ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്പോൾ പല്ലുകളിൽ അനുഭവപ്പെടുന്ന വേദന അഥവാ പുളിപ്പാണ് പല്ലുപുളിപ്പ് എന്നു പറയുന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ദന്തരോമാണിത്. ഒരേസമയംതന്നെ ഒന്നിലധികമോ ചിലപ്പോൾ മുഴുവൻ പല്ലുകളെയോ ഈ രോഗം ബാധിക്കുന്നതാണ്. പല കാരണങ്ങൾകൊണ്ട് പല്ലുപുളിപ്പ് അനുഭവപ്പെടാം.
കാരണങ്ങൾ
പ്രധാനമായും രണ്ടു കാരണങ്ങൾകൊണ്ടാണ് പല്ലുപുളിപ്പ് അനുഭവപ്പെടുന്നത്. ഒന്നുകിൽ പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതുകൊണ്ട് അല്ലെങ്കിൽ മോണചുരുക്കംകൊണ്ട്. ഈ രണ്ടു സാഹചര്യങ്ങളിലും പല്ലിന്റെ രണ്ടാമത്തെ പാളിയായ ഡെന്റിൻ എക്സ്പോസ്ഡ് ആകുന്നു. പല്ലിന്റെ ഏറ്റവും സെൻസിറ്റീവായ പാളിയാണ് ഡെന്റിൻ. അതിനു കാരണം അവയിലുള്ള ആയിരക്കണക്കിനു ട്യൂബ്യൂളുകൾ ആണ്.
ഈ ട്യൂബ്യൂളുകൾ പല്ലിന്റെ ഏറ്റവും അകത്തെ പാളിയിലുള്ള ഞരന്പുകളിലാണ് ചെന്നുചേരുന്നത്. ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്പോൾ ട്യൂബ്യൂളുകൾവഴി ഈ ചൂടും തണുപ്പും പല്ലിന്റെ ഉള്ളിലെ ഞരന്പുകളിൽ എത്തുകയും രോഗിക്ക് പുളിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
പല കാരണങ്ങൾകൊണ്ട് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാം.
തെറ്റായ ടൂത്ത് ബ്രഷിംഗ് – ഹാർഡ് ബ്രസിൽ ഉള്ള ടൂത്ത്ബ്രഷ് ഉപയോഗിച്ച് കൂടുതൽ പല്ല് തേക്കുന്നത്. തെറ്റായ രീതിയിൽ പല്ല് തേക്കുന്നത്, ആവശ്യത്തിലധികം ശക്തി ഉപയോഗിച്ചു പല്ല് തേക്കുന്നത്. ഇത്തരം ബ്രഷിംഗ് രീതികൊണ്ട് പല്ലിന്റെ പുറാവരണമായ ഇനാമലിന് തേയ്മാനം സംഭവിക്കുകയും ഉള്ളിലുള്ള ഡെന്റിൻ എക്സ്പോസാവുകയും ചെയ്യുന്നു.
പല്ല് വെളുപ്പിക്കുന്ന ടൂത്ത്പേസ്റ്റ് – പല ടൂത്ത്പേസ്റ്റുകളും പല്ല് വെളുപ്പിക്കാനായി ചേർക്കുന്ന ചില പദാർഥങ്ങൾ പുളിപ്പിനു കാരണമാകുന്നു. അമ്ലത്വമുള്ള ഭക്ഷണപാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സിലുള്ള ആസിഡുകൾ, ലെമണ്, മുന്തിരി ജ്യൂസുകൾ ഇവയെല്ലാം പല്ല് പുളിപ്പ് ഉണ്ടാക്കുന്നവയാണ്.
മൗത്ത് വാഷ് – മൗത്ത് വാഷുകളിൽ ആൽക്കഹോൾ, കെമിക്കൽസ് എന്നിവ അടയങ്ങിയിരിക്കുന്നതിനാൽ ഇവയുടെ തുടർച്ചയായ ഉപയോഗം പല്ലുപുളിപ്പ് ഉണ്ടാക്കുന്നു.
പല്ല് കടിക്കുന്ന സ്വഭാവം
പല്ല് കടിക്കുന്ന സ്വഭാവം ഇനാമലിന്റെ തേയ്മാനത്തിനു കാരണമാകും. കാലക്രമേണ ഡെന്റിൻ എക്സ്പോസ് ആവുകയും പുളിപ്പ് ഉണ്ടാകുകയും ചെയ്യുന്നു. അടച്ച പല്ലുകളുടെ ഫില്ലിംഗിന്റെ ചുറ്റിനും ഉണ്ടാകുന്ന കേട് നാളുകൾ കഴിയുന്തോറും ഫില്ലിംഗിനു ബലക്ഷയം വരാനും പൊട്ടലുണ്ടാക്കാനും ഇടയുണ്ട്. ആ വിള്ളലുകളിലൂടെ ബാക്ടീരിയ കടന്നുകൂടി ആസിഡ് രൂപപ്പെട്ട് ഇനാമലിന് കേടുവരികയും ഒപ്പം സെൻസിറ്റിവിറ്റി ഉണ്ടായെന്നും വരാം.
രോഗലക്ഷണങ്ങൾ
തീക്ഷ്ണവും അപ്രതീക്ഷിതവുമായ വേദനയാണ് പ്രധാന ലക്ഷണം. അതിനു പ്രേരകമാകുന്ന പ്രധാന കാരണം തണുപ്പാണ്. ഹൈപ്പർ സെൻസിറ്റിവിറ്റിയുമായി എത്തുന്നവരിൽ കൂടുതൽ ആളുകളിലും തണുപ്പാണ് പ്രധാന ശത്രു. ചൂടുള്ളതും തണുപ്പുള്ളതുമായ ഭക്ഷണപാനീയങ്ങൾ, മധുരം, അമ്ലം നിറഞ്ഞ ഭക്ഷണപാനീയങ്ങൾ, തണുത്ത വായു, ഡെന്റൽ എക്സാമിനേഷൻ ചെയ്യുന്പോൾ
ഉദാ: ഡെന്റൽ പ്രോബ് പോലുള്ള ഇൻസ്ട്രുമെന്റ്സ് പല്ലിൽ തട്ടുന്പോൾ, ടൂത്ത് ബ്രഷിംഗ് എന്നിവയെല്ലാം സെൻസിറ്റിവിറ്റിക്ക് കാരണമാകും.
ചികിത്സ
* ലഭ്യമായ ഡിസെൻസിറ്റൈസിംഗ് ടൂത്ത്പേസ്റ്റ് കൊണ്ട് പല്ല് തേക്കുക എന്നതാണ് പ്രാഥമിക ചികിത്സ. അവയിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പദാർഥങ്ങൾ ഡെന്റിനിൽ ട്യൂബിൾസിനെ അടയ്ക്കുന്നു. അങ്ങനെ സെൻസിറ്റിവിറ്റി കുറയ്ക്കുന്നു.
* വിരൽതുന്പിലോ ഒരു പഞ്ഞിക്കഷണത്തിലോ അല്പം ടൂത്ത്പേസ്റ്റ് എടുത്ത് പുളിപ്പ് അനുഭവപ്പെടുന്ന ഭാഗത്ത് വയ്ക്കുക.
* ഫ്ളൂറൈഡ് മൗത്ത് റിൻസിന് ഒരുപരിധിവരെ സെൻസിറ്റിവിറ്റി കുറയ്ക്കാൻ സാധിക്കും. പ്രത്യേകിച്ച് ടീത്ത് സെൻസിറ്റിവിറ്റിയുള്ള ചില ആളുകൾക്ക് കൂറേക്കൂടി ശക്തികൂടിയ ഫ്ളൂറൈഡ് റിൻസ് അല്ലെങ്കിൽ ജെൽ വേണ്ടിവരും.
* പല്ലിന്റെ ഇനാമൽ നഷ്ടമാകുംവിധം ആവശ്യത്തിലധികം ബലം ചെലുത്തുന്നത് അല്ലെങ്കിൽ ഹാർഡ് ബ്രഷ് ഉപയോഗിക്കുന്നതുമാണ് ടൂത്ത് സെൻസിറ്റിവിറ്റിക്കു കാരണം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇനാമലിന്റെ തേയ്മാനം ഉണ്ടാവില്ലെന്നതു തന്നെ പറയാം.
* കൂടുതൽ സമയം ബ്രഷ് ചെയ്യുകയെന്നതല്ല ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക എന്നതാണ് പ്രധാനം. പല്ലിന്റെ ഇനാമൽ നശിപ്പിക്കാൻ ഇടയാക്കുന്ന നാരങ്ങ വർഗത്തിൽപ്പെട്ട ഫ്രൂട്ട്സ്, വൈൻ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. കുടിച്ചശേഷം കുറച്ചു വെള്ളം ഉപയോഗിച്ച് വായിലെ അമ്ലാംശത്തിന്റെ ലെവലിൽ ഒരു ബാലൻസ് വരുത്താൻ ശ്രമിക്കുക.
* മോണചുരുങ്ങലിന്റെ കാരണംകൊണ്ട് ഉണ്ടാകുന്ന സെൻസിറ്റിവിറ്റി ഡെന്റിസ്റ്റിന്റെ സഹായത്തോടെ ചികിത്സിക്കണം. സെൻസിറ്റിവിറ്റി കുറയ്ക്കാൻ ഒരു സീലന്റ് ഉപയോഗിച്ചെന്നുവരാം. ഗം ഗ്രാഫ്റ്റ് എന്ന നൂതന ചികിത്സാരീതിയും ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്.
ഈ ചികിത്സാരീതിയിൽ വായുടെ ഉള്ളിൽനിന്ന് അല്പം ദശ എടുത്ത് എക്സ്പോസ് ആയ വേര് മൂടുക എന്നതാണു ചെയ്യുന്നത്. ട്രോമ ഫ്രം ഒക്കൾഷൻ എന്ന പ്രശ്നമുള്ളവരിൽ സെൻസിറ്റിവിറ്റി അനുഭവപ്പെട്ടെന്നുവരാം. പല്ലുകളെ പിന്തുണയ്ക്കുന്ന പെരിയോഡോണ്ഡൽ
ലിഗ്മെന്റിനു വരുന്ന ക്ഷതമാണ് ട്രോമ ഫ്രം ഒക്കൾഷൻ. അത്തരം ആളുകളിൽ ആ രോഗത്തിനു ചികിത്സിക്കേണ്ടതുണ്ട്. പല്ലുകൾ തമ്മിലുള്ള കടി നേരേയാക്കുക, സപ്ലിൻഡ് ഉപയോഗിക്കുക തുടങ്ങിയവയാണ് ചികിത്സ.അമിതബലം ഉപയോഗിച്ചുള്ള ബ്രഷിംഗ് അല്ലെങ്കിൽ തെറ്റായ രീതിയിലുള്ള ടൂത്ത്ബ്രഷിംഗ് കാരണം ഉണ്ടാകുന്ന സെൻസിറ്റിവിറ്റി സോഫ്റ്റ് ബ്രഷ് ഉപയോഗിച്ചും ശരിയായ രീതിയിലുള്ള ടൂത്ത് ബ്രഷിംഗ് നടത്തിയും മാറ്റാവുന്നതാണ്.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)
ഫോണ് 9447219903
[email protected]
www.dentalmulamoottil.com