പ്രളയബാധിത ഇടങ്ങളിലെ വീടും പറന്പുമെല്ലാം വെള്ളം മൂടിയ സ്ഥിതിക്ക് എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള സ്രോതസുകളും ഒരേ നിലവാരത്തിലായിരിക്കും. വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ ദുരിതം ടോയ്ലറ്റിൽ പോകാനാണ്.
എവിടേക്കു ഫ്ലഷ് ചെയ്യും. അങ്ങനെ കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മനുഷ്യ വിസർജ്യം കൊണ്ടു മലിനപൂരിതമായിട്ടുണ്ടാവും. എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം ക്ലീൻ ആയിട്ടുണ്ടാവും! മനുഷ്യ വിസർജ്യ സന്പർക്കം കൊണ്ടുവരാവുന്ന എല്ലാ ജലജന്യ രോഗങ്ങളും ഉടൻ വരാനുള്ള സാധ്യതയേറെയാണ്.
മഞ്ഞപ്പിത്തം
അതിൽ ഹെപ്പറ്റൈറ്റിസ് എ എന്ന ഇനത്തിലുള്ള വൈറസ് ജന്യമായ മഞ്ഞപ്പിത്തമാണു പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലെങ്കിൽ വീണ്ടും രോഗം വരാനിടയുണ്ട്. എല്ലാവരിലേക്കും രോഗം പകരാനും സാധ്യതയേറെയാണ്.
ടൈഫോയിഡ്
സാല്മനെല്ല കുടുംബത്തിൽ പെട്ട ബാക്റ്റീരിയകളാണു രോഗകാരികൾ. രോഗിയുടെ അല്ലെങ്കിൽ രോഗവാഹകരുടെ വിസർജ്യത്തിലൂടെ, വെള്ളത്തിലൂടെ ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം.
വയറിളക്ക രോഗങ്ങൾ
മലിനജലത്തിലൂടെ ഇത് കുട്ടികളിലും വയോജനങ്ങളിലുംപെട്ടെന്ന് ബാധിക്കുന്നു.
എലിപ്പനി
ഓവുചാലുകൾ എലിവർഗ്ഗങ്ങളുടെ കോളനികളാണല്ലോ. ഭൂരിഭാഗവും ചത്തിട്ടുണ്ടാവും; പ്രത്യേകിച്ച് പെരുച്ചാഴികൾ. ആ നാട്ടിലെ എലികൾക്ക് എലിപ്പനിയുണ്ടെങ്കിൽ അവയുടെ വിസർജ്യങ്ങളിലൂടെയും ശവങ്ങളിലൂടെയും ലെപ്റ്റോ സ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന എലിപ്പനി പടരാം.
ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും മലിന ജലത്തിൽ കുളിക്കുന്നതും കുടിക്കുന്നതും അത്തരം വെള്ളത്തിലൂടെ സഞ്ചരിക്കുന്നതും രോഗകാരണമായേക്കാം.
കൊതുകു രോഗങ്ങൾ
പെരുമഴയത്ത് കുഞ്ഞുകൊതുകുകൾ ചത്തുപോകുന്നതിനാൽ അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ടാകും. മഴമാറുന്പോൾ കഥ മാറുന്നു. ചുറ്റും മുട്ടയിടാൻ ഇഷ്ടം പോലെ വെള്ളം. മലിനജലം വേണ്ടവരായ ക്യൂലക്സ് ( മന്ത് പരത്തുന്നവൻ) അനോഫിലസ്( മലേറിയ പരത്തുന്നവൻ) എന്നിവർക്ക് കാലം അനുകൂലം.
ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈഡിസിനാണേൽ (ചിക്കുൻ ഗുനിയ, ഡെങ്കി ഫെയിം) അതിലും സുഖം, അവർ പെറ്റു പെരുകും നമുക്കാണേൽ ആരോഗ്യക്കുറവും. പനി കൊണ്ടു ജീവിക്കാൻ രക്ഷയില്ല എന്ന സ്ഥിതിവരും
എന്തു ചെയ്യും?
നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ചൂടുവെള്ളവും തണുത്തവെള്ളവും മിക്സ് ചെയ്യുന്ന പരിപാടി വേണ്ട. പച്ചവെള്ളത്തിൽ തയാറാക്കുന്ന ജ്യൂസുകൾ വേണ്ടെന്നു വയ്ക്കുക.
പച്ചവെള്ളത്തിലരയ്ക്കുന്ന ചമ്മന്തി പോലും വേണ്ടെന്നു വച്ചേക്കു. സോഡയും, ഫ്രിഡ്ജിൽ വച്ച പച്ചവെള്ളവും, ഐസും… എല്ലാത്തിലും ഒരു ശ്രദ്ധവേണം.
മലിനജലത്തിൽ ഇറങ്ങുന്പോൾ കാലുകളിൽ മുറിവുള്ളവർ ശ്രദ്ധിക്കുക. അയൽ പക്കത്തുള്ള രോഗികൾക്ക് എന്തുരോഗമാണെന്നറിഞ്ഞ്, അവരിൽ നിന്നുരോഗം മറ്റുള്ളവരിലേക്കു പടരാതെ നോക്കാൻ അയൽകൂട്ടങ്ങളും റെസിഡൻസ് അസോസിയേഷനുകളും ജാഗരൂകമായിരിക്കുക.
ഡെങ്കി പ്പനി, മങ്കിപ്പനി, ചിക്കുൻ ഗുനിയ, പക്ഷിപ്പനി, പന്നിപ്പനി, എലിപ്പനി… എന്നിങ്ങനെ വിവിധ പേരിലുള്ള ഒാരോ രോഗത്തെയും പേടിച്ച് വെവ്വേറെ വാക്സിനും പ്രതിരോധമരുന്നുകളും കഴിച്ച് പേടിച്ചു ജീവിക്കുകയല്ല വേണ്ടത്.
ശരീരത്തിന്റെമൊത്തത്തിലുള്ള പ്രതിരോധശേഷി കൂട്ടുക എന്നതാണു ശാശ്വത പരിഹാരം. ഈ സമയം മനുഷ്യന്റെ ആരോഗ്യം കുറവാണെന്നും രോഗാണുക്കൾക്കും രോഗവാഹകർക്കും അനുകൂലമാണെന്നുമുള്ള യാഥാർഥ്യം തിരിച്ചറിഞ്ഞ് ജീവിക്കുക.
വിവരങ്ങൾ: ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ – 9447689239
[email protected]