയായി മാറിക്കഴിഞ്ഞു ഹൃദ്രോഗം, സമുചിതമായ ജീവിതഭക്ഷണ ക്രമീകരണങ്ങൾകൊണ്ട് നിയന്ത്രണവിധേയമായമാക്കാവുന്നതാണ് ഈ രോഗാവസ്ഥ, ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘകാലമെടുക്കും, രോഗലക്ഷണങ്ങൾ ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹാർട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്. ധമനികളിൽ ബ്ലോക്കുണ്ടാക്കുന്ന പൊതുവായ ജരിതാവസ്ഥ ഗുരുതരമായാൽ ശാശ്വതമായ പരിഹാരമില്ല. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി തുടങ്ങിയവയെല്ലാം പാച്ചുവർക്കുകൾ മാത്രം. 85 ശതമാനത്തോളം ഹൃദ്രോഗത്തെ പടിപ്പുറത്തു നിർത്താനുള്ള പ്രതിരോധമാർഗങ്ങൾ ഇന്ന് അറിവായിക്കഴിഞ്ഞു. പാരന്പര്യസഹജമായ പ്രവണതകൾ മാത്രമാണ് ഭോദഗതികൾ വരുത്താൻ പറ്റാത്തവ. ഒരു കുടുംബനാഥന് ഹൃദ്രോഗമുണ്ടായാൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഭീമമായ തുക ചെലവഴിക്കേണ്ടിവരും. ഇത് ആ കുടുംബത്തെ സാന്പത്തികമായി തകിടംമറിക്കും. ആൻജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും ഇന്നും 2530 ശതമാനം ആൾക്കാർക്കു മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. 70 ശതമാനത്തോളംപേർക്ക് സാന്പത്തിക കാരണങ്ങളാൽ ഈ ചികിത്സകൾ അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ ചികിത്സിച്ചു മുടിയുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുകതന്നെ.
അഞ്ചുണ്ട് മാർഗങ്ങൾ
80 ശതമാനത്തോളം ഹൃദ്രോഗത്തെ തടയാനുള്ള മാർഗങ്ങൾ അറിവായിരിക്കുന്നു. ഒന്നും ചെയ്യാതെ കണ്ണടച്ചിരുന്നിട്ടു കാര്യമില്ല. ഇതിനായി അഞ്ചു മാർഗനിർദേശങ്ങൾ:
1. മുൻകരുതലുകൾ ചെറുപ്പത്തിലേ തുടങ്ങണം: ഹാർട്ടറ്റാക്കിലേക്കു നയിക്കുന്ന ജരിതാവസ്ഥ ചെറുപ്പത്തിലേ തുടങ്ങുന്നു. വികലമായ ഭക്ഷണശൈലിതന്നെ കാരണം. രണ്ടുവയസ് കഴിഞ്ഞാൽ കുട്ടികളിൽ ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തണം. ഒന്നരമണിക്കൂർ വ്യായാമം കർശനമാക്കണം.
2. ആപത്ഘടകങ്ങളുണ്ടോയെന്ന് അറിയണം. ഉണ്ടെങ്കിൽ ഉടൻ നിയന്ത്രണപദ്ധതികൾ ആവിഷ്കരിക്കണം. പുകവലി, പ്രമേഹം, രക്താതിമർദം, അമിതവണ്ണം, വ്യായാമക്കുറവ്, വർധിച്ച കൊളസ്ട്രോൾ, സ്ട്രെസ്, മദ്യസേവ, വികലമായ ഭക്ഷണശൈലി ഇവകൾ ഉണ്ടോയെന്ന് കണ്ടുപിടിക്കണം. ഉണ്ടെങ്കിൽ ഒട്ടും മടിക്കാതെ ക്രമീകരിക്കണം. എല്ലാവർഷവും എക്സിക്യൂട്ടീവ് ചെക്കപ്പുകൾ നടത്തുക.
3. രോഗലക്ഷണങ്ങൾ അറിയണം: ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞാലേ അവയുണ്ടാകുന്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാൻ പറ്റൂ. ഇതേപ്പറ്റിയുള്ള അറിവില്ലായ്മകൊണ്ട് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണപ്പെട്ടവർ ഏറെയുണ്ട്. മരണഭീതിയുളവാകുന്ന നെഞ്ചുവേദന, ആയാസപ്പെടുന്പോൾ നെഞ്ചിനുള്ളിൽ ഭാരം, ശ്വാസതടസം, അകാരണമായ തളർച്ച, ശേഷിക്കുറവ്, കലശലായ വിയർപ്പ്, ഓക്കാനം, തലകറക്കം തുടങ്ങിയവയെല്ലാം ഓരോ തീവ്രതയിൽ പ്രത്യക്ഷമാകുന്നു. ഇനി പ്രമേഹരോഗികൾക്ക് നെഞ്ചുവേദന അനുഭവപ്പെടാതെയും ഹാർട്ടറ്റാക്കുണ്ടാകുമെന്ന് ഓർക്കുക.
4. പ്രതിരോധത്തിന് മരുന്നുകൾ: ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയാൻ കഴിയുന്ന പല ഒൗഷധങ്ങളും ഇന്ന് സുലഭമാണ്. ആപത്ഘടകങ്ങൾ നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഉതകുന്ന മരുന്നുകൾ ഏതെന്ന് അറിയണം. കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻസ്, രക്തം നേർപ്പിക്കുന്ന ആസ്പിരിൻ, വിറ്റാമിൻ ഡി യുടെ കുറവ് പരിഹരിക്കുന്ന മരുന്ന് ഇങ്ങനെ പല സവിശേഷ ഒൗഷധങ്ങളും വൈദ്യനിർദേശപ്രകാരം കാലേകൂട്ടി എടുക്കണം.
