രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതുസാരമില്ല രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം.
ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പന്പ് ചെയ്യുന്പോൾ രക്തക്കുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണു രക്തസമ്മർദം.
ഹൃദയം ചുരുങ്ങുന്പോൾ രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ് മെർക്കുറിയും ഹൃദയം വികസിക്കുന്പോൾ 80 മില്ലീമീറ്റർ ഓഫ് മെർക്കുറിയും കാണുന്നു. സ്ഫിഗ്മോ മാനോമീറ്റർ എന്നാണു രക്ത സമ്മർദം അളക്കുന്ന ഉപകരണത്തിനു പറയുന്ന പേര്.
രക്തസമ്മർദം 90/60 ലും താഴെ വരുന്പോഴാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലങ്കിൽ അതിനെ കാര്യമാക്കണ്ട എന്നാണ്.
രോഗലക്ഷണങ്ങൾ
തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ എന്നിവയാകാം ലക്ഷണങ്ങൾ. നില്ക്കുന്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുനേല്ക്കുന്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണു പ്രശ്നത്തിനെല്ലാം കാരണം. കിടന്നാൽ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂർവ്വാവസ്ഥയിൽ എത്തുകയും ചെയ്യും.
തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതിനാലാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നു പറഞ്ഞല്ലോ. അതിനുകാരണങ്ങൾ പലതാവാം. രക്തത്തിന്റെ അളവു കുറഞ്ഞതാകാം, ശരീരത്തിൽ നിന്നു രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങൾ ഉണ്ടായാലും ഇങ്ങനെ വരാം. പല വൈറസ് രോഗങ്ങളുടെയും കോംപ്ളിക്കേഷനായി പ്രഷർ കുറഞ്ഞ് അപകടം വരാറുണ്ടല്ലോ.
വെള്ളം കുടിക്കുന്നത് വളരെ കുറഞ്ഞാലും ശരീരത്തിൽ നിന്നു ജലാംശം കൂടുതൽ നഷ്ടപ്പെട്ടാലും പ്രഷർ കുറയാം.
ചില തരം അലർജികൾ, ചില മരുന്നുകൾ, ഹൃദയതകരാറുകൾ കൊണ്ട് പന്പ് ചെയ്യാനുള്ള ശേഷികുറയുന്നതും ഇതിനു കാരണമാകാം. പ്രഷർ കുറഞ്ഞാൽ തലയിലേക്കു മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും വൃക്കയുടെയുമൊക്കെ തകരാറുകൾക്കും കാരണമാകാം.ഷോക്ക് എന്ന ഗുരുതരാവസ്ഥയും പ്രതീക്ഷിക്കാം.
ഭക്ഷണ ശേഷം ചിലരിൽ തലകറക്കം കൂടാം.ശരീരത്തിലെ രക്തത്തിന്റെ വലിയൊരു ഭാഗം കുടലിലേക്ക് ഒഴുകുന്നതു കൊണ്ടാണിത്. പ്രമേഹ രോഗികളിലും പാർക്കിൻസൺ രോഗമുള്ളവരിലും ഇങ്ങനെ കാണാറുണ്ട്.
ചിലർക്ക് ബാത് റൂമിൽ വച്ച് പ്രഷർ കുറഞ്ഞ് തലകറക്കം വരാം. അമിത മർദം ചെലുത്തി മലമൂത്ര വിസർജനം ചെയ്യുന്പോൾ വാഗസ് നെർവ് ഉത്തേജിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം. സമാനാവസ്ഥ ചുമയ്ക്കുന്പോഴും ഭക്ഷണം വിഴുങ്ങുന്പോളും വരാം. ബാത് റൂമിൽ നിന്ന് എഴുന്നേല്ക്കുന്പോഴും തലയിലേക്കു രക്തയോട്ടം കുറഞ്ഞ് വീഴാനുള്ള സാധ്യത യുണ്ട്.
പരിഹാരം
* ഉപ്പ് കൂടുതലുപയോഗിക്കുക എന്നത് ഒരു താല്കാലിക പരിഹാരമാണ്.
* ധാരാളം വെള്ളം കുടിക്കുക.
* മദ്യം ഒഴിവാക്കുക, മദ്യം ശരീരത്തിൽ നിന്നു
പുറത്തുകളയാൻ ധാരാളം വെള്ളം വേണ്ടിവരുന്നു
* പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
* മുറുക്കമുള്ള സ്റ്റോക്കിംഗ്സ്് ധരിക്കുക. അപ്പോൾ കാലിലേക്കുള്ള രക്ത ഓട്ടം കുറയുകയും അതു തലയിലേക്കു കിട്ടുകയും ചെയ്യാം.
* ഹോമിയോപ്പതി മരുന്നുകൾ കഴിക്കാം. അവ പ്രഷർ കൂട്ടുകയല്ല ചെയ്യുക പ്രഷർ നോർമലാക്കുകയാണു ചെയ്യുക. പ്രഷർ നിയന്ത്രണ സംവിധാനത്തിനു വന്ന തകരാറു പരിഹരിച്ചാൽ മതി ശരീരം ബാക്കി കാര്യം തനിയെ ചെയ്തോളും. ആവശ്യം വരുന്പോൾ ശരീരം പ്രഷർ കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്തോളും. മരുന്നിന്റെയും ഡോക്ടറിന്റെയുമൊന്നും ഇടപെടലുകളിൽ തുടരേണ്ടതല്ല ജീവിതം.
ആരോഗ്യത്തിന്റെ ഒരു നിർവചനം തന്നെ ‘ അവനവന്റെ ശരീരത്തെ കുറിച്ചും മനസ്സിനെ കുറിച്ചു മാത്രം ചിന്തിച്ചിരിക്കുന്ന അവസ്ഥയിൽ നിന്നുള്ളമോചനം’’ എന്നാണ്.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ , മൊബൈൽ 9447689239 :
[email protected]