ജോമി കുര്യാക്കോസ്
ആരോഗ്യ ശുചിത്വത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പിന്നോക്കംപോകുന്നു. പകർച്ചവ്യാധികൾ പടരുന്പോഴും ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതലുകൾ ഇപ്പോഴും അപ്രാപ്യമാണ്. ക്ഷയരോഗം പോലുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യങ്ങൾക്ക് അറുതിവരുത്താൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ശുചീകരണ തൊഴിലാളികളെ നിയമിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ അധികാരികളോ മുൻകരുതലുകൾ ഒരുക്കുന്നതിനു പ്രഥമ പരിഗണന നൽകുന്നില്ല. ക്ഷയരോഗം പടർന്നു പിടിക്കുന്നവരിൽ ശുചീകരണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുമുണ്ടെന്നത് നമ്മെ സംബന്ധിച്ചിടത്തോളും ഏറെവേദനാജനകമാണ്.
ശുചീകരണ തൊഴിലാളികളിൽ പകുതിയിലധികം പേരും പുകവലിക്ക് അടിമകളും പോഷഹാകാരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവരുമാണ്. ഇവ രണ്ടും ക്ഷയരോഗം വരാനുള്ള സാധ്യത ഇരട്ടിയാക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ക്ഷയരോഗത്തിൽ 40 ശതമാനവും പുകവലി കാരണമാണെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടണ്ട്.
പുകവലിക്കുന്ന ക്ഷയരോഗികളുടെ ശ്വാസകോശങ്ങൾ തകരാറിലാകുന്നതുകൊണ്ടുതന്നെ ചികിത്സ ഫലവത്താകാതെ പോകുന്നുവെന്ന് ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതുചികിത്സിച്ചു പൂർണമായി മാറിയാൽപോലും ഇവരിൽ രോഗം തിരിച്ചുവരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്.
ശുചീരണ തൊഴിലാളികൾ മറ്റുള്ളവർ പുറന്തള്ളുന്ന മാലിന്യം ശേഖരിക്കുന്നവരും ശുചീകരിക്കുന്നവരുമാണ്. പൊതുസ്ഥലങ്ങളിൽ ക്ഷയരോഗികൾ തുപ്പുന്നതും രോഗികൾക്കിടയിൽ പ്രവർത്തിക്കുന്നവർക്കുമാണു രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ളത്. ഇവർക്ക് ആവശ്യമായ സുരക്ഷിത കവചങ്ങൾ നൽകേണ്ടതുണ്ട്.
ശരീരം മുഴുവൻ മൂടുന്ന വസ്ത്രം, ശക്തിയേറിയ പാദരക്ഷകൾ, കൈകൾ ഗ്ലൗസുകളാൽ ആവരണം ചെയ്യണം. ഇപ്പോൾ ജോലി ചെയ്യുന്ന സ്ത്രീപുരുഷ ഭേദമെന്യെ അവശ്യ ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും സുരക്ഷിതമായ ഉപകരണങ്ങൾ നൽകാൻ സാധിക്കുന്നില്ലെന്ന് കോട്ടയം നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി മുൻചെയർമാൻ അനിൽ കുമാർ പറഞ്ഞു. ബൂട്ട്, കൈയുറ, യൂണിഫോം എന്നിവ നൽകുന്നുണ്ട്. എന്നാൽ ഇവ ധരിക്കുന്നതിൽ തൊഴിലാളികൾ വിമുഖത കാണിക്കുന്നത് ബുദ്ധമുട്ട് സൃഷ്ടിക്കുന്നുണ്ട്.
രക്തത്തോടോ കഫത്തോടോ കൂടിയ തീവ്രമായ ചുമയും നെഞ്ചുവേദനയുമാണ് ക്ഷയരോഗത്തിന്റെ പൊതുലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. പുകവലി ക്ഷയരോഗ ലക്ഷണങ്ങളെ വർധിപ്പിക്കുമെന്നതിൽ സംശയമൊന്നുമില്ലാത്തതിനാൽ രോഗി പുകവലിക്കരുത്.
ക്ഷയരോഗത്തിൽനിന്ന് സംരക്ഷണം നേടുന്നതിനായി വ്യക്തിതലത്തിൽ പുകവലി നിർത്തുന്നതിനുള്ള എല്ലാശ്രമങ്ങളും ഉണ്ടാകണം. നിയന്ത്രിച്ചില്ലെങ്കിൽ ക്ഷയരോഗം വീണ്ടും വെല്ലുവിളി ഉയർത്തുന്നു. മനുഷ്യരാശിയെ ബാധിച്ച രോഗങ്ങളിൽ അതിപുരാതനമായ ഒന്നാണ് ക്ഷയരോഗമെങ്കിലും, ആഗോളതലത്തിൽ ഇന്നും അത് ഒരു പ്രധാന ആരോഗ്യപ്രശ്നമായി നിലനിൽക്കുന്നു.
വർഷങ്ങളായി ലോകവ്യാപകമായി ക്ഷയരോഗബാധയിൽ കുറവു കാണുന്നുണ്ടെങ്കിലും, എച്ച്ഐവി രോഗവും, എംഡിആർ ടിബി അഥവാ ഡ്രഗ് റെസിസ്റ്റന്റ് ടിബി എന്നിവ ക്ഷയരോഗ നിയന്ത്രണത്തിൽ വെല്ലുവിളി ഉയർത്തുന്നു. വികസ്വരരാജ്യങ്ങളിലാണു ക്ഷയരോഗം മൂലമുള്ള മരണം കൂടുതലും സംഭവിക്കുന്നത്.
2012ലെ കണക്കുപ്രകാരം ലോകവ്യാപകമായി ഏകദേശം 8.6 മില്യണ്‍ ജനങ്ങൾ ക്ഷയരോഗത്തിന് അടിമപ്പെടുകയും, ഏകദേശം 1.3 മില്യണ്‍ ആളുകൾ ഈ രോഗംമൂലം മരിക്കുകയും ചെയ്തു. മരിച്ച 3.2 ലക്ഷം പേരിൽ ക്ഷയരോഗത്തോടൊപ്പം എച്ച്ഐവി അണുബാധയും ഉണ്ടായിരുന്നു. കൃത്യമായ ഇടപെടൽമൂലം ക്ഷയരോഗംമൂലമുള്ള മരണം വലിയതോതിൽ നിയന്ത്രിക്കാവുന്നതാണെന്ന് കണ്ടെത്തിയിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടു മാത്രമാണു മരണം സംഭവിക്കുന്നത്.