5. ഹൃദ്രോഗസാധ്യത മുൻകൂട്ടി അറിയുക: അതിന് ഇന്ന് വൈദ്യശാസ്ത്രത്തിൽ വഴികളുണ്ട്. സവിശേഷ ഹൃദ്രോഗസൂചകങ്ങൾ (ലൈപ്പോ പ്രോട്ടീൻഎ, എൻ.ടി.പ്രൊ.ബി.എൻ.പി, സി.ആർ.പി, ഹോമോസിസ്റ്റിൻ, ഫൈബ്രിനോജൻ) രക്തത്തിൽ തിട്ടപ്പെടുത്തുകവഴി ഭാവിയിൽ ഉണ്ടാകുന്ന ഹൃദ്രോഗസാധ്യത കണ്ടുപിടിക്കാം. രക്തത്തിൽ ട്രോപോണിന്റെ അളവ് അറിഞ്ഞാൽ ഹൃദ്രോഗ തീവ്രത വിലയിരുത്താം. അതുപോലെ ഹൃദയധമനികളിലെ കാൽസ്യം അളന്ന് ബ്ലോക്കുകളുടെ സങ്കീർണത മനസിലാക്കാം.
കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനം
ഹൃദയധമനീ രോഗങ്ങൾ മൂലം പ്രതിവർഷം 175 ലക്ഷം പേർ ലോകത്ത് മരണമടയുകയാണ്. ഈസംഖ്യ 2030 ആകുന്പോൾ 236 ലക്ഷമായി ഉയരും. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ കൊന്നൊടുക്കുന്ന ഭീകരനായി ഹൃദ്രോഗം മാറുകയാണ്. ഹാർട്ടറ്റാക്കിനെത്തുടർന്ന് ഇന്ത്യയിൽ എല്ലാ ഒരു സെക്കൻഡിലും ഒരാൾ മരണപ്പെടുന്നു. പ്രതിവർഷം രണ്ടുദശലക്ഷത്തിലേറെ ആൾക്കാരാണ് ഹൃദ്രോഗാനന്തരം ഈ രാജ്യത്ത് മൃത്യുവിനിരയാകുന്നത്.
ഇന്ത്യയിൽ ആപത്കരമായി വർധിച്ചുവരുന്ന ഹൃദ്രോഗബാധയുടെ കാരണങ്ങൾ തേടി നടത്തപ്പെട്ട ബൃഹത്തായ ഇന്ത്യൻ ഹാർട്ട് വാച്ച് സ്റ്റഡിയുടെ ഫലങ്ങൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. വികസിതരാജ്യങ്ങളിലുള്ളതിനേക്കാൾ അധികമായി ആപത്ഘടകങ്ങളുടെ അതിപ്രസരം ഇവിടെയുണ്ടെന്നു കണ്ടുപിടിച്ചു. ഒരുലക്ഷം കേരളീയരിൽ 382 പുരുഷന്മാരും 128 സ്ത്രീകളും ഹൃദ്രോഗബാധിതരാണ്.ഈ സംഖ്യ വികസിതരാജ്യങ്ങളെക്കാൾ 36 മടങ്ങ് വലുതാണ്. കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണ്. 196070 ൽ 40 വയസിനു മുന്പ് കേരളത്തിൽ ഹാർട്ടറ്റാക്ക് വളരെ വിരളമായിരുന്നു. എന്നാൽ 1990 ആയപ്പോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന പുരുഷന്മാരുടെ സംഖ്യ 40 മടങ്ങായി വർധിച്ചു. അതിൽ 20 ശതമാനം ഹാർട്ടറ്റാക്കും 50 വയസിനു താഴെയുള്ളവരിൽ സംഭവിക്കുന്നു.
വർധിച്ച ഹൃദ്രോഗ പരിശോധന ചികിത്സാച്ചെലവുകൾ കേരളത്തിന്റെ വാർഷിക വരുമാനത്തിന്റെ 20 ശതമാനത്തിലേറെവരും.ശരാശരി മലയാളിയുടെ ശരീരം ജീവിതശൈലീരോഗങ്ങളുടെ കൂടാരമാണ്. ഭക്ഷണത്തിന്റെ അളവും ക്രമവുമെല്ലാം തെറ്റിയിട്ട് കാലങ്ങളായി. മക്കളെ എത്രയും പെട്ടെന്ന് വലുതാക്കാൻ മാതാപിതാക്കൾ എന്തു ഭക്ഷണവും വാങ്ങിക്കൊടുക്കുന്നു. രോഗം വരട്ടെ, എന്നിട്ട് നോക്കാം എന്ന ധാർഷ്ട്യമാണ് വിദ്യാസന്പന്നരായ മലയാളികൾക്ക് പോലും. ഹൃദയത്തിന് എന്തു സംഭവിച്ചാലും ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും ചെയ്ത് ശരിപ്പെടുത്താം എന്ന തെറ്റായ ധാരണ. ഈ മനോഭാവം മാറിയേ തീരൂ. ഹൃദ്രോഗത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തി പ്രതിരോധിക്കണം.
ഡോ.ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്)