ഗാന്ധിനഗര്‍: പ്രസവശേഷം ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെയാണു കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നത്.
32 ആഴ്ച മാത്രം പ്രായമായ കുട്ടിക്ക് 1.300 ഗ്രാം തുക്കം മാത്രമേയുള്ളുവെന്നും ഐസിഎച്ച് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.
ചെങ്ങന്നൂര്‍ കോട്ട സ്വദേശിനിയാണു വീട്ടില്‍വച്ചു പ്രസവിച്ചശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഇട്ടത്.
അതിനുശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചേശേഷം യുവതി ഡോക്ടര്‍മാരോടു പറഞ്ഞതു പ്രസവശേഷം കുഞ്ഞു മരണപ്പെട്ടന്നതിനെത്തുടര്ന്ന് കുഴിച്ചിട്ടെന്നായിരുന്നു.
കൂടെയുണ്ടായിരുന്ന മൂത്തമകന് പറഞ്ഞത് ശുചിമുറിയിലെ ബക്കറ്റില്‍ ഉണ്ടെന്നായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതരെയും വിവരം അറിയിച്ചു.
പോലീസില്‍ വിവരം ലഭിച്ച ഉടന്‍ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലേക്കു പായുകയായിരുന്നു.
വീട്ടിലെ പരിശോധനയ്ക്കിടെ കുളിമുറിയില്‍നിന്നു നവജാത ശിശുവിന്റെ കരച്ചില് കേട്ടു. ഒരുനിമിഷം പോലും പാഴാക്കാതെ എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി അമിതവേഗത്തില്‍ പോലീസ് ജീപ്പ് ലക്ഷ്യമാക്കി ഓടുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ബന്ധപ്പെട്ട മറ്റ് അധികൃതരുമായി കൂടിയാലോചിച്ച് നടപടിക്രമം പൂര്ത്തികരിച്ചേശേഷം നവജാത ശിശുവിനെ പോലീസ് കോട്ടയം കൂട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ജീവന് തിരിച്ചുപിടിക്കുവാന്‍ ആശുപതി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